അല്‍ബിര്‍റ് സ്‌കൂള്‍ പഠനം: സമീപനവും ഘടനയും
The goal of early childhood education should be to activate the child's own desire to learn -Maria Montessori
കാലം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നാമെല്ലാം പിന്നിട്ട ബാല്യമല്ല ഇന്നത്തെ കുഞ്ഞുങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആയതുകൊണ്ടുതന്നെ ശിശുക്കളോടുള്ള നമ്മുടെ സമീപനവും മാറ്റത്തിന് വിധേയമാകേണ്ടതുണ്ട്. പ്രീ സ്‌കൂള്‍ സമ്പ്രദായത്തിന്റെ ലക്ഷ്യം പഠിപ്പിക്കുക എന്നതിലുപരി സ്വയം പഠിക്കാനുള്ള അഭിരുചി വളരെ നേരത്തെത്തന്നെ ഇളംമനസില്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. അനൗപചാരികമായ ഒരു പരിസരമൊരുക്കി കളികളിലൂടെയും സ്‌നേഹപൂര്‍ണമായ ഇടപെടലുകളിലൂടെയും സ്വയം പഠിക്കാന്‍ പഠിക്കുക എന്നതാണ്. ഈ ഒരു ഭൂമികയില്‍ നിന്ന് കൊണ്ടാണ് അല്‍ബിര്‍റ് പ്രീസ്‌കൂള്‍ സിസ്റ്റം അതിന്റെ പ്രവര്‍ത്തന പാന്ഥാവ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പഠിക്കുന്നു എന്ന ബോധം ഉളവാക്കാതെ ആധുനിക പഠനബോധന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശിശുവിലെ വിചാരവികാരങ്ങളെ ഇസ്‌ലാമിക സംസ്‌കൃതിയില്‍ വാര്‍ത്തെടുക്കുക എന്നതാണ് അല്‍ബിര്‍റ് ലക്ഷ്യമാക്കുന്നത്. ബോധനപ്രക്രിയകള്‍ ആഹ്ലാദകരവും സുഗമവുമാക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ക്കൊപ്പം മന:ശാസ്ത്രപരമായ സമീപന രീതിയും അവലംബിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ഈ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മൂന്നര മുതല്‍ അഞ്ചര വയസുവരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യംവച്ച് അല്‍ ബിര്‍റ് സമീപനരേഖ തയ്യാറാക്കിയത്. പഠിതാവ് ആണ് നാം രൂപകല്‍പന ചെയ്തിട്ടുള്ള സംവിധാനത്തിന്റെ കേന്ദ്രബിന്ദു.
വളരുന്ന പ്രായത്തില്‍ വാത്സല്യം, സുരക്ഷാബോധം, അംഗീകാരം, സ്വാതന്ത്ര്യം, വിജയം തുടങ്ങിയവയ്ക്കുള്ള ത്വര ശിശുമനസില്‍ അന്തര്‍ലീനമത്രേ. അവയുടെ ശരിയാംവിധത്തിലുള്ള സാക്ഷാത്കാരത്തിലൂടെയാണ് ആരോഗ്യപൂര്‍ണമായ മനസ് രൂപപ്പെട്ടുവരുന്നത്. ശിശുസൗഹൃദ സമീപനത്തിലൂടെ അവയെല്ലാം ആവശ്യമായ അളവില്‍ ലഭ്യമാക്കുന്നതിനുള്ള ആസൂത്രണങ്ങളും പഠനതന്ത്രങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും മൈക്രോ ടീച്ചിങ്, ടീം ടീച്ചിങ് എന്നിത്യാദി സാധ്യതകള്‍ ഉള്‍ക്കൊണ്ടും മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പഠനപ്രവര്‍ത്തനങ്ങളാണ് നാം ലക്ഷ്യമിടുന്നത്.
ശിശുക്കളുടെ സര്‍വതോന്മുഖമായ വികാസം സാധ്യമാക്കാന്‍ പര്യാപ്തമായ വിധത്തിലാണ് ബോധന രീതിയും പാഠപുസ്തകങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശിശു മന:ശാസ്ത്രം, ശൈശവകേന്ദ്രീകൃത ബോധനം തുടങ്ങിയ ശാഖകളില്‍ മികച്ച പരിശീലനം സിദ്ധിച്ച അധ്യാപകരിലൂടെ പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കി മാറ്റുകയും ചെയ്യുന്നു. അതോടൊപ്പം ഇന്ത്യന്‍ സാഹചര്യങ്ങളോട് പൂരകമായി വര്‍ത്തിക്കുന്നതും മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതവുമായ പഠനസംസ്‌കാരമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യപ്പെടുന്നതും.
