ഗുരുതര ആരോപണവുമായി വീണ്ടും സ്വപ്ന സുരേഷ് സ്പ്രിംഗ്ലർ ഇടപാടിൽ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്നും സ്വപ്ന
കൊച്ചി
സ്പ്രിംഗ്ലർ ഇടപാടിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണെന്ന് സ്വപ്ന സുരേഷ്. ലീലാ പാലസിൽ നിന്ന് രാജ്ഭവനിലേക്ക് പോകുകയായിരുന്ന ഷാർജ ഭരണാധികാരിയെ വീണയുടെ ബിസിനസ് ആവശ്യങ്ങൾക്കായി ക്ലിഫ് ഹൗസിൽ എത്തിച്ചത് താനായിരുന്നു. കേന്ദ്രാനുമതി ഇല്ലാതെയാണ് യാത്രാപരിപാടി മാറ്റിയത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടായിരുന്നു ഇത്. അന്നത്തെ എ.ഡി.ജി.പി മനോജ് ഏബ്രഹാം ഇതിന് നേതൃത്വം നൽകിയെന്നും സ്വപ്ന വെളിപ്പെടുത്തി.
എക്സാലോജിക്കിന്റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. സ്പ്രിംഗ്ലർ വഴി ശേഖരിച്ച ഡാറ്റ വിൽപ്പന നടത്തി. ഡാറ്റ കടത്തിന്റെ ബുദ്ധികേന്ദ്രം വീണയായിരുന്നു. സ്പ്രിംഗ്ലർ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ബലിയാടാക്കുകയായിന്നു. ഈ കേസിൽ വീണാ വിജയനാണ് ബുദ്ധികേന്ദ്രമെന്നും തന്നെ ബലിയാടാക്കുകയായിരുന്നെന്നും ശിവശങ്കർ പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി.
മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണ്. താൻ 2016 മുതൽ 2020 വരെ പലവട്ടം ഒരു പരിശോധനയും കൂടാതെ ക്ലിഫ്ഹൗസിൽ പോയിട്ടുണ്ട്. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും ഇക്കാലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണം. തന്റെ കൈയിലും സി.സി.ടി.വി ദ്യശ്യങ്ങളുണ്ട്. മറന്നുവച്ച ബാഗ് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി.
ഷാർജ ഷെയ്ഖിന് കൈക്കൂലി കൊടുത്തെന്ന് താൻ പറഞ്ഞിട്ടില്ല. ഷാർജ സുൽത്താന് കൈക്കൂലി കൊടുത്തെന്ന് മന്ത്രിമാർ ഉൾപ്പെടെ പറയുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ല. ഇവർക്കൊക്കെ എന്തിലാണ് ഡോക്ടറേറ്റ്. ഇംഗ്ലീഷ് മനസിലാവില്ലെ. തനിക്കാണ് മുഖ്യമന്ത്രിയും കുടുംബവും പണം ഉൾപ്പെടെ പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തത്. തന്റെ പക്കൽ തെളിവായി പല ദൃശ്യങ്ങളുമുണ്ടെന്നും സ്വപ്ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."