ശമ്പളവര്‍ധനയില്‍ എന്‍.എച്ച്.എം ജീവനക്കാര്‍ പുറത്ത് കരാര്‍ നഴ്‌സുമാരോട് സര്‍ക്കാരിനു വിവേചനം
കണ്ണൂര്‍: സംസ്ഥാനത്ത് കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന സ്റ്റാഫ് നഴ്‌സുമാര്‍ക്കു സര്‍ക്കാര്‍ കൊണ്ടുവന്ന ശമ്പള വര്‍ധനയില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍.എച്ച്.എം) ജീവനക്കാര്‍ പുറത്ത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം 27,800 രൂപയായി വര്‍ധിപ്പിച്ച് സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ കഴിഞ്ഞമാസമാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവിനു 2016 ഏപ്രില്‍ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യവും ഉണ്ടായിരുന്നു. എന്നാല്‍ നേരത്തെ നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷനു (എന്‍.ആര്‍.എച്ച്.എം) കീഴിലും ഇപ്പോള്‍ എന്‍.എച്ച്.എമ്മിനു കീഴിലും ജോലിചെയ്യുന്ന സംസ്ഥാനത്തെ 600ഓളം കരാര്‍ നഴ്‌സുമാരാണു സര്‍ക്കാരിന്റെ പുതിയ ശമ്പളപ്പട്ടികയില്‍ നിന്നു പുറത്തായത്. എന്‍.എച്ച്.എം പദ്ധതി നടപ്പാക്കുന്നതു 40 ശതമാനം സംസ്ഥാനഫണ്ടിനു പുറമെ 60 ശതമാനം കേന്ദ്രഫണ്ടും ഉപയോഗിച്ചാണ്. എന്നാല്‍ കേന്ദ്രഫണ്ട് ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഇതാണ് എന്‍.എച്ച്.എം നഴ്‌സുമാരെ പുതിയ ശമ്പളപ്പട്ടികയില്‍ നിന്നു തഴഞ്ഞതെന്നുമാണു അനൗദ്യോഗിക വിശദീകരണം.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള എന്‍.എച്ച്.എം നഴ്‌സുമാര്‍ക്കു സര്‍ക്കാര്‍ വകുപ്പില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള കരാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന വേതനത്തിലും കുറവാണു ശമ്പളം. ഒരേ ആശുപത്രിയില്‍ ഒരേ തസ്തികയില്‍ ജോലിചെയ്യുമ്പോഴും കരാര്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു ലഭിക്കുന്ന പകുതി ശമ്പളമാണ് എന്‍.എച്ച്.എം ജീവനക്കാര്‍ക്കു ലഭിക്കുന്നത്. നിലവില്‍ പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികളില്‍ എന്‍.എച്ച്.എം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. വര്‍ഷംതോറും കരാര്‍ പുതുക്കുകയാണെങ്കിലും ഇവരില്‍ പലരും എട്ടുവര്‍ഷം വരെ ജോലിചെയ്യുന്നവരാണ്. പാലിയേറ്റീവ് പദ്ധതി, സ്‌കൂള്‍ നഴ്‌സ്, പകല്‍വീട്, അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ പദ്ധതികളിലും എന്‍.എച്ച്.എം സ്റ്റാഫ് നഴ്‌സുമാര്‍ ജോലിചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഗവ. നഴ്‌സിങ് കോളജുകളില്‍ നിന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടന്‍ പുറത്തിറങ്ങിയ നഴ്‌സുമാരാണു സര്‍ക്കാര്‍ ആശുപത്രികളിലുള്ള എന്‍.എച്ച്.എം ജീവനക്കാര്‍ക്കു പുറമെയുള്ള കരാര്‍ ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."