പശ്ചാത്തല സൗകര്യങ്ങള്‍
ഈ പാഠ്യപദ്ധതി പ്രയോഗത്തില്‍ വരുത്താന്‍ ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ക്ലാസ്മുറികള്‍ അത്യന്താപേക്ഷിതമാണ്. ഒരു ബാച്ചിന് ടൈല്‍സ് പാകിയ രണ്ട് ക്ലാസ് മുറികളും വിശ്രമിക്കുന്നതിന്നും കളിക്കുന്നതിന്നുമുള്ള മുറിയും ഉള്‍പ്പെടെ മൂന്ന് മുറികള്‍ ഉറപ്പുവരുത്തുന്നു. ശിശുസൗഹൃദ ടോയ്‌ലറ്റുകള്‍, വാഷ് ബേസിന്‍ എന്നിവയും നിര്‍ബന്ധമാക്കിയിരിക്കുന്നു.
ശാന്തവും ആകര്‍ഷകവും സുരക്ഷിതവുമായ ക്ലാസ് മുറികള്‍ കല്‍ഭിത്തി ഉപയോഗിച്ച് വേര്‍തിരിച്ചതും വെളിച്ചവും വായുവും വേണ്ടുവോളം ലഭിക്കുന്ന വിധത്തിലുള്ളതുമാണ്. പ്രകൃതി ദൃശ്യങ്ങള്‍, വിവിധ ഭാഷകളിലുള്ള അക്ഷരങ്ങള്‍, അക്കങ്ങള്‍ എന്നിവയും നിശ്ചിത ചിത്രങ്ങളും ഉപയോഗിച്ച് ക്ലാസ്‌റൂമും പ്ലേറൂമും അലങ്കരിക്കുന്നു. പ്രൊജക്ടര്‍, ടെലിവിഷന്‍, വൈറ്റ് ബോര്‍ഡ്, ഗ്രീന്‍ ബോര്‍ഡ്, പിന്‍ ബോര്‍ഡ് തുടങ്ങിയവയിലൂടെ, ക്ലാസ് മുറികള്‍ തികച്ചും ശിശു സൗഹൃദാന്തരീക്ഷത്തില്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നു.
പ്രവേശനം
മൂന്നര വയസ് കഴിഞ്ഞ കുട്ടികളെയാണ് ശിശുവിദ്യാലയത്തില്‍ പ്രവേശിപ്പിക്കുന്നത്. പ്രവേശനത്തിന് നിശ്ചിത അപേക്ഷാ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഒരു ബാച്ചില്‍ 20 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. പരമാവധി 24 കുട്ടികള്‍ക്ക് പ്രവേശനമാകാം. ഓരോ വര്‍ഷവും ഫെബ്രുവരി 1 മുതല്‍ പ്രവേശനം ആരംഭിക്കുന്നു.
അധ്യാപികമാര്‍
അല്‍ബിര്‍റിന്റെ പരിശീലനം നേടിയ അധ്യാപികമാരെ മാത്രം നിയമിച്ച് മികച്ച സേവനം ഉറപ്പുവരുത്തുന്നു. അറബിക് കൈകാര്യം ചെയ്യുന്ന അധ്യാപികയ്ക്ക് ബി.എ അറബിക്കോ അഫ്‌സലുല്‍ ഉലമയോ, വഫിയ്യ, സഹ്‌റവിയ്യ തുടങ്ങിയ കോഴ്‌സുകളോ മിനിമം യോഗ്യതയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരധ്യാപികയും ജനറല്‍ വിഷയത്തിന് മറ്റൊരു അധ്യാപികയും ഉണ്ടായിരിക്കണം. പ്ലസ്ടു, ടി.ടി.സി, പി.പി.ടി.സി, എന്‍.ടി.ടി.സി യോഗ്യത നേടിയവരേയും പരിഗണിച്ചുവരുന്നു. അല്‍ബിര്‍റിന്റെ പരിശീലനം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയവരാണ് സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്നത്.
ശിശുക്കളെ ഇസ്‌ലാമിക അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കുന്നതിനും നിത്യജീവിതത്തിലെ അനുഷ്ഠാനങ്ങള്‍ പരിശീലിപ്പിക്കുന്നതിനും ആരോഗ്യശുചിത്വാദി ബോധങ്ങളിലൂടെ പരിപോഷിപ്പിക്കുന്നതിനും പ്രത്യേക പരിശീലനം അധ്യാപികമാരെ പ്രാപ്തരാക്കുന്നു. കൂടാതെ
മന:ശാസ്ത്ര ബോധനം, വ്യക്തിത്വ വികാസം, ചൈല്‍ഡ് കെയറിങ്, ക്ലാസ് റും മാനേജ്‌മെന്റ്, ഐ.ടി എന്നിവയ്ക്ക് പുറമെ ഭാഷാധ്യാപന രീതി, ഇസ്‌ലാമിക് ടീച്ചിങ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയ ശാഖകളും പരിശീലന പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അപേക്ഷാര്‍ഥികളെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് അനുസരിച്ച് മാത്രമാണ് പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നത്.
