വകുപ്പുകള്‍ ലയിപ്പിച്ചു തസ്തികകള്‍ ഇല്ലാതാക്കി പട്ടേലിന്റെ പുതിയ പരിഷ്‌കാരം ദ്വീപില്‍ തൊഴിലില്ലായ്മ വര്‍ധിക്കും
ജലീല്‍ അരൂക്കുറ്റി
കവരത്തി: വകുപ്പുകള്‍ ലയിപ്പിച്ച് നിലവിലുള്ള തസ്തികകള്‍ ഇല്ലാതാക്കുന്ന പുതിയ പരിഷ്‌കാരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഗ്രാമീണ വികസന വകുപ്പും പഞ്ചായത്ത് വകുപ്പും ഒന്നാക്കി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച 33 തസ്തികകള്‍ ഉള്‍പ്പെടെ നിരവധി ഒഴിവുകള്‍ ഇല്ലാതാകും. ഡിപ്പാര്‍ട്‌മെന്റ് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് കീഴില്‍ പത്ത് പ്രൊജക്ട് ഓഫിസര്‍, എട്ട് അക്കൗണ്ട് ഓഫിസര്‍, ഏഴുവീതം അസിസ്റ്റന്റ് എന്‍ജിനീയര്‍, അസി.പ്രൊജക്ട് ഓഫിസര്‍, ഒരു ജൂനിയര്‍ എന്‍ജിനീയര്‍ പോസ്റ്റുകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഈ പോസ്റ്റുകളില്‍ പലതിലും നിയമം നടന്നിട്ടില്ല. ഇവയില്‍ ഒഴിവുള്ളവ ഇല്ലാതാക്കാനും നിയമിക്കപ്പെട്ടവരെ മാറ്റിനിയമിക്കുവാനുമാണ് തിരുമാനം.
കൂടാതെ പഞ്ചായത്ത് വകുപ്പിന് കിഴിലുള്ള മലയാളം, മഹല്‍ ( ദ്വീപ് ഭാഷ ) മൊഴിമാറ്റം നടത്തുന്നതിനുള്ള തസ്തികകളും ഇല്ലാതാകും.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ എസ്.എ.ജി.വൈ.എന്‍ .ആര്‍.എല്‍.എം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ എല്ലാ പദ്ധതികള്‍ക്കും കൂടി സൂപ്രണ്ട്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ഓരോരുത്തരും യു.ഡി ക്ലര്‍ക്ക്, എല്‍.ഡി ക്ലര്‍ക്ക്, എം.എസ്.ഇ എന്നീ തസ്തികകളില്‍ രണ്ടുവീതം പേര്‍ മാത്രമാക്കി ചുരുക്കാനാണ് തീരുമാനം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുസംബസിച്ച തീരുമാനം സ്‌പെഷല്‍ സെക്രട്ടറിമാരായ ജി.പി മിശ്ര, സുശി സിങ് ഒപ്പുവച്ച സര്‍ക്കുലര്‍ ഇന്നലെ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ വകുപ്പ് സെക്രട്ടറിമാരുടെയും ഡയരക്ടര്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്താന്‍ അഡ്മിനിസേ്ട്രഷന് താല്‍പര്യമില്ല. ഡയരക്ടര്‍ തസ്തിക ഉള്‍പ്പെടെ പ്രധാന പദവികളില്‍നിന്ന് ദ്വീപുകാരെ ഒഴിവാക്കി ഉത്തരേന്ത്യക്കാരായ ഉദ്യോസ്ഥരെയാണ് നിയമിക്കുന്നത്.
ഭരണസൗകര്യത്തിനെന്ന പേരില്‍ വകുപ്പുകള്‍ ലയിപ്പിക്കുന്നത് കൂടുതല്‍പേരെ തൊഴില്‍രഹിതരാക്കുയെന്ന ലക്ഷ്യത്തോടെയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ഹസന്‍ ബൊഡുമുക്കഗോത്തി സുപ്രഭാതത്തോട് പറഞ്ഞു. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് കൂടുതല്‍ തസ്തികകള്‍ മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ അനുവദിച്ചുതന്നത്. ദ്വീപില്‍ സ്വകാര്യ സംരംഭങ്ങള്‍ ഇല്ലാത്തതിനാല്‍ ജോലി സാധ്യതകള്‍ കുറവാണ്.
ഇത് പരിഗണിച്ചാണ് പരേതനായ മുന്‍ കേന്ദ്രമന്ത്രി പി.എം സഈദ് നിരവധി മേഖലകളില്‍ തസ്തികകള്‍ സൃഷ്ടിച്ചത്.
ഇക്കാര്യം ഇതുവരെയുള്ള അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഉള്‍ക്കൊണ്ടിരുന്നു. പട്ടേല്‍ വന്ന ശേഷം ദ്വീപില്‍ ഈ കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍രഹിതരായവരുടെ എണ്ണം വര്‍ധിച്ചുവെന്നത് ഗൗരവത്തില്‍ കാണേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."