വെറുപ്പിന്റെ രാഷ്ട്രീയത്തെ ഉരുക്കുന്ന വാക്കും നോക്കും
സാദിഖലി ശിഹാബ് തങ്ങൾ/ ടി.പി ചെറൂപ്പ
രാജ്യം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതിൽ അദ്വിതീയ പങ്കുവഹിക്കാൻ ശക്തരാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ. ജനസംഖ്യയുടെ അഞ്ചിലൊന്നോളം വരും അശരണരും അസംഘടിതരുമായ ആ ജനസമൂഹം. മോദിരാഷ്ട്രീയത്തിനു ലഭിച്ച വോട്ടുകൾ പരിശോധിക്കുമ്പോൾ അറിയാം, ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ത്യൻരാഷ്ട്രീയം മറ്റൊന്നാകുമായിരുന്നില്ലേ എന്ന്. പേടിപ്പിച്ചും പീഡിപ്പിച്ചും അടിച്ചുമാറ്റപ്പെട്ടു, ആ വോട്ടുകൾ. ഫലം, രാജ്യത്തെ ന്യൂനപക്ഷങ്ങൾ മൊത്തം വേട്ടമൃഗങ്ങളായി. ദുർബലമായ ശരീരങ്ങളിൽ അവശതയുടെ വിഴുപ്പുഭാണ്ഡങ്ങൾ വലിച്ചിട്ട് ശ്വാസം മുട്ടിച്ച്, വീണിടത്തിട്ട് വീണ്ടും വീണ്ടും ചവിട്ടുകയാണ് ഭരണകൂടങ്ങളും സംഘ്പരിവാര ശക്തികളും ന്യൂനപക്ഷ വിഭാഗത്തെ.
ആസൂത്രിതവും തന്ത്രപൂർവകവുമായ കുറുക്കുവഴികളിലൂടെയാണ് ഫാസിസ്റ്റുകൾ ന്യൂനപക്ഷങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. മൃദുസമീപനങ്ങൾ ഏശാതെ പോകുമ്പോൾ ഭീതിദവും മനുഷ്യത്വരഹിതവുമായ നിലപാടുകളിലേക്കു നീങ്ങുന്നു. അവരെ തീയിട്ടു കൊല്ലുന്നു. ബലാത്സംഗങ്ങൾക്കു വിധേയമാക്കുന്നു. വീടുകൾ കത്തിക്കുന്നു. ബുൾഡോസർ വച്ച് കിടപ്പിടങ്ങൾ തകർക്കുന്നു. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നിലപാടിൽ പ്രതിഷേധിച്ചതിനാണ് യു.പിയിൽ സർക്കാർതന്നെ മുസ്‌ലിം വീടുകൾ ബുൾഡോസർ വച്ച് നിരപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തതിന് 350ഓളം പേർക്കെതിരേ കേസെടുത്തു. നൂറോളം പേരെ അറസ്റ്റ് ചെയ്തു. മിക്ക സംസ്ഥാനങ്ങളിലെയും അവസ്ഥ ഇങ്ങനെയോ ഇതിനു തുല്യമോ ആണ്. എന്നാൽ ഈ ഫാസിസ്റ്റ് അജണ്ട ഒട്ടും നടപ്പാകാതെ പോയ സംസ്ഥാനമാണ് കേരളം. അതിനു കാരണം ഇവിടെ മുസ്‌ലിം ലീഗ് ഉണ്ട് എന്നുള്ളതാണ്. എല്ലാ വിഭാഗം ആളുകളെയും കൂട്ടിപ്പിടിച്ചു കൊണ്ടുപോവുന്നതിലുള്ള മുസ്‌ലിം ലീഗിന്റെ ഏകോപന വൈദഗ്ധ്യം സർവരും അംഗീകരിച്ചതാണ്. ഒരു വാക്കോ നോക്കോ മതിയാവും പലപ്പോഴും വെറുപ്പിന്റെ ആ തീ അണക്കാൻ. ലീഗ് ഇല്ലാത്ത ഇതരസംസ്ഥാനങ്ങളുടെ സ്ഥിതി വിപരീതമാണ്. എന്നാൽ ഇവിടെയും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുള്ള അടിനീക്കങ്ങൾ ശക്തമാണ്.
മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾക്ക് ഉറച്ചവേരുകളുള്ള സംസ്ഥാനമാണ് കേരളം. സ്‌നേഹത്തിനും സൗഹൃദത്തിനും ഇന്ത്യക്ക് സാമ്പിൾ എടുക്കാവുന്ന സംസ്ഥാനവും കേരളമാണ്. ഒരു മതേതര സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്നതിന് ബാഫഖി തങ്ങൾ, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയ പൂർവിക നേതാക്കൾ നൽകിയ മാതൃകയാണ് അതിനു കാരണമെന്ന് മുസ്‌ലിം ലീഗ് കരുതുന്നു. ഒട്ടേറെ ഉദാഹരണങ്ങൾ ഇതിന് നിരത്തിവയ്ക്കാനാവും. എന്നാൽ ഇതു പൊളിക്കുക എന്നതാണ് ഫാസിസ്റ്റ് ലക്ഷ്യം. നിർഭാഗ്യകരമെന്നു പറയട്ടെ, ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നു ഇവിടുത്തെ സി.പി.എം! ആർ.എസ്.എസിനെ
എതിർക്കുന്നു എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ടുതന്നെ അവരുടെ അജണ്ടകൾ വിജയിപ്പിച്ചു കൊടുക്കുന്നു. ന്യൂനപക്ഷങ്ങളെ അളിയാ എന്നു വിളിക്കുകയും പോക്കറ്റടിക്കുകയും ചെയ്യുന്ന നിലപാട്!
കേരളമൊരു സാമൂഹിക ധ്രുവീകരണത്തിന്റെ തുമ്പിലാണെന്നു മനസിലാക്കിയാണ്, അതു തടയേണ്ടത് തങ്ങളുടെ ചുമതലയാണെന്ന ബോധ്യത്തിൽനിന്ന് കൃത്യമായ മുന്നൊരുക്കങ്ങളോടെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വടക്കുനിന്ന് തെക്കോട്ട് ഒരു സൗഹൃദസന്ദർശന പരിപാടിക്കു രൂപംനൽകിയത്. ജൂൺ രണ്ടിന് കാസർകോട്ടുനിന്ന് തുടങ്ങിയ യാത്ര ഒരിടവേള കഴിഞ്ഞ്, തെക്കൻ ജില്ലകളിലെ പര്യടനം പൂർത്തീകരിച്ചു വരികയാണ്. യാത്രക്കിടയിൽ 'സുപ്രഭാത'വുമായി സംസാരിക്കുകയാണ് യാത്രാസംഘം ലീഡർ സാദിഖലി ശിഹാബ് തങ്ങൾ.
? കാസർകോട്ടുനിന്ന് യാത്ര തിരിക്കുന്ന അവസ്ഥയിലല്ല ഇന്ന് രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം. പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചതിന് യു.പിയിൽ മുസ്‌ലിംകളുടെ വീടുകൾ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തുകയാണ്. പലരുടെയും പേരിൽ കേസെടുത്തു; ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു. കോടതിയെ പോലും വകവയ്ക്കാതെയുള്ള ഈ ധിക്കാരത്തിനു നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി ആദിത്യനാഥ് ആണ്. പ്രതികാര രാഷ്ട്രീയത്തിന്റെ പകപോക്കൽ വളരെ പ്രകടം. രാഹുൽ ഗാന്ധിയെ വിളിച്ചുവരുത്തി ദിവസം നീണ്ടുനിൽക്കുന്ന ചോദ്യംചെയ്യലിലാണ് ഇ.ഡി. കേരളത്തിലാണെങ്കിൽ ഭൂമിയിലും ആകാശത്തും ആളുകളെ നേരിടുന്നു പിണറായി സർക്കാർ. ഇത്തരം അതിഗുരുതര രാഷ്ട്രീയസാഹചര്യം ചർച്ച ചെയ്യുന്നതിന് ഈ യാത്ര പ്രയോജനപ്പെടുന്നുണ്ടോ?
