ബിരിയാണി ചെമ്പിന്റെ രാഷ്ട്രീയം
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
'എ നിക്കെതിരേ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എല്ലാവർക്കും അറിയാവുന്നതുപോലെ എം. ശിവശങ്കർ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി.എം രവീന്ദ്രൻ, നളിനി നെറ്റൊ, അന്നത്തെ മന്ത്രി കെ.ടി ജലീൽ ഇങ്ങനെയുള്ള എല്ലാവരുടെയും പങ്ക് എന്താണ്, അവരെന്താണ് ചെയ്തിട്ടുള്ളത് എന്ന് ഞാൻ വളരെ വ്യക്തമായി കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് '- കഴിഞ്ഞ ചൊവ്വാഴ്ച, ജൂൺ എട്ടിന് എറണാകുളത്ത് മാധ്യമപ്രവർത്തകർക്ക് സ്വപ്നാ സുരേഷ് നൽകിയ പുതിയ വിവരങ്ങൾ കേട്ട് കേരളം നടുങ്ങി. തൃക്കാക്കരയിൽ വൻ വിജയം നേടി മതിമറന്നുനിന്ന യു.ഡി.എഫിനും തോൽവിയുടെ അങ്ങേയറ്റം കണ്ട് ഞെട്ടിനിന്ന ബി.ജെ.പിക്കും വലിയ തുണയായി സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ.
ബിരിയാണിച്ചെമ്പ് തുറന്നുവിട്ട പുതിയ രാഷ്ട്രീയം കേരളത്തെ മൂടിനിൽക്കുകയാണ്. കോൺഗ്രസും ബി.ജെ.പിയും മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ ആക്രമണത്തിനു തിരികൊളുത്തിയിരിക്കുന്നു. മുഖ്യമന്ത്രി ചെല്ലുന്നിടത്തൊക്കെ കരിങ്കൊടി പ്രകടനം. കറുത്ത മാസ്കോ കറുത്ത ഷർട്ടോ കറുത്ത സാരിയോ ധരിച്ച് ആർക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതി. മുഖ്യമന്ത്രിയുടെ യാത്രാവഴിയിലെങ്ങാനും കറുപ്പു കണ്ടാൽ പൊലിസിനു കലിയിളകുകയായി. മാധ്യമങ്ങളിൽ കറുപ്പ് വലിയ ചർച്ചാ വിഷയമായി മാറി.
സ്വപ്ന രണ്ടാംപ്രതിയായ സ്വർണക്കടത്തു കേസ് പുതിയ രാഷ്ട്രീയ വിവാദമായി വളർന്നതെങ്ങനെ? 2020 ജൂൺ അഞ്ചിനു തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ കണ്ടുപിടിച്ച സ്വർണക്കടത്ത് മുഖ്യമന്ത്രിയെയും കുടുംബത്തെയും മുൾമുനയിൽ നിർത്താൻമാത്രം ഭീമാകാരം പൂണ്ടതെങ്ങനെ?
സ്വർണക്കടത്ത് നടന്ന സമയത്തുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് സ്വപ്നയുമായി ബന്ധപ്പെട്ട് ഉയർന്നുതുടങ്ങിയിരുന്നു. കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും ബന്ധമുണ്ടെന്നായി. ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംസ്ഥാന സർക്കാരിനെതിരേ ആരോപണങ്ങളുമായി മുന്നിട്ടിറങ്ങി. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർക്കാരിനെതിരേ തിരിഞ്ഞു. ലക്ഷ്യം പിണറായി വിജയൻ തന്നെയായിരുന്നു.
അതിനു സഹായകമായ രീതിയിലാണ് ഇപ്പോൾ സ്വപ്നാ സുരേഷ് കോടതിയിൽ ക്രിമിനൽ ചട്ടം 164ാം വകുപ്പുപ്രകാരം രഹസ്യമൊഴി നൽകിയിരിക്കുന്നത്. ഇതിൽ മുഖ്യമന്ത്രിക്കും ഒപ്പമുള്ള ഉദ്യോഗസ്ഥർക്കും വലിയ പങ്കുണ്ടെന്നു മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നാണ് സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞത്. പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഗൗരവമേറിയതാണെന്ന സൂചനകളല്ലാതെ വ്യക്തമായി ഒന്നും പറയാതിരിക്കാനും സ്വപ്ന ശ്രദ്ധിച്ചു. ഭാരമേറിയ ചെമ്പുപാത്രത്തിൽ ബിരിയാണി നിറച്ച് യു.എ.ഇ സ്ഥാനപതിയുടെ വസതിയിൽനിന്ന് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ എത്തിച്ചിരുന്നുവെന്ന സ്വപ്നയുടെ വാചകമാണ് സമൂഹത്തിൽ തീപടർത്തി വളർന്നത്. ബിരിയാണിച്ചെമ്പിൽ എന്തോ ലോഹമുണ്ടായിരുന്നുവെന്ന സംശയം പ്രകടിപ്പിച്ച സ്വപ്ന, തന്റെ കോമൺസെൻസ് അനുസരിച്ച് എന്നുപറഞ്ഞ് വാചകം പൂർത്തിയാക്കാതെ നിർത്തി മാധ്യമപ്രവർത്തകരിൽ കൂടുതൽ സംശയം ജനിപ്പിക്കുകയും ചെയ്തു.
