കണ്ണൂരില്‍ പുകഞ്ഞ് ബോംബ് രാഷ്ട്രീയം ജില്ലയില്‍ വീണ്ടും അശാന്തി പടരുന്നു
കണ്ണൂര്‍: ബോംബ് രാഷ്ട്രീയം വീണ്ടും കണ്ണൂരില്‍ പുകയുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ല വീണ്ടും അശാന്തമായിരിക്കുകയാണ്. പയ്യന്നൂരിലെ ഇരട്ടകൊലപാതകത്തിനു ശേഷം സമാധാനത്തിലേക്ക് നീങ്ങുന്ന ജില്ലയെ വാക്‌പോരിലൂടെ വീണ്ടും അക്രമരാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയുകയാണ് ചില പാര്‍ട്ടി നേതാക്കള്‍.
കൂത്തുപറമ്പിനടുത്ത പൊന്നമ്പത്ത് വീട്ടില്‍ ദീക്ഷിതാ(23)ണ് ശനിയാഴ്ച രാത്രി ഏഴോടെ നടന്ന സ്‌ഫോടനത്തില്‍ മരിച്ചത്. ശരീരം ഛിന്നഭിന്നമായിപ്പോയ ദീക്ഷിതിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. സ്‌ഫോടനത്തില്‍ യുവാവിന്റെ ഇടതു കൈപ്പത്തിയും കാലും അറ്റു. വീടിന്റെ ഒന്നാംനില പൂര്‍ണമായി തകര്‍ന്നു. കൂട്ടാളികളായ രണ്ടു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സംഘടനാനേതൃത്വം ആദ്യം രഹസ്യകേന്ദ്രത്തിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി സൂചനയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന പ്രദീപന്റെ മകനാണ് കൊല്ലപ്പെട്ട ദീക്ഷിത്. സ്‌ഫോടനം നടന്ന സ്ഥലം ആര്‍.എസ്.എസിനു സ്വാധീനമുള്ള പ്രദേശമാണ്.
സ്‌ഫോടനത്തിനു ഉത്തരവാദികള്‍ ആര്‍.എസ്.എസ് നേതൃത്വമാണെന്നു ആരോപിച്ചു സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടിക്കൊന്നതിനു പിന്നില്‍ ആര്‍.എസ്.എസ് ഗൂഢാലോചനയാണെന്നാരോപിച്ച സി.പി.എം ദീക്ഷിതിന്റെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തിനു ഉത്തരവാദികളായ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളെ അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.
പയ്യന്നൂരില്‍ പ്രസംഗിച്ച പരിവാര്‍ നേതാക്കളാണ് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് സി.പി. എം ആരോപണം. ഇതിനെ പ്രതിരോധിക്കാന്‍ ആഭ്യന്തരവകുപ്പിനെയാണ് ബി.ജെ.പി നേതാക്കള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പൊലിസില്‍ നിന്നും നീതിലഭിക്കാത്ത തങ്ങളുടെ പ്രവര്‍ത്തകര്‍ ആത്മരക്ഷാര്‍ഥമാണ് സി.പി.എം കടന്നാക്രമണങ്ങള്‍ നേരിടുന്നതിനായി പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിശദീകരണം.
പയ്യന്നൂര്‍ കൊലപാതകത്തിന്റെ പേരില്‍ ജില്ലാ പൊലിസ് മേധാവിയുമായി ഇടഞ്ഞുനില്‍ക്കുന്ന സി.പി.എം നേതൃത്വം ഇദ്ദേഹത്തെ സ്ഥലംമാറ്റാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ സ്‌ഫോടനമുണ്ടായത്. ഇതു ആയുധമാക്കി ആര്‍.എസ്.എസ് കേന്ദ്രങ്ങളിലെ ബോംബ്‌നിര്‍മാണവും ആയുധശേഖരവും തടയാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം പൊലിസിനെതിരേ ഭരണകക്ഷിതന്നെ ഉയര്‍ത്തുന്നുണ്ട്. പാടത്തുപണിയെടുക്കുന്നവര്‍ക്ക് വരമ്പത്തു കൂലിയെന്ന സംസ്ഥാനസെക്രട്ടറിയുടെ പ്രസംഗത്തിനു മറുപടിയായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനടക്കമുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചതും കണ്ണൂര്‍ രാഷ്ട്രീയത്തെ കലുഷിതമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് 24ന് ആര്‍.എസ്.എസ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തിയുംസി.പി.എം അയ്യങ്കാളി ദിനാചരണവും നടത്തുന്നത്. ശോഭായാത്രകളും ഇതിനു മുന്നോടിയായുള്ള അലങ്കാരങ്ങളും അയ്യങ്കാളി ദിനാചരണവും മുക്കിലും മൂലയിലുമുള്ള പായസവിതരണവും ജില്ലയെ കൂടുതല്‍ അക്രമസംഭവങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയിലാണ് സമാധാനകാംക്ഷികള്‍.
കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ ആയുധശേഖരം
കൂത്തുപറമ്പ്: കോട്ടയംപൊയിലില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ ദീക്ഷിതിന്റെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ ആയുധശേഖരം പിടികൂടി. ആറ് വടിവാള്‍, ഒരു എസ് കത്തി, ഒരു മഴു എന്നിവയാണ് കണ്ടെത്തിയത്.
തലശ്ശേരി ഡിവൈ.എസ്.പി. പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മുറിക്കകത്ത് സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ശനിയാഴ്ച രാത്രി എട്ടോടെ മുറിക്കകത്തുണ്ടായ സ്‌ഫോടനത്തിലാണ് ദീക്ഷിത് കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലിസ് നിഗമനം.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിനു ശേഷം മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താനാവുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു.
ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലം പരിശോധിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."