HOME
DETAILS

സവർക്കറുടെ ജന്മദിനംതന്നെയാണ് ഉത്തമം

  
backup
May 27 2023 | 05:05 AM

savarkars-birthday-is-the-best

പി.ബി ജിജീഷ്


1937-ൽ മൂന്നാം തവണയും കോൺഗ്രസ് പ്രസിഡൻ്റായി നെഹ്റു തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ബംഗാളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന'മോഡേൺ റിവ്യൂ'-ൽ 'രാഷ്ട്രപതി' എന്നൊരു ലേഖനം പ്രത്യക്ഷപ്പെട്ടു. ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: 'രാഷ്ട്രപതി ജവഹർലാൽ കീ ജയ്!' തന്നെ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വേഗത്തിൽ കടന്നുപോകുന്നതിനിടെ രാഷ്ട്രപതി മുഖമുയർത്തി നോക്കി. അയാളുടെ കൈകൾ ഉയർന്നുപൊങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. അയാളുടെ ദൃഢമാർന്ന മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അതു കണ്ട് മനുഷ്യർ പെട്ടെന്ന് പ്രതികരിച്ചു. ചിരിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. ആ പുഞ്ചിരി ഉടനെ മാഞ്ഞു. മുഖം വീണ്ടും മുറുകുകയും ദുഃഖപൂർണമാവുകയും ചെയ്തു. വലിയ തോതിൽ വൈകാരികമായി ആവേശം കൊള്ളുന്ന ജനതയ്ക്ക് മുന്നിൽ നിർവികാരനായി നിലകൊണ്ടു. ആ ചിരിക്കും അഭിവാദ്യത്തിനും പിന്നിൽ ഒരു യാഥാർഥ്യവുമില്ല എന്ന് തോന്നിച്ചു. അവ ജനങ്ങളുടെ മതിപ്പ് പിടിച്ചുപറ്റാനുള്ള കപട തന്ത്രമായിരുന്നു. അത് അങ്ങനെ തന്നെയായിരുന്നോ?'


നെഹ്റു, സീസറിനെപ്പോലെ ഒരു ഏകാധിപതിയായി മാറാനുള്ള സാധ്യതകളെക്കുറിച്ചായിരുന്നു ലേഖനം. ഏകാധിപതിക്ക് ഉതകുംവിധം സ്വന്തം വ്യക്തിപ്രഭാവം ബോധപൂർവം സൃഷ്ടിച്ചെടുക്കാൻ നെഹ്റു നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള രൂക്ഷവിമർശമായിരുന്നു അത്. ഇനിയും അദ്ദേഹത്തെ തെരഞ്ഞെടുക്കരുത് എന്നായിരുന്നു ആഹ്വാനം. ലേഖകന്റെ പേര് ചാണക്യൻ.
1926-ൽ 'ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ' എന്ന പേരിൽ സവർക്കറുടെ ഒരു ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നു. അദ്ദേഹം എങ്ങനെയാണ് ജന്മനാ വീരൻ ആയിരുന്നതെന്നും ആരെയും കൂസാത്ത, എവിടെ അനീതി കണ്ടാലും പ്രതികരിക്കുന്ന, മഹാനായ രാഷ്ട്രീയനേതാവായി അദ്ദേഹം മാറിയത് എങ്ങനെയെന്നുമെല്ലാം വിശദീകരിക്കുന്നുണ്ട് ഗ്രന്ഥത്തിൽ. ഈ പുസ്തകത്തിലാണ് സവർക്കറെ 'വീർ സവർക്കർ' എന്നു ആദ്യമായി വിശേഷിപ്പിക്കുന്നത്. ഗ്രന്ഥകർത്താവ് ചിത്രഗുപ്തൻ.
ഈ രണ്ടു സംഭവങ്ങൾക്കും സമാനതകളുണ്ട്. ഇതിൽ രണ്ടിന്റെയും ലേഖകന്റെ പേര് കൊടുത്തിരിക്കുന്നത് വ്യാജമാണ്. യഥാർഥത്തിൽ ഇതിൽ പരാമർശവിധേയരായ വ്യക്തികൾ തന്നെയാണ് അത് എഴുതിയിരിക്കുന്നതും. നെഹ്റുവിനെ വിമർശിച്ചുകൊണ്ട്, അദ്ദേഹം ഏകാധിപതിയായി മാറാനുള്ള സാധ്യതകളെ വിലയിരുത്തിക്കൊണ്ട്, മോഡേൺ റിവ്യൂവിൽ 'രാഷ്ട്രപതി' എന്ന ലേഖനം എഴുതിയത് നെഹ്റുതന്നെയാണ്. അതുപോലെത്തന്നെ സ്വന്തം മഹത്വം ആഘോഷിച്ചുകൊണ്ട്, സ്വയം 'വീർ' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ജീവചരിത്ര ഗ്രന്ഥം എഴുതിയ ചിത്രഗുപ്തൻ സവർക്കർ അല്ലാതെ മറ്റാരുമായിരുന്നില്ല!


