രാജിവച്ചു
മുംബൈ
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. കടുത്ത വാദപ്രതിവാദത്തിനൊടുവിൽ ഇന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് രാജി. സുപ്രിംകോടതി വിധി മാനിക്കുന്നുവെന്നും ജനാധിപത്യം നിലനിൽക്കണമെന്നും ഉദ്ധവ് രാത്രി ഒമ്പതരയോടെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
ഇന്ന് വിശ്വാസവോട്ട് തേടണമെന്ന ഗവർണർ ഭഗത്‌സിങ് കോഷിയാരിയുടെ നിർദേശം ഉദ്ധവ് താക്കറെ സുപ്രിംകോടതിയിൽ ചോദ്യംചെയ്‌തെങ്കിലും കോടതി കനിഞ്ഞില്ല. ഇന്ന് വിശ്വാസവോട്ടെടുപ്പ് നേരിട്ടാലെന്താണ് പ്രശ്‌നമെന്നായിരുന്നു സുപ്രിംകോടതിയുടെ മറുചോദ്യം.
ശിവസേനയുടെ 55 എം.എൽ.എമാരിൽ 13 പേർ മാത്രമേ അവസാന നിമിഷം ഉദ്ധവ് താക്കറെയുടെ കൂടെയുണ്ടായിരുന്നുള്ളൂ. വിമത എം.എൽ.എമാരെ പാളയത്തിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായിരുന്നതിനാലാണ് ഉദ്ധവ് പക്ഷം കോടതിയെ സമീപിച്ചത്. എന്നാൽ കോടതി കൃത്യമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അതോടെ രാജിയല്ലാതെ മാർഗമില്ലെന്ന് ഉദ്ധവിന് ബോധ്യമായി. തുടർന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ഉദ്ധവ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.
ജയിലിലുള്ള മന്ത്രി നവാബ് മാലിക്, മുൻ മന്ത്രി അനിൽ ദേശ്മുഖ് എന്നിവർക്ക് വോട്ടുചെയ്യാമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു.
ഇന്നത്തെ വിശ്വാസവോട്ടെടുപ്പിലെ ഫലം വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ജൂലൈ 11ന് പരിഗണിക്കുമ്പോൾ കണക്കിലെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉദ്ധവ് പക്ഷത്തെ 39 എം.എൽ.എമാരാണ് വിമത നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ളത്.
അതേസമയം തങ്ങളാണ് യഥാർഥ ശിവസേനയെന്നും 39 എം.എൽ.എമാർ തങ്ങളുടെ കൂടെയാണെന്നും ഷിൻഡെ സുപ്രിം കോടതിയിൽ വാദിച്ചു. തങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഷിൻഡെ പക്ഷത്തുള്ള എം.എൽ.എമാർ ഇന്നലെത്തന്നെ അസമിലെ ഗുവാഹത്തിയിൽ കഴിഞ്ഞിരുന്ന ഹോട്ടൽ വിട്ട് ഗോവയിലേക്കു പുറപ്പെട്ടിരുന്നു.
നേരത്തെ ഷിൻഡെയുടെ കത്ത് സ്വീകരിച്ച ഗവർണർ ഉദ്ധവിനോട് സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടയച്ച കത്തിൽ സർക്കാർ ന്യൂനപക്ഷമായതായി ചൂണ്ടിക്കാട്ടിയിരുന്നു. ഗവർണറെ നേരിൽക്കണ്ട് അനുഭാവം നേടാൻ അവസാനനിമിഷം ഉദ്ധവ് നടത്തിയ ശ്രമവും വിഫലമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."