സ്വർണക്കടത്തു കേസിൽ ഒന്നാംപ്രതി സരിത്തും രണ്ടാംപ്രതി സ്വപ്നാ സുരേഷും മൂന്നാംപ്രതി സന്ദീപ് നായരുമാണ്. സരിത്തും സന്ദീപും സ്വപ്നയുടെ കൂട്ടാളികളാണ്. ദുബൈയിൽനിന്ന് സ്വർണം യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗിൽ കൊണ്ടുവരാൻ സരിത്തിനും സന്ദീപിനും ധൈര്യം നൽകിയത് സ്വപ്നയാണ്. പലതവണ ഇവർ ഇപ്രകാരം സ്വർണം കടത്തി. ഒക്കെയും തിരുവനന്തപുരം വിമാനത്താവളം വഴി. ഒരുതവണ സംഘം പിടിയിലായി. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ നയതന്ത്ര ബാഗ് തടഞ്ഞുവയ്ക്കുകയായിരുന്നു. ആദ്യംതന്നെ കേസിനു രാഷ്ട്രീയമാനങ്ങൾ കൈവന്നു. ആരോപണങ്ങൾ തനിക്കുനേരെ നീങ്ങുന്നതുകണ്ട മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്തെഴുതി. ഏജൻസികൾ രംഗത്തെത്തി.
ശിവശങ്കറിന്റെ അറസ്റ്റും തടവും കേസിനു രാഷ്ട്രീയമാനം നൽകി. പക്ഷേ, സ്വർണക്കടത്തു കേസ് മുഖ്യമന്ത്രിയിലേക്കെത്തിക്കാനുള്ള പഴുതൊന്നും ശിവശങ്കറിന്റെ ചോദ്യംചെയ്യലിൽ നിന്ന് ഇ.ഡിക്കോ കസ്റ്റംസിനോ കിട്ടിയില്ല. മുഖ്യമന്ത്രിയെ കേസിൽപ്പെടുത്തുക എന്നത് ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. മൂന്നു മാസത്തോളം നീണ്ടുനിന്ന തടവും നിരന്തരമായ ചോദ്യംചെയ്യലും ഏറെ ഉലച്ചിട്ടും ശിവശങ്കർ മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നു പറഞ്ഞില്ല. കസ്റ്റംസിന്റെ കുറ്റപത്രപ്രകാരം മുപ്പതോളം നിക്ഷേപകരാണ് സ്വപ്നവഴി സ്വർണം കടത്താൻ പണം നിക്ഷേപിച്ചത്. പക്ഷേ, അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും ദുബൈയിൽ സ്വർണം വാങ്ങി തിരുവനന്തപുരത്തേക്കയക്കാൻ ഏൽപ്പിച്ചവരെ കണ്ടെത്താനായില്ല. അതുപോലെ പ്രധാനമാണ് തിരുവനന്തപുരത്തെത്തിയ സ്വർണം ആർക്കൊക്കെയാണ് എത്തിച്ചുകൊടുത്തതെന്ന ചോദ്യം. ഇന്നും ഈ രണ്ടു ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
ജയിലിൽനിന്ന് പുറത്തിറങ്ങിയ സ്വപ്ന സുരേഷിനെ ആർ.എസ്.എസ് സ്ഥാപനമായ എച്ച്.ആർ.ഡി.എസ്, പാലക്കാട്ടെ അവരുടെ ഓഫിസിൽ പ്രതിമാസം 40,000 രൂപാ ശമ്പളത്തിനു പി.ആർ.ഒ ആയി നിയമിച്ചതോടെയാണ് പുതിയ നീക്കങ്ങൾ തുടങ്ങിയത്. വീണ്ടും കോടതിയിൽ 164ാം വകുപ്പുപ്രകാരം രഹസ്യമൊഴി. മാധ്യമങ്ങളെ കണ്ട് രഹസ്യമൊഴിയിലെ വിവരങ്ങളുടെ സൂചന നൽകൽ. പിന്നെ ഷാജ് കിരൺ എന്ന മാധ്യമപ്രവർത്തകന്റെ ഒത്തുതീർപ്പ് ശ്രമം. ഷാജ് കിരണുമായി നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖ മാധ്യമങ്ങൾക്കു നൽകി പുതിയ വെളിപ്പെടുത്തലുകൾ.
സ്വർണക്കടത്തു കേസിന്റെ ആദ്യഘട്ടത്തിലും സ്വപ്ന 164ാം വകുപ്പുപ്രകാരം കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫിസിനെയോ കുടുംബത്തെയോ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശങ്ങളൊന്നും ആ രഹസ്യമൊഴിയിൽ ഇല്ലെന്നാണ് ഇതുവരെ കിട്ടിയിട്ടുള്ള വിവരം. ജയിൽവിമോചിതയായി എച്ച്.ആർ.ഡി.എസ് എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ശേഷം നൽകിയ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി ആരോപണം ഉന്നയിക്കുക എന്നതായിരുന്നു സ്വപ്നയുടെ പരമമായ ലക്ഷ്യമെന്നും വരുന്നു.
അന്വേഷണ ഏജൻസികളുടെ അന്വേഷണം എവിടെയെത്തി എന്ന ചോദ്യത്തിനും വലിയ പ്രസക്തിയുണ്ട്. ദുബൈയിൽ സ്വർണം വാങ്ങിയ വ്യക്തികളാരൊക്കെ, തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ സ്വർണം എവിടേക്കൊക്കെ പോയി എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇനിയും മറുപടി കിട്ടിയിട്ടില്ല. ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടിയാൽ മാത്രമേ സ്വർണക്കടത്തു കേസിന് ആദിയും മധ്യവും അന്ത്യവുമുണ്ടാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."