വ്യക്തികൾ എന്ന നിലയിൽ നെഹ്റുവും സവർക്കറും തമ്മിലുള്ള അന്തരം എത്രയോ വലുതാണ് എന്ന് വ്യക്തമാക്കാൻ ഈ ഒരൊറ്റ സംഭവം മതി. ഈയൊരൊറ്റ സംഭവം മതി, സവർക്കർ മുന്നോട്ടുവച്ച വംശീയതയിൽ അധിഷ്ഠിതമായ വിദ്വേഷദർശനത്തിന്റെ പ്രയോക്താക്കൾ അധികാരത്തിലിരിക്കുമ്പോൾ, പുതിയ പാർലമെൻ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സവർക്കറുടെ ജന്മദിനത്തിൽ തന്നെ നിശ്ചയിച്ചത് എന്തുകൊണ്ടെന്ന് മനസിലാകുവാൻ.


ഇത്തരമൊരു ചടങ്ങ് നെഹ്റുവിൻ്റെ ഓർമകൾക്ക് മുന്നിൽ സമർപ്പിക്കാൻ സ്വയം വീരൻ എന്ന് വിളിച്ച ഭീരുവിന്റെ പിൻമുറക്കാർക്ക് കഴിയില്ലല്ലോ. നെഹ്റുവും സവർക്കറും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജയിൽ ദിനങ്ങളിൽ, നെഹ്റു തന്റെ മാതൃരാജ്യത്തിന്റെ ആത്മാവിനെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, അത് 'ഇന്ത്യയെ കണ്ടെത്ത'ലായി. സവർക്കർ ആകട്ടെ ഒന്നിനുപുറകെ ഒന്നൊന്നായി മാപ്പപേക്ഷകൾ നൽകിക്കൊണ്ട് സ്വയം രാജ്യത്തെ ഒറ്റുകൊടുത്തു എന്ന് മാത്രമല്ല, ഇന്ത്യയിലെ യുവജനങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ പാതയിൽ നിന്ന് പിൻവലിച്ച് ബ്രിട്ടീഷുകാരുടെ പാദസേവകരാക്കി മാറ്റുന്നതിനുള്ള ലക്ഷ്യത്തിൽ വ്യാപൃതനാവുകയും ചെയ്തു. നെഹ്റു നാനാത്വങ്ങളിലെ ഏകത്വത്തിൽ ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, ഇന്ത്യക്ക് ഒരുകാലത്തും ഒരൊറ്റ രാജ്യമായി നിലനിൽക്കാൻ കഴിയില്ല എന്ന വിഭാഗീയ പ്രത്യയശാസ്ത്രത്തിൻ്റെ നിർമിതിയിലായിരുന്നു സവർക്കർ. അതിൻ്റെ തുടർച്ചയായാണ് 1925-ൽ രാഷ്ട്രീയ സ്വയംസേവക സംഘം രൂപംകൊള്ളുന്നത്. 1931 വരെ സംഘത്തലവൻ ആയിരുന്ന ഹെഡ്ഗെവാറും തുടർന്ന് വന്ന ഗോൾവാൾക്കറും സംഘം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാതിരിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു.


ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഔദ്യോഗികമായി പൂർണസ്വരാജ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയും ഗാന്ധിയുടെയും നെഹ്റുവിൻ്റെയും നേതൃത്വത്തിൽ വലിയ പോരാട്ടങ്ങൾ രാജ്യമെമ്പാടും ഉയർന്നുവരികയും ചെയ്ത 1930-കളിൽ,ഹെഡ്ഗെവാറിന്റെ തല തൊട്ടപ്പനും ഹിന്ദു മഹാസഭയുടെ നേതാവുമായിരുന്ന ബി.എസ് മൂഞ്ചൈ ഇറ്റലിയിൽ ഫാസിസത്തിന്റെ പാഠശാലകളിലായിരുന്നു. മുസോളിനി മുന്നോട്ടുവച്ച വംശഹത്യയുടെ പ്രത്യയശാസ്ത്രത്തിൻ്റെ ആരാധകരായിരുന്നു ഹിന്ദുത്വവാദികൾ.