= തീർച്ചയായും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും അവസ്ഥ അതീവ ഗുരുതരമാണ്. വെറുപ്പിന്റെയും പകയുടെയും ഇടനിലമാക്കി മാറ്റുന്നു രാഷ്ട്രീയത്തെ. ഞങ്ങൾ യാത്ര ആരംഭിക്കുമ്പോൾ തന്നെ ഈ വിഷയങ്ങളൊക്കെ ഉണ്ട്. അടുത്ത ദിവസങ്ങളിലായി എല്ലാം രൂക്ഷമായി എന്നേയുള്ളൂ. രാഷ്ട്രീയത്തിലെ താൽക്കാലിക കോളിളക്കങ്ങളെയും വിവാദങ്ങളെയുമല്ല, നാടുതന്നെ തകർന്നുപോകാനിടയുള്ള ഗുരുതര വിഷയങ്ങളെക്കുറിച്ചാണ് രാഷ്ട്രീയത്തെ ഗൗരവത്തിലെടുക്കുന്നവർ ആലോചിക്കേണ്ടത്. അതാണ് മുസ്‌ലിം ലീഗ് എക്കാലത്തും നിർവഹിച്ചിട്ടുള്ളത്. ഇപ്പോഴും അതെ. ഫാസിസത്തിനു കേരളത്തിലേക്കുള്ള എൻട്രി പാസ് തടയുകയാണ് ഇപ്പോൾ ലീഗിന്റെ ലക്ഷ്യം. യു.പി നമ്മൾ സംസാരിച്ചല്ലോ. സർക്കാർ നേരിട്ടാണ് മുസ്‌ലിംകളുടെ വീടുകൾ ബുൾഡോസർ വച്ച് പൊളിക്കുന്നത്.
കാൺപൂരിലും സഹാറൻപൂരിലും അംബേദ്കർ നഗറിലും ഹത്‌റാസിലുമൊക്കെ എത്ര വീടുകൾ തകർത്തു? 350ഓളം ആളുകളുടെ പേരിൽ കേസെടുത്തുവെന്ന് മാധ്യമങ്ങൾ പറയുന്നു. നൂറിൽ താഴെ പേരെ അറസ്റ്റ് ചെയ്തു. പ്രവാചകനെ നിന്ദിച്ചത് ശരിയായില്ല എന്നു പറഞ്ഞതിന്റെ പേരിലാണ് ഇതൊക്കെ. ലോകരാഷ്ട്രങ്ങളുടെ മുന്നിൽ നാണംകെട്ടു പോയില്ലേ നമ്മുടെ രാജ്യം. മുസ്‌ലിംകളെ സംബന്ധിച്ച് അവരുടെ വിശ്വാസത്തിനു തന്നെ ഏറ്റ അടിയാണിത്. കാര്യം, രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടക്കണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്. മുസ്‌ലിംകൾ ഇവിടെ സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി തന്നെ ലോകത്തോട് വിളിച്ചുപറയുന്നു; എന്നിട്ട് പ്രതിഷേധിച്ചവർക്കെതിരേ കേസെടുക്കുന്നു. കേരളത്തിലും ഉണ്ടായില്ലേ ഇത്തരം പ്രതിഷേധവിരുദ്ധ നിലപാട്!
? നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് കേരളത്തിന്റെ ഒരു ദിശാപഠനം എങ്ങനെയായിരിക്കും
= തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊളിറ്റിക്കൽ മിറർ. സാമ്പിളുകൾ അവിടെ നിന്നെടുക്കാം. കൃത്യമായിരിക്കും റിസൾട്ട്. ഒരാഴ്ചകൂടി സമയം കിട്ടിയിരുന്നെങ്കിൽ ഇതിലും എത്രയോ അധികം ഭൂരിപക്ഷം കിട്ടുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥിക്ക്. കാരണം കുറച്ചുദിവസമായി ഇടതുമുന്നണിയുടെ അങ്ങാടിനിലവാരം കുത്തനെ ഇടിയുകയാണ്. ജനം അവരെ കൈവിടുക മാത്രമല്ല, ആട്ടിയോടിക്കുക കൂടി ചെയ്യുന്നു.
