കൊവാക്‌സിനില്‍ കാളക്കുട്ടിയുടെ സിറം
വിശദീകരിച്ച് കേന്ദ്രവും ഭാരത് ബയോടെകും
ന്യൂഡല്‍ഹി: കോവാക്‌സിന്‍ നിര്‍മിക്കുന്നത് കാളക്കുട്ടിയുടെ സിറം ഉപയോഗിച്ചാണെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാറും കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും.
വാക്‌സിന്‍ നിര്‍മാണത്തിന് കന്നുകാലികളുടെ സിറം ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ അന്തിമമായി ഉത്പാദിപ്പിക്കുന്ന വാക്‌സിനില്‍ ഇതിന്റെ സാന്നിധ്യം ഉണ്ടാകില്ലെന്നും ഭാരത് ബയോടെക് വിശദീകരിച്ചു. കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെയാണ് കൊവാക്‌സിന്‍ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗപ്പെടുത്തുന്നതായി ആരോപിച്ചത്.
ഇരുപതുദിവസം പ്രായമുള്ള കിടാങ്ങളെ കശാപ്പ് ചെയ്ത ശേഷം അവയില്‍നിന്ന് ശേഖരിക്കുന്ന കട്ടപിടിച്ച രക്തത്തിലെ ഘടകമാണ് വാക്‌സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നും ഗൗരവ് പാന്ധി ട്വീറ്റ് ചെയ്തു. വെരോ കോശങ്ങളുടെ ഉത്പാദനത്തിന് വേണ്ടി മാത്രമാണ് കാലിക്കിടാങ്ങളുടെ രക്തത്തിലെ ഘടകങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാലികളുള്‍പ്പെടെ പല മൃഗങ്ങളുടേയും രക്തം വെരോ കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ലോകത്തെല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്. പോളിയോ, റാബീസ്, ഇന്‍ഫ്‌ളുവെന്‍സ തുടങ്ങിയവക്കെതിരെയുള്ള വാക്‌സിന്‍ നിര്‍മാണത്തിലും ഈ വിദ്യയാണ് കാലങ്ങളായി ഉപയോഗിച്ച് വരുന്നത്.
വെരോ കോശങ്ങള്‍ വളര്‍ത്തിയെടുത്ത ശേഷം നന്നായി ശുദ്ധീകരിക്കും. നവജാതകിടാങ്ങളില്‍നിന്നുള്ള രക്തം ഇതോടെ നീക്കം ചെയ്യപ്പെടും. പിന്നീട് വെരോ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ പ്രവേശിപ്പിച്ച് ഇരട്ടിപ്പിക്കും. വൈറസുകള്‍ വളരുന്നതോടെ വെരോ കോശങ്ങള്‍ പൂര്‍ണമായും നശിക്കും. ഈ വൈറസിനേയും നിര്‍വീര്യമാക്കിയ ശേഷം ശുദ്ധീകരിക്കും. ഈ കൊല്ലപ്പെട്ട വൈറസിനെയാണ് വാക്‌സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വാക്‌സിന്‍ നിര്‍മാണത്തിന്റെ അന്തിമഘട്ടത്തില്‍ കാലികളില്‍നിന്നുള്ള രക്തത്തിന്റെ യാതൊരംശവും എത്തിച്ചേരുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."