ഫെസ്റ്റുകള്‍ ടെസ്റ്റുകള്‍
അല്‍ബിര്‍റിനെ സവിശേഷമാക്കുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. നിശ്ചിത ഇനങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ മാന്വല്‍ പ്രകാരം ഡിസംബര്‍ മാസത്തിലെ ഏതെങ്കിലുമൊരു ദിവസം അല്‍ബിര്‍റ് കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചുവരുന്നു. ജനുവരി മാസത്തില്‍ മേഖലാ തലത്തില്‍ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ ഉള്‍പ്പെടുത്തി അല്‍ബിര്‍റ് കിഡ്‌സ് ഫെസ്റ്റ് നടത്തിവരികയും പ്രതിഭകള്‍ക്ക് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുവരുന്നു.
ഡിസംബര്‍ മാസത്തില്‍ ഒരു ദിവസം കുട്ടികള്‍ക്ക് കായിക മത്സരങ്ങള്‍ സ്‌കൂളുകളില്‍ നടത്തിവരുന്നു. എല്ലാ അധ്യയന വര്‍ഷവും ജനുവരി മാസത്തില്‍ ടാലന്റ് ടെസ്റ്റ് കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപികമാര്‍ എന്നിവര്‍ക്ക് നടത്തിവരുന്നു.
രക്ഷാകര്‍തൃ സമിതി
മാസത്തിലൊരിക്കല്‍ (അല്‍ബിര്‍റ് ഫാമിലി മീറ്റ്) രക്ഷകര്‍തൃസംഗമം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സ്വഭാവരൂപീകരണത്തിലെ വ്യതിയാനങ്ങള്‍ അധ്യാപികമാരുമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു.
ഭരണ നിര്‍വഹണവും
അംഗീകാരവും
ഗവേണിങ് ബോഡിയുടെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് കോഴിക്കോട് പുതിയങ്ങാടി, വരക്കല്‍ കേന്ദ്രമായി ആസ്ഥാനം സ്ഥാപിച്ചിട്ടുണ്ട്. ഭരണനിര്‍വഹണം, അധ്യാപക പരിശീലനം, പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും, മോണിറ്ററിങ്, ഉപകരണങ്ങളുടെ വിതരണം, യൂനിഫോം വിതരണം എന്നിവ ബോര്‍ഡ് നേരിട്ട് നിര്‍വഹിക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍, ട്രെയിനിങ് എന്നിവയുടെ ചുമതലകളും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നിര്‍വഹിച്ചുവരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, അക്കാദമിക സംവിധാനങ്ങള്‍ എന്നിവ വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിശോധനാ സമിതി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മികച്ച സ്ഥാപനങ്ങള്‍ക്ക് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അവാര്‍ഡ് നല്‍കി വരികയും ചെയ്യുന്നു.
അല്‍ബിര്‍റ് പ്രൈമറി
നിയമാനുസൃതമായ അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കാണ് അല്‍ബിര്‍റിന്റെ പ്രൈമറി ബാച്ചുകള്‍ അനുവദിക്കുന്നത്. ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള കരിക്കുലം രൂപീകരിക്കുകയും അഞ്ചാം തരം വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രൈമറി ക്ലാസുകളില്‍ അറബി ഭാഷ നൈപുണി, ലഘു കുറിപ്പുകള്‍ തയ്യാറാക്കല്‍, അനുയോജ്യമായ പദപ്രയോഗം സാധ്യമാക്കല്‍, ക്രിയാത്മകതയും സര്‍ഗാത്മകതയും സൗന്ദര്യാസ്വാദന ശേഷിയും വളര്‍ത്തല്‍ തുടങ്ങിയവയും ലക്ഷ്യമിടുന്നു. സാമൂഹിക ബോധം, മത സൗഹാര്‍ദം, സമഭാവന തുടങ്ങിയ മൂല്യങ്ങള്‍ സ്വായത്തമാക്കാനും തലമുറകള്‍ നെഞ്ചിലേറ്റിയ സംസ്‌കൃതികള്‍ പരിചയപ്പെടാനും അവസരമൊരുക്കുന്നു.
അല്‍ബിര്‍റ് ടി.ടി.ഐ
അല്‍ബിര്‍റ് സ്‌കൂളുകളിലേക്കു പ്രത്യേകം പരിശീലനം നല്‍കി അധ്യാപികമാരെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു പ്രഫഷണല്‍ കോഴ്‌സാണ് അല്‍ബിര്‍റ് ടി.ടി.ഐ. ഇസ്‌ലാമിക സംസ്‌കാരവും മൂല്യങ്ങളും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം പുതുതലമുറക്ക് അഭ്യസിപ്പിക്കാനുള്ള പരിശീലനം അധ്യാപികമാര്‍ക്കു നല്‍കുകയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം. വിജ്ഞാനം, ധാര്‍മികത, സാമൂഹിക സമ്പര്‍ക്കം, ബോധനരീതി ശാസ്ത്രം തുടങ്ങിയ മേഖലകളാണ് ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറിവിനോടൊപ്പം പ്രായോഗിക പരിജ്ഞാനത്തിനു കൂടി ഊന്നല്‍ നല്‍കി വിവിധ പഠന ശാഖകളെ സമന്വയിപ്പിച്ചാണ് ഈ കോഴ്‌സിന്റെ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."