പത്തനാപുരത്ത് സ്‌ഫോടക ശേഖരം: അന്വേഷണം തീവ്രവാദ ബന്ധമുള്ള സംഘടനകളെ കേന്ദ്രീകരിച്ച്
കൊല്ലം: പത്തനാപുരം പാടം വനമേഖലയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡും എന്‍.ഐ.എ ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി. തമിഴ്‌നാട് ക്യു ബ്രാഞ്ചും അന്വേഷണത്തിന് സ്ഥലത്തെത്തും. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെയാണ് തിങ്കളാഴ്ച ഫോറസ്റ്റ് ഡെവലപ്‌മെന്റെ് കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയത്. കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് പൊലിസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തീവ്രവാദ ബന്ധമുള്ള ചില സംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പുനലൂര്‍ ഡിവൈ.എസ്. പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സംസ്ഥാന പൊലിസിന്റെ അന്വേഷണം.
ഉള്‍വനങ്ങളില്‍ വനംവകുപ്പിന്റെ സഹകരണത്തോടെ തിരച്ചില്‍ നടത്താനാണ് പൊലിസ് നീക്കം. ജലാറ്റിന്‍ സ്റ്റിക്കിന്റെയും ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷണസംഘം പരിശോധിക്കും. കൂടാതെ വനമേഖലയ്ക്ക് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇരുന്നൂറോളം പേര്‍ക്ക് പാടം വനമേഖലയില്‍ വിവിധ ഘട്ടങ്ങളില്‍ പരിശീലനം ലഭിച്ചിരുന്ന വിവരം തമിഴ്‌നാട് ക്യു ബ്രാഞ്ച് കേരള പൊലിസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ക്യു ബ്രാഞ്ച് സംഘം പാടത്ത് എത്തി അന്വേഷണവും നടത്തി. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച എന്‍.ഐ.എ സംഘവും പാടത്ത് എത്തിയിരുന്നു. ഡി.ഐ.ജി അനൂപ് കുരുവിളയാണ് കേരളത്തിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."