വിമതർക്ക് ആശ്വാസം; മറുപടിക്ക് ഒാഗസ്റ്റ് 12 വരെ സമയം
ന്യൂഡൽഹി
മഹാരാഷ്ട്രയിൽ ശിവസേന വിമതർക്ക് ആശ്വാസമായി സുപ്രിംകോടതി ഇടപെടൽ. വിമത എം.എൽ.എമാർക്ക് ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യത നോട്ടിസിൽ മറുപടി നൽകാനുള്ള സമയം ഒാഗസ്റ്റ് 12 വരെ സുപ്രിംകോടതി നീട്ടി നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഏക്നാഥ് ഷിൻഡെയുടെ ഹരജി പരിഗണിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് മുമ്പ് മറുപടി നൽകാനായിരുന്നു ഡെപ്യൂട്ടി സ്പീക്കർ വിമതരോട് ആവശ്യപ്പെട്ടിരുന്നത്. മറുപടി സത്യവാങ്മൂലം അഞ്ച് ദിവസത്തിനകം ഫയൽ ചെയ്യാൻ നിർദേശിച്ച് ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി, സർക്കാർ, സേനയുടെ പുതിയ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ്പ് സുനിൽ പ്രഭു എന്നിവർക്ക് കോടതി നോട്ടിസ് അയച്ചിട്ടുമുണ്ട്. കേസ് അടുത്തമാസം 11ന് വീണ്ടും പരിഗണിക്കും. വിമത എം.എൽ.എമാരുടെ ജീവനും സ്വത്തിനും നാശമുണ്ടാകില്ലെന്ന് മഹാരാഷ്ട്ര സർക്കാർ അഭിഭാഷകന്റെ മൊഴി കോടതി രേഖപ്പെടുത്തി.
ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന എം.എൽ.എമാരുടെ പ്രമേയമുള്ളപ്പോൾ അയോഗ്യത നോട്ടിസിൽ തീരുമാനമെടുക്കാനാകുമോ എന്നതാണ് പ്രശ്‌നമെന്ന് കോടതി പറഞ്ഞു. ആർട്ടിക്കിൾ 179 പ്രകാരം ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് ഉള്ളപ്പോൾ പത്താം ഷെഡ്യൂളിന് കീഴിലെ അയോഗ്യത പരാതി കേൾക്കാൻ ഡെപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സ്പീക്കറുടെ മുമ്പാകെ നടപടി പുരോഗമിക്കുമ്പോൾ കോടതിക്ക് ഇടപെടാനാകില്ലെന്നും സ്പീക്കറുടെ അന്തിമ തീരുമാനം വരെ കോടതിക്ക് നടപടി എടുക്കാനാവില്ലെന്നും ഔദ്യോഗിക പക്ഷത്തിൻ്റെ അഭിഭാഷകൻ മനു അഭിഷേക് സിങ് വി പറഞ്ഞു. എന്നാൽ ഡെപ്യൂട്ടി സ്പീക്കറെ തന്നെ നീക്കം ചെയ്യണമെന്ന പ്രമേയമുള്ളപ്പോൾ അയോഗ്യത നടപടികളുമായി മുന്നോട്ടുപോകാനാകില്ലെന്ന് വിമതരുടെ അഭിഭാഷകൻ നീരജ് കിഷൻ കൗൾ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."