അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറയണം; ഇ.പി ജയരാജന് വക്കീല്‍ നോട്ടീസയച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: അപകീര്‍ത്തി പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് വക്കീല്‍ നോട്ടീസയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം പരാമര്‍ശം പിന്‍വലിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
വി.ഡി സതീശന്റേത് വൃത്തിക്കെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണെന്നും കഴിഞ്ഞ ദിവസം ഇപി ജയരാജന്‍ ആരോപിച്ചിരുന്നു. തന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് വിഡി സതീശനണെന്നും പുനര്‍ജനി പദ്ധതിക്കായി പിരിച്ച പണം കൊണ്ട് വീടുകള്‍ നിര്‍മിച്ചില്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
'തന്റെ ഭാര്യ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്ര ശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ വി.ഡി സതീശനാണ്. സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ സതീശന്‍ വ്യാജ വാര്‍ത്ത ചമച്ചു. തൃക്കാക്കരയിലെ സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയതിന് പിന്നീല്‍ സതീശനാണ്. പറവൂര്‍ മണ്ഡലത്തില്‍ നല്‍കിയ വീടുകളില്‍ പലതും സ്‌പോണ്‍സര്‍മാരുടെ സംഭാവനയാണ്. പുനര്‍ജനി പദ്ധതിക്കായി പിരിച്ച പണം കൊണ്ട് വീടുകള്‍ നിര്‍മിച്ചില്ല' തുടങ്ങിയ ആരോപണങ്ങളും ഇ.പി ജയരാജന്‍ ഉന്നയിച്ചിരുന്നു.
ജയരാജന്റെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും, അവ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു. ഹൈക്കോടതി അഭിഭാഷകനായ അനൂപ് വി. നായര്‍ മുഖേനയാണ് സതീശന്‍ ജയരാജന് നോട്ടീസയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."