യോഗദിനത്തില്‍ എം.പിമാര്‍ക്കുള്ള സെഷന്‍ പ്രജ്ഞാസിങ് നയിക്കും
ന്യൂഡല്‍ഹി: രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ച് പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള പ്രത്യേക യോഗസേഷന്‍ നയിക്കുന്നത് ബി.ജെ.പിയുടെ വിവാദ എം.പിയും മലേഗാവ് ഭീകരാക്രമണക്കേസിലെ പ്രതിയുമായ സാധ്വി പ്രജ്ഞാസിങ്.
ഈ മാസം 21ന് യോഗദിനത്തില്‍ എം.പിമാര്‍ക്കായി ആകെ നാലുസെഷനാണുള്ളത്. അതില്‍ യോഗയും ജീവിതമാര്‍ഗവും എന്ന വിഷയമാണ് പ്രജ്ഞാസിങ് കൈകാര്യംചെയ്യുകയെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. കൊവിഡ്, കൊവിഡാനന്തര കാലത്തെ യോഗയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ മൊറാര്‍ജി ദേശായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ഡയരക്ടര്‍ ഡോ. ഈശ്വര്‍ വി. ബസവറഡ്ഡിയാണ് അവസാന സെഷന്‍ കൈകാര്യംചെയ്യുന്നത്.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മലേഗാവ് കേസില്‍ പ്രജ്ഞാസിങ് ജാമ്യത്തിലിറങ്ങിയത്. പാര്‍ലമെന്റിലുള്‍പ്പെടെ 51 കാരിയായ പ്രജ്ഞാസിങ് വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കാറുള്ളത്. ജാമ്യത്തില്‍ കഴിയവെ തന്നെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി വിജയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ഇവര്‍ വിവാദത്തിലകപ്പെടുകയുംചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."