ക്രിസ്തുവിനെ കാണാനായി പട്ടിണി കിടന്നവര്‍ മരിച്ചതല്ല, കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നത്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ക്രിസ്തുവിനെ കാണാനായി പട്ടിണി കിടന്നവര്‍ മരിച്ചതല്ല, കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നത്
മൊംബാസ: കെനിയയില്‍ ക്രിസ്തുവിനെ കാണാനായി പാസ്റ്ററുടെ വാക്കു കേട്ട് പട്ടിണി കിടന്നവര്‍ പട്ടിണി കിടന്നു മരിച്ചതല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ കണ്ടെത്തലുകളാണ് കെനിയയിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്ത് ഞെരിച്ചോ തല്ലിയോ ശ്വാസം മുട്ടിച്ചോ കൊന്നതാണെന്നാണ് കണ്ടെത്തല്‍. 40 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
ചൊവ്വാഴ്ച 30ഉം കഴിഞ്ഞദിവസം 10 പോസ്റ്റ്‌മോര്‍ട്ടവുമാണ് നടത്തിയതെന്ന് ചീഫ് ഗവണ്‍മെന്റ് പത്തോളജിസ്റ്റ് ജോഹാന്‍സെന്‍ ഒഡൂര്‍ പറഞ്ഞു. പട്ടിണിയാണ് മരണത്തിന്റെ പ്രധാന കാരണമെന്നും എന്നാല്‍ ചിലരെ കൊലപ്പെടുത്തിയതാണെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ രണ്ട് കുട്ടികളടക്കം നാലുപേര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. മൂന്നാമതൊരു കുട്ടി മൂര്‍ച്ചയുള്ള വസ്തു കൊണ്ട് തലക്ക് ശക്തമായ അടിയേറ്റാണ് മരണപ്പെട്ടിട്ടുള്ളത്. നാലാമത്തെ കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഒരാളുടെ കഴുത്ത് ഞെരിച്ച് ചില അസ്ഥികള്‍ ഒടിഞ്ഞതിന്റെ പാടുകള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 40 മൃതദേഹങ്ങളില്‍ 16 മുതിര്‍ന്നവരും 18 കുട്ടികളും ഉള്‍പ്പെടുന്നു. അവശിഷ്ടങ്ങള്‍ അങ്ങേയറ്റം ജീര്‍ണിച്ചതിനാല്‍ ആറ് പേരുടെ പ്രായം നിര്‍ണയിക്കാന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞില്ല' അദ്ദേഹം പറഞ്ഞു.
'ചൊവ്വാഴ്ച നടത്തിയ 20 പോസ്റ്റ്‌മോര്‍ട്ടത്തില്‍ പട്ടിണി കിടന്ന് മരിച്ച ആളുകളുടെ സവിശേഷതകള്‍ ഉണ്ടായിരുന്നു' ഒഡൂര്‍ വ്യക്തമാക്കി.
കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിന്‍ഡിക്കടുത്തുള്ള 800 ഏക്കര്‍ വരുന്ന ഷാക്കഹോല വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനോടകം കണ്ടെത്തിയ 110 മൃതദേഹങ്ങളില്‍ പകുതിയിലേറെയും കുട്ടികളുടേതാണ്. വനത്തില്‍ പോയി പട്ടിണി കിടന്ന് മരിച്ചാല്‍ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്ന ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിലെ പാസ്റ്റര്‍ പോള്‍ മക്കെന്‍സിയുടെ വാക്കു കേട്ട് പോയ വിശ്വാസികളാണ് മരണത്തിന് കീഴടങ്ങിയത്.
അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ മക്കെന്‍സിയെ വെള്ളിയാഴ്ച കെനിയയിലെ മൊംബാസ കോടതിയില്‍ ഹാജരാക്കും. ഷാക്കഹോല വനം കൂട്ടക്കൊല സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയെ 90 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് ആവശ്യപ്പെടും. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളോടുള്ള ക്രൂരത, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം മക്കെന്‍സി തീവ്രവാദക്കുറ്റവും നേരിടേണ്ടിവരും. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയന്‍ റെഡ്‌ക്രോസിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 44 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. മുന്‍ ടാക്‌സി ഡ്രൈവറായ മക്കെന്‍സി, തീവ്രവാദ ചരിത്രമുള്ള സ്വയം പ്രഖ്യാപിത പാസ്റ്ററായി മാറിയതെങ്ങനെ എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാളുടെ ആഹ്വാനം. പാസ്റ്ററുടെ വാക്ക് കേട്ട് ദിവസങ്ങളോളം ഇവിടുത്തെ വിശ്വാസികള്‍ വനത്തില്‍ ഭക്ഷണ പാനീയങ്ങള്‍ ത്യജിച്ച് താമസിക്കുകയായിരുന്നു. നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തില്‍ കുറ്റാരോപിതനായ പാസ്റ്റര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
വനത്തിനുള്ളില്‍ വിചിത്ര പ്രാര്‍ഥനയും ആചാരവും നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് അറിയാനായത്. ഏപ്രില്‍ മധ്യത്തിലായിരുന്നു ഇത്. വ്രതാനുഷ്ഠാനത്തില്‍ പങ്കെടുത്ത 15 പേരെ അന്ന് കണ്ടെത്തിയെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലിസ് വ്യാപക പരിശോധനയിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതും.
ഇയാളെ കൂടാതെ മറ്റൊരു പാസ്റ്ററും ടെലിവിഷന്‍ അവതാരകനുമായ എസെക്കിയേല്‍ ഒഡെറോയും ഇതേ കേസുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, ബാലപീഡനം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍.
ഒഡെറോയുടെ ന്യൂ ലൈഫ് പ്രെയര്‍ സെന്ററില്‍ നിന്നും ചര്‍ച്ചില്‍ നിന്നുമുള്ള നിരവധി അനുയായികളുടെ മരണവുമായി ഷാക്കഹോലയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."