? കാസർകോട്ടുനിന്ന് യാത്ര തുടങ്ങുമ്പോൾ ഈ സൗഹൃദ കൂട്ടായ്മയുടെ വിജയ സാധ്യതയെക്കുറിച്ചുള്ള സ്വപ്നം എന്തായിരുന്നു
= കൊവിഡാനന്തരം പലതരം മനഃസംഘർഷങ്ങളിലാണ് ജനം. ആശ്വാസം അന്വേഷിച്ചുകൊണ്ടുള്ള മാനസികാവസ്ഥയിലുമാണവർ. ഞങ്ങളുടെ സൗഹൃദ സംഘത്തെ കണ്ടുമുട്ടുന്ന ഓരോത്തരും പറഞ്ഞത്, അവർ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എന്നാണ്. വിവിധ മേഖലകളിലെ പ്രമുഖരെ കാണാനും സൗഹൃദം പങ്കുവയ്ക്കാനും ആശയവിനിമയത്തിനും, ഒപ്പം പാർട്ടിപ്രവർത്തകരുമായി കൂടിയാലോചനകൾ നടത്താനും നേതാക്കൾ അങ്ങോട്ടുചെല്ലുന്നു എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ഇത് മുസ്‌ലിം ലീഗിൽ പണ്ടുണ്ടായിരുന്നിട്ടില്ലാത്ത പുതിയ കാൽവയ്പാണ്. ഉള്ളുതുറക്കുക വഴി ഞങ്ങൾക്കും കിട്ടുന്നു വെളിച്ചം. കനിവും സ്‌നേഹവും കണ്ടും കൊടുത്തും അനുഭവിച്ചും കൊണ്ടുള്ള ഹൃദ്യവും ഫലപ്രദവുമായ യാത്രയെന്ന് ഇതിനെ വിശേഷിപ്പിക്കാനാവും.
? തങ്ങളെയും സംഘത്തെയും കണ്ടുമുട്ടുമ്പോൾ ആതിഥ്യരിൽനിന്ന് ഉണ്ടാകുന്ന ആദ്യ പ്രതികരണം
= മുസ്‌ലിം ലീഗിന്റെ സന്ദേശവുമായി വരുന്നയാൾ പാണക്കാട്ടുനിന്നാണ് എന്നതിന് വലിയൊരു അംഗീകാരം ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്. ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങൾ തുടങ്ങിയവരുമൊക്കെയായി നല്ല ബന്ധമുള്ളവരായിരുന്നു ഞങ്ങൾ കണ്ടുമുട്ടുന്ന നേതാക്കളിൽ പലരും. പാണക്കാട്ടെ മുൻഗാമികൾ ഉണ്ടാക്കിവച്ച പാരമ്പര്യത്തിന്റെയും പെരുമയുടെയും ഒരു റിസൾട്ട് ആയിരുന്നു അത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാവുമ്പോൾ പലരും ഉറ്റുനോക്കിയിരുന്നത് പാണക്കാട്ടേക്ക് ആയിരുന്നുവെന്ന് പലരും അനുസ്മരിച്ചു. വ്യക്തിപരമായി എന്റെ ഉത്തരവാദിത്വത്തെയും കടപ്പാടുകളെയും കൂടുതൽ വർധിപ്പിക്കുന്നതാണ് ഈ ഓർമപ്പെടുത്തലുകൾ.
? ഫാസിസ്റ്റുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച്, യാത്രയിൽ കണ്ടുമുട്ടിയവരുടെ ആശങ്കകൾ
= ആശങ്ക വ്യാപകമാണ്. ഓരോ പൗരനും രാജ്യത്തോടും മനുഷ്യരോടുമുള്ള കൂറും സ്‌നേഹവും കളങ്കരഹിത സമീപനവും എങ്ങനെ വളർത്തിയെടുക്കാമെന്ന ചിന്തയും ചർച്ചയുമാണ് വേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു. മയക്കുമരുന്ന്, ആത്മഹത്യ, കൊല, സ്ത്രീപീഡനം, കൈക്കൂലി തുടങ്ങിയ അധാർമിക പ്രവണതകൾ വർധിച്ചുവരുന്നു. സമൂഹമാധ്യമങ്ങളെ ഗുരുവായി സ്വീകരിച്ച സമൂഹത്തിന്റെ വ്യവഹാരങ്ങളാണ് ഇതൊക്കെ. അവർക്കു ദിശനൽകുന്നതിൽ വ്യക്തികളും കുടുംബവും സമൂഹവും പരാജയപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കുകവഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌നേഹവും കരുണയും ദയയും മൂല്യങ്ങളും തിരിച്ചുപിടിക്കാനാവും. വീടും ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും കലാലയങ്ങളും ഇതിൽ ഇടപെടേണ്ടതുണ്ട്.
? യാത്രയുടെ അനുഭവം
= സമൂഹത്തിന്റെ എല്ലാ തട്ടിലും തലങ്ങളിലുമുള്ളവരുടെ പരിച്ഛേദത്തെയാണ് ഞങ്ങൾക്ക് മുഖാമുഖം കിട്ടിയത്. എല്ലാ സമുദായത്തിലുമുള്ളവർ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. നാട്ടിലെ പല ദുർക്കാഴ്ചകളിലും ദുഃഖിതരും നിസ്സഹായരുമായിരുന്നു പലരും. ഓരോ ദിവസവും വർധിച്ചുവരുന്ന ന്യൂനപക്ഷദ്രോഹങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കൃപയറ്റ സമീപനങ്ങൾ, മയക്കുമരുന്ന് വ്യാപനം, ദാരിദ്ര്യം... ഇത്തരം വിഷയങ്ങളിലെ മനോവേദനകൾ പങ്കുവയ്ക്കാൻ പോലും ആരെയും കിട്ടാത്ത കെട്ടകാലം... ഈയൊരു മാനസികാവസ്ഥയിലേക്കായിരുന്നു ലീഗിന്റെ സന്ദേശവുമായുള്ള ഞങ്ങളുടെ കടന്നുചെല്ലൽ. വരണ്ട തൊണ്ടയിൽ ഒരു മുറുക്ക് തണുത്ത തെളിനീര്! അതായിരുന്നു പ്രതികരണം.
? ഏതെങ്കിലും ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള നിസ്സഹകരണം അനുഭവപ്പെട്ടോ
= ഒരിക്കലുമില്ല. നേരത്തെ പറഞ്ഞില്ലേ, പലരും ഞങ്ങളുടെ വരവ് കാത്തിരിക്കുകയായിരുന്നു. മഠങ്ങളും പള്ളികളും ചർച്ചുകളും അതിലൊക്കെയുള്ള മതാധ്യക്ഷരും രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മാധ്യമപ്രവർത്തകരും.
? ഇങ്ങനെ ഒരു യാത്ര ഇതിലും വിപുലപ്പെടുത്തി ഇന്ത്യ ഒട്ടാകെ നടത്തിയാൽ എങ്ങനെയിരിക്കും
= നല്ല നിർദേശമാണ്. കത്തുന്ന ഇന്ത്യയുടെ തീജ്വാലകൾക്കു മീതെ പെയ്യുന്ന കുളിർമഴയായിരിക്കും അത്; ആലോചിക്കാവുന്നതാണ്. തീർച്ചയായും.
?ടീം
= പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, എം.എൽ.എമാരായ ഡോ. എം.കെ മുനീർ, കെ.പി.എ മജീദ്, അഡ്വ. എം. ഷംസുദ്ദീൻ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, സംസ്ഥാന നേതാക്കളായ അഡ്വ. പി.എം.എ സലാം, അബ്ദുറഹ് മാൻ രണ്ടത്താണി, ഇബ്രാഹിം കുഞ്ഞ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, ടി.എം സലീം, ബീമാപള്ളി റഷീദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."