തൃണമൂലിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് നിരവധി നേതാക്കള്‍
കൊല്‍ക്കത്ത: മുകുള്‍ റോയിക്കു പിന്നാലെ ബി.ജെ.പിയില്‍നിന്ന് തൃണമൂലിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് നിരവധി നേതാക്കള്‍. അധികാരം ലക്ഷ്യമിട്ട് പാര്‍ട്ടി വിട്ട ദീപേന്ദു ബിശ്വാസ്, സോനാലി ഗുഹ, സരള മുര്‍മു, രജിബ് ബാനര്‍ജി, അമുല്‍ ആചാര്യ തുടങ്ങിയവര്‍ പരസ്യമായും മറ്റു പത്തിലധികം നേതാക്കള്‍ രഹസ്യമായും തൃണമൂലിലേക്ക് തിരിച്ചുപോകാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്.
എട്ട് ബി.ജെ.പി സിറ്റിങ് എം.എല്‍.എമാരും നാല് സിറ്റിങ് എം.പിമാരും തൃണമൂലില്‍ ചേരാനുള്ള താല്‍പര്യം അറിയിച്ചതായാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. ഇവരില്‍ പലരും ബി.ജെ.പിയിലേക്കു പോയതില്‍ മാപ്പപേക്ഷിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും മുകുള്‍ റോയ് ഒഴികെ ആരെയും തിച്ചെടുക്കാന്‍ മമത പച്ചക്കൊടി കാട്ടിയിട്ടില്ല.
നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നതായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പ് മമത നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. 34 തൃണമൂല്‍ എം.എല്‍.എമാരാണ് തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതില്‍ ബി.ജെ.പി സീറ്റ് നല്‍കിയത് 13 പേര്‍ക്കു മാത്രമായിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിലും മറ്റെന്തെങ്കിലും പദവി കിട്ടുമെന്ന പ്രതീക്ഷയും ബി.ജെ.പിയുടെ തോല്‍വിയോടെ ഇല്ലാതായി.
ഇതോടെയാണ് നേതാക്കള്‍ തിരിച്ചുപോകാന്‍ തൃണമൂലിന്റെ വാതില്‍പ്പടിയില്‍ കാത്തിരിക്കുന്നത്. മുകുള്‍ റോയിയുടെ മടക്കം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കിട്ടിയ ഏറ്റവും വലിയ ആഘാതമാണ്. ഒരിക്കല്‍ മമതയുടെ വിശ്വസ്തനായിരുന്ന റോയിയുടെ കൂറുമാറ്റത്തോടെയാണ് തൃണമൂലില്‍നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടായത്. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ തൃണമൂല്‍ പ്രതിനിധിയായി റയില്‍വേ മന്ത്രിയായിരുന്നു റോയ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."