വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം: ബി.ജെ.പിയില്‍ അതൃപ്തി
സ്വന്തം ലേഖകന്‍
കൊച്ചി: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും പിന്നാലെ വിവാദമായ കുഴല്‍പ്പണ വിഷയവും നഷ്ടമാക്കിയ പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെതിരേ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തി.
കുഴല്‍പ്പണം, സി.കെ ജാനു, സുന്ദര തുടങ്ങിയ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് അണികളെ ബോധ്യപ്പെടുത്താന്‍ നേതൃത്വം ശ്രമിക്കുന്നില്ല എന്നതാണ് ഉയരുന്ന പ്രധാന പരാതി. സ്വന്തം അണികളെ നിലപാട് ബോധ്യപ്പെടുത്താതെ സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ മാത്രമായി ഒരു നേതൃത്വം എന്തിനാണെന്നാണ് ഇവരുടെ ചോദ്യം. വിവിധ വിഷയങ്ങളുടെ പേരില്‍ പാര്‍ട്ടിയെയും നേതൃത്വത്തെയും മുഖ്യമന്ത്രിയും സര്‍ക്കാരും സി.പി.എമ്മും താറടിച്ചുകാണിക്കുന്നെന്ന് ആരോപിച്ചു പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കോര്‍ കമ്മിറ്റി നേതാക്കള്‍ നടത്തിയ നിരാഹാര സത്യഗ്രഹ സമരത്തിനെതിരേപോലും ഇത്തരത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശബ്ദമുയര്‍ത്തുന്നുണ്ട്.
ഇവര്‍ ഉന്നംവയ്ക്കുന്നത് കെ.സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനമാണ്. ഇതിന് കൃഷ്ണദാസ് പക്ഷത്തിന്റെ നിശബ്ദ സഹായവുമുണ്ട്. ഇതിന്റെ ഭാഗമായാണ് എ.എന്‍ രാധാകൃഷ്ണന്റെ മുഖ്യമന്ത്രിയ്‌ക്കെതിരേയുള്ള ഭീഷണിയെന്നും വിമതപക്ഷത്തെ ഒരു നേതാവ് പറഞ്ഞു. കേന്ദ്ര നേതൃത്വത്തിലെ വി. മുരളീധരന്റെ സ്വാധീനം ഉപയോഗിച്ച് സംസ്ഥാനത്തെ സംഘടനാ വിഷയങ്ങള്‍ ഒതുക്കിത്തീര്‍ക്കാമെന്ന സുരേന്ദ്രന്റെ മോഹം നടക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുഴല്‍പ്പണം മാത്രമല്ല ഗുരുതരമായ പല ആരോപണങ്ങളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും ഈ വിഭാഗം പറയുന്നു. ആര്‍.എസ്.എസ് നേതൃത്വത്തെയും തങ്ങളുടെ പ്രതിഷേധം നേരിട്ടറിയിക്കാനാണ് ഇവരുടെ തീരുമാനം. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പാര്‍ട്ടിയില്‍ ഇടപെടല്‍ നടത്തുന്ന സംവിധാനമായി ആര്‍.എസ്.എസ് മാറിയതിലെ അതൃപ്തിയും പരസ്യമാക്കും. നിലവില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനാണ് ബി.ജെ.പി പ്രതിരോധത്തിന്റെ മുഖം. മറ്റു നേതാക്കള്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും വിവാദ വിഷയങ്ങളില്‍ അണികള്‍ക്കുണ്ടായ അവിശ്വാസം മാറ്റാന്‍ നേതൃത്വം ഒറ്റക്കെട്ടായി ശ്രമിക്കാത്തതിലെ വീഴ്ചയും ബോധ്യപ്പെടുത്തും. കൂടാതെ ജില്ലാ തലത്തിലും മറ്റും നടത്താന്‍ ഉദ്ദേശിക്കുന്ന പ്രതിഷേധ പരിപാടികളില്‍ തല്‍ക്കാലം പങ്കെടുക്കേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. കുഴല്‍പ്പണം കിട്ടിയവരും കോഴ നല്‍കിയവരുടെ കൂട്ടാളികളും നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദേശം താഴെത്തട്ടിലേക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."