ഇനി സവാള മുള വന്ന് കേടുവരില്ല, ഇങ്ങനെ ചെയ്ത് നോക്കൂ..
വാങ്ങിവെച്ച സവാളകള്‍ പെട്ടന്ന് മുളവന്ന് കേടാവുന്നുണ്ടോ?
ഒരാഴ്ചയ്‌ക്കോ മറ്റോ വേണ്ട പച്ചക്കറികള്‍ ഒന്നിച്ച് വാങ്ങുന്ന ശീലം ഒട്ടുമിക്ക മലയാളികള്‍ക്കുമുണ്ട്. പക്ഷേ ഇങ്ങനെ സൂക്ഷിച്ചുവയ്ക്കുമ്പോള്‍ ചിലത് മുള വന്നോ മറ്റോ ഉപയോഗക്ഷമമല്ലാതാകും. പിന്നീടവ നേരെ ബാസ്‌ക്കറ്റിലേക്ക് വലിച്ചെറിയാണ് പതിവ്. ഒട്ടുമിക്ക അടുക്കളയിലും മുളച്ച് സവാളകള്‍ കാണാറുണ്ട്. ഇത്തരത്തില്‍ സവാളയില്‍ മുളപൊട്ടാതിരിക്കാന്‍ നമ്മള്‍ സവാള എടുത്ത് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
മിക്‌സ് ചെയ്ത് ഇടാതിരിക്കുക
നമ്മളുടെ വീട്ടില്‍ സവാള വാങ്ങി കഴിഞ്ഞാല്‍ മിക്കപ്പോഴും അതിന്റെ സ്ഥാനം ഉരുളക്കിഴങ്ങിന്റെ കൂടെ മിക്‌സ് ചെയ്ത് ഇടും. അല്ലെങ്കില്‍ വെളുത്തുള്ളിയും ചെറിയ ഉള്ളിയും സവാളയുമെല്ലാം ഒരുമിച്ചായിരിക്കും കിടക്കുന്നുണ്ടാവുക. എന്നാല്‍, ഇത്തരത്തില്‍ ഉരുളക്കിഴങ്ങിന്റെ കൂടെ ഇടുന്നതും വെളുത്തുള്ളിയുടെ കൂടെ ഇടുന്നതും സവാള വേഗത്തില്‍ മുളയ്ക്കാന്‍ കാരണമാകുന്നുണ്ട്.
കാരണം, ഇത്തരം പച്ചക്കറികളില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ സവാല വേഗത്തില്‍ മുളയ്ക്കുന്നതിന് ഇത് ഒരു കാരണമാകുന്നു. അതിനാല്‍, സവാള സൂക്ഷിക്കുമ്പോള്‍ പ്രത്യേകം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
നനവുള്ള ഇടത്ത് സൂക്ഷിക്കാതിരിക്കുക
സവാള സൂക്ഷിക്കുമ്പോള്‍ എപ്പോഴും അധികം നനവ് തട്ടാത്ത ഉണങ്ങിയ സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. നനവ് തട്ടുന്നത് സവാള വേഗത്തില്‍ മുളയ്ക്കുന്നതിന് ഒരു കാരണമാണ്. അതിനാല്‍, വെള്ളം വീഴുന്ന സ്ഥലത്ത്, പ്രത്യേകിച്ച് അടുക്കളയില്‍ സിങ്കിനോട് ചേര്‍ന്ന് ഒരിക്കലും സവാള സൂക്ഷിക്കരുത്. അതുപോലെ തന്നെ, സവാള നല്ലപോലെ ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലത്തും സൂക്ഷിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
എപ്പോഴും നല്ലപോലെ പ്രകാശം കടക്കുന്നതും അതുപോലെ തന്നെ തുറന്നിരിക്കുന്ന സ്ഥലത്ത് സവാള സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത് സവാള വേഗത്തില്‍ മുളയ്ക്കുന്നത് തടയാന്‍ സഹായിക്കും.
ജ്യൂട്ട് ബാഗില്‍ സൂക്ഷിക്കുക
സവാള നല്ല ജ്യൂട്ട് ബാഗില്‍ അല്ലെങ്കില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ നല്ല തുണിയുടെ സഞ്ചിയില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. നിങ്ങള്‍ ഇത്തരം സഞ്ചിയില്‍ സവാള സൂക്ഷിക്കുകയാണെങ്കില്‍ ഇത് വേഗത്തില്‍ ചീത്തയാകാതിരിക്കാന്‍ സഹായിക്കുന്നതാണ്.
ചിലര്‍ ചാക്ക് നിലത്ത് വിരിച്ച് അതിന്റെ മുകളില്‍ സവാള നിരത്തി വെക്കുന്നതും കാണാം. ഇത്തരത്തില്‍ സവാള സൂക്ഷിക്കുന്നതും സവാള വേഗത്തില്‍ ചീത്തയാകാതിരിക്കാന്‍ സഹായിക്കുന്നുണ്ട്.
ഫ്രിഡ്ജില്‍ വെക്കരുത്
ഇന്ന് പഴം പച്ചക്കറികളെല്ലാം തന്നെ കേടാകാതിരിക്കാന്‍ എല്ലാവരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. എന്നാല്‍, എല്ലാ സാധനങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. അത്തരത്തില്‍ ഒന്നാണ് സവാളയും. ചിലര്‍ സവാള ഫ്രിഡ്ജില്‍ കേടാകാതിരിക്കാന്‍ സൂക്ഷിക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ സൂക്ഷിക്കുമ്പോള്‍ സവാള വേഗത്തില്‍ കേടാവുകയാണ് ചെയ്യുന്നത്.
ഫ്രിജ്ഡില്‍ നിലനില്‍ക്കുന്ന ഈര്‍പ്പം സവാള വേഗത്തില്‍ കേടാകുന്നതിലേയ്ക്ക് നയിക്കുന്നു. അതുപോലെ തന്നെ, ചിലര്‍ സവാള പ്ലാസ്റ്റിക്ക് കവറില്‍ ആക്കി പുറത്ത് സൂക്ഷിക്കുന്നത് കാണാം. അമിതമായി ചൂട് ഏല്‍ക്കുന്നതും സവാള കേടാകുന്നതിന് ഒരു കാരണമാണ്.
സവാള ഉപയോഗിക്കേണ്ട വിധം
സവാള എപ്പോഴും ചീത്തയാകാതെ സൂക്ഷിക്കുന്നത് നല്ലതാണ്. അതുപോലെ, സവാളയില്‍ ചിലപ്പോള്‍ കറുപ്പ് നിറത്തിലുള്ള പൊടി കണ്ടെന്ന് വരാം. ഈ ഭാഗം ഉള്ള ലെയര്‍ നീക്കം ചെയ്ത് വേണം കറികളില്‍ ഉപയോഗിക്കാന്‍. അതുപോലെ തന്നെ സവാള നന്നായി കഴുകി ഉപയോഗിക്കാന്‍ ഒരിക്കലും മറക്കരുത്.
സവാള അരിഞ്ഞ് മുന്‍കൂട്ടി വെച്ച് അത് കറികളില്‍ ഉപയോഗിക്കുന്നതും നല്ലതല്ല. അന്തരീക്ഷത്തിലെ അണുക്കളെ ആകര്‍ഷിക്കാന്‍ സവാളയ്ക്ക് കഴിവുണ്ട്. ഇത് ആഹാരത്തെ വിഷമയമാക്കുന്നു. അതിനാല്‍, കറി വെക്കുമ്പോള്‍ മാത്രം സവാള കഴുകി എടുത്ത് അരിഞ്ഞ് ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."