പ്ലസ്ടു: 3,61,901 പേരില്‍ 3,02,865 പേര്‍ക്കും ഉന്നത വിജയം; ജൂലൈ 25 മുതല്‍ സേ പരീക്ഷ: സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈയില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലത്തോടൊപ്പം സേ പരീക്ഷയ്ക്കുള്ള തീയതിയും പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ മാസത്തില്‍ പൂര്‍ത്തിയാക്കും. ഹയര്‍സെക്കന്‍ഡറിക്ക് ആകെ 2028 സ്കൂളുകളിലായി 3,61,901 പേരാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 3,02,865 പേര് ഉന്നത വിജയം നേടി. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്കോര്‍കൂടി കണക്കിലെടുത്തായിരുന്നു പരീക്ഷാഫലം നിര്‍ണയിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി അറിയിച്ചു. ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു.
ആകെ 4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കി. 20 ദിവസം കൊണ്ടാണ് ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാനായത്. വിജയശതമാനത്തില്‍ മുന്നില്‍ കോഴിക്കോട് ജില്ലയാണ് (87.79%). 78 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 29,711 പേര് പരീക്ഷ എഴുതിയതില്‍ 23,251 പേര് വിജയിച്ചു. വിജയശതമാനം 78.26. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 79.62. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിജയ ശതമാനത്തില്‍ മുന്നില്‍ കൊല്ലം ജില്ലയാണ് 87.77%.
ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയ 1,89,370 പെണ്‍കുട്ടികളില്‍ 1,69095 (89.29%)പേരും 1,73,306 ആണ്‍കുട്ടികളില്‍ 1,34,871 (77.82%) പേരും ഉന്നത പഠനത്തിനു യോഗ്യത നേടി. സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളില്‍നിന്ന് 1,25,581 (81.71%) പേരും എയ്ഡഡ് മേഖലയില്‍നിന്ന് 1,57,704 (86.02%) പേരും അണ് എയ്ഡഡ് മേഖലയില്‍നിന്ന് 19,374 പേരും (81.12%) ഉന്നത പഠനത്തിനു യോഗ്യത നേടി.
റഗുലര്‍ സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 28,450 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ 22,117 പേര് പെണ്‍കുട്ടികളും 6,333 പേര് ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 19,490 പേര്‍ക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 2871 പേര്‍ക്കും കൊമേഴ്സ് വിഭാഗത്തില്‍ 6089 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതില്‍ 53 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും (12001200) ലഭിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ് 4283.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."