പല ട്രെയിനുകളേയും വന്ദേ ഭാരത് ബന്ധിയാക്കുന്നു; യാത്രക്കാര്‍ രക്തസാക്ഷികള്‍, എന്നിട്ടും ന്യായീകരണവുമായി ദക്ഷിണ റെയില്‍വേ
യാത്രക്കാര്‍ രക്തസാക്ഷികള്‍,ന്യായീകരണവുമായി ദക്ഷിണ റെയില്‍വേ
തിരുവനന്തപുരം: കൊട്ടിഘോഷിച്ചെത്തിയ വന്ദേ ഭാരതിനുവേണ്ടി മറ്റു വണ്ടികളുടെയും യാത്രക്കാരുടെയും യാത്രയും സമയവും നഷ്ടപ്പെടുന്നില്ലേ...? ഉണ്ടെന്ന് യാത്രക്കാരും റെയില്‍വേയുമായി ബന്ധപ്പെട്ടവരും പറയുമ്പോള്‍ ഇല്ലെന്നാണ് റെയില്‍വേയുടെ ഔദ്യോഗിക വിശദീകരണം.
സമയക്രമവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ. വന്ദേഭാരത് യാത്രാസമയക്രമവും വേഗവും പാലിക്കുന്നുണ്ടെന്നാണ് വിശദീകരണം. ഇതിനുവേണ്ടി മറ്റുവണ്ടികളുടെ സമയം കളയുന്നില്ലെന്നും അവര്‍ വിശദീകരിക്കുന്നു. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസര്‍കോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്താണ്. ട്രയല്‍ റണ്ണിലെ സമയം സര്‍വിസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും വേണാട്, പാലരുവി സമയമാറ്റങ്ങള്‍ക്ക് ഉണ്ടായ മാറ്റത്തിന്റെ കാരണം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കുന്നു.
അതെ സമയം വേണാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, കണ്ണൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറും എറണാകുളം ഇന്റര്‍സിറ്റിയും ഏറെ നേരമാണ് വഴിയില്‍ കുരുങ്ങിക്കിടക്കുന്നത്. ഇതെല്ലാം വന്ദേഭാരതിനുവേണ്ടി മാത്രം. ഏറനാട് എക്‌സ്പ്രസിന്റെ കഥയും ഇതുതന്നെ. ദില്ലി തിരുവന്തപുരം കേരള എക്‌സ്പ്രസ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ വന്ദേഭാരതിനായി തെരുവില്‍ക്കിടന്നത് 50 മിനിറ്റോളമാണ്.
സംസ്ഥാനത്ത് യാത്ര ആരംഭിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും സമയക്രമം പാലിക്കാന്‍ വന്ദേഭാരതിന് ആകുന്നില്ല. മറ്റ് ട്രെയിനുകളുടെ സമയം ക്രമീകരിച്ചാണ് വന്ദേ ഭാരതിന്റെ യാത്ര. വേണാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കിത് വലിയ അടിയായിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ എടുക്കുന്ന ട്രെയിന്‍ വന്ദേഭാരതിന് അഞ്ചുമിനിറ്റ് പിന്നിലാണിപ്പോള്‍ യാത്ര തുടങ്ങുന്നത്. അഞ്ചേ പതിനഞ്ചിനായിരുന്നു എടുക്കുന്നത്. വേഗം നിയന്ത്രിച്ച് പിന്നാലെ വേണാട് ഓടിയെത്തുമ്പോഴേക്കും ഓഫിസ് സമയത്ത് എത്തിയിരുന്ന നിരവധി യാത്രക്കാര്‍ക്കും എറണാകുളത്ത് എത്താനാകുന്നില്ല.
കൊല്ലത്ത് നിന്ന് പുലര്‍ച്ചെ യാത്ര തുടരുന്ന പാലരുവി എക്‌സ്പ്രസും 20 മിനിറ്റ് വരെ പിടിച്ചിടുന്നു. വന്ദേ ഭാരതിന്റെ തിരിച്ചുള്ള യാത്രയിലും പാലരുവിക്ക് കുരുക്കാണ്. എന്നിട്ടും ട്രയല്‍ റണ്ണില്‍ കുറിച്ച നേരത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ പലദിവസങ്ങളിലും വന്ദേഭാരതിന് കഴിയുന്നുമില്ല. അപ്പോഴും കുരുട്ടുന്യായവുമായി ഇറങ്ങിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."