ഈ വിദ്വേഷ പ്രചാരണത്തിന്റെ അങ്ങേയറ്റം ഏറ്റെടുക്കാൻ അപ്പുറത്തും ആളുകൾ ഉണ്ടായി. രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. എന്നാൽ ഇന്ത്യ, സവർക്കറും സംഘവും സ്വപ്നം കണ്ട വർഗീയതയുടെ രക്തം മണക്കുന്ന പാതകളെ നിരാകരിച്ചു. നമ്മുടെ ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര ജനാധിപത്യ വീക്ഷണങ്ങളെയാണ് ഇന്ത്യക്കാർ നെഞ്ചോട് ചേർത്തത്. ഇത് ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവർക്ക് കഴിയുന്നത്ര രൂക്ഷമായ ഭാഷയിൽ സ്വാതന്ത്ര്യ സമരത്തെയും സ്വതന്ത്ര ഇന്ത്യയെയും അവർ ഭള്ള് പറഞ്ഞു. അവർ സമൂഹത്തിൽ ഒഴുക്കിയ വിഷം അവസാനം നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവനെടുക്കുന്ന ഘട്ടംവരെ എത്തി.


ഗാന്ധിവധത്തിനു പിന്നിൽ സവർക്കരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന വർഗീയ വിഷ പ്രചാരണമാണ് ഗാന്ധിവധത്തിലേക്ക് എത്തിയത് എന്ന് സർദാർ പട്ടേൽ പ്രസ്താവിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ചു. ലഭ്യമായ എല്ലാ അവസരങ്ങളിലും വർഗീയ ഫാസിസ്റ്റുകൾക്കെതിരേ മുന്നറിയിപ്പുകൾ നൽകാൻ നെഹ്റു മറന്നില്ല. ഒന്നരവർഷത്തെ നിരോധനത്തിനുശേഷം, യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്തുകയില്ല എന്ന ഉറപ്പ് എഴുതി നൽകി ആർ.എസ്.എസ് വീണ്ടും സജീവമായപ്പോഴും നെഹ്റു, സംഘടനയുടെ ഇരട്ടമുഖത്തെക്കുറിച്ച് ജാഗരൂകനായിരുന്നു.
ഗാന്ധി ഘാതകനായ ഹിന്ദുത്വ ഭീകരവാദി നാഥുറാം ഗോഡ്സെയ്ക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടായിരുന്നില്ല എന്ന നുണ പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ തന്നെ തിരുത്തിയതാണ്. ഗാന്ധിവധത്തിൽ സവർക്കർ ശിക്ഷിക്കപ്പെടാതിരുന്നത് വിചാരണവേളയിൽ തെളിവുകൾ കൊറോബറേറ്റ് ചെയ്യുന്ന രണ്ടാമതൊരു മൊഴികൂടി ഉണ്ടായിരുന്നില്ല എന്ന സാങ്കേതികത്വത്തിലാണ്. എന്നാൽ പിന്നീട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കപൂർ കമ്മിഷനു മുന്നിൽ നേരത്തെ ലഭ്യമല്ലാതിരുന്ന തെളിവുകൾ വരികയും സവർക്കർ കൊലപാതക ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.


എന്നാൽ ദൗർഭാഗ്യവശാൽ, ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ച, രാഷ്ട്രീയദർശനത്തിന് തെരഞ്ഞെടുപ്പിൽ പ്രാമുഖ്യം ലഭിച്ചിരിക്കുന്ന ദുഃഖകരമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. 1937-ൽ നെഹ്റു രാഷ്ട്രപതി എന്ന ലേഖനത്തിൽ ഏകാധിപതിയുടെ അടയാളങ്ങൾ എങ്ങനെ മുന്നിൽ കണ്ടിരുന്നുവോ, അതിനേക്കാൾ അപകടകരമായ രീതിയിൽ വ്യക്തി ആരാധനയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും നികൃഷ്ട ലക്ഷണങ്ങൾ പരസ്യമായി ആഘോഷിക്കുന്ന ഒരു രാഷ്ട്രീയസംവിധാനം നമ്മെ ഭരിക്കുന്നു. ഭരണഘടനയും ഭരണഘടനാ പദവികളും അപ്രസക്തമാകുന്നു.


രാജ്യത്തിൻ്റെ പ്രസിഡന്റും രാജ്യസഭയും ലോക്സഭയും ചേരുന്നതാണ് പാർലമെൻ്റ് എന്ന് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 79 പറയുന്നു. പ്രസിഡൻ്റാണ് രാജ്യത്തിൻ്റെ പ്രഥമ പൗരൻ. പാർലമെന്റിന്റെ തലവനും. രണ്ടാമതായി വരുന്നത് വൈസ് പ്രസിഡൻ്റാണ്. മൂന്നാമനാണ് പ്രധാനമന്ത്രി. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്തെ സുപ്രധാന പല ചടങ്ങുകളും ശ്രദ്ധേയമാകുന്നത് പ്രസിഡന്റിന്റെ അഭാവം കൊണ്ടാണ്. പുതിയ പാർലമെൻ്റ് മന്ദിരം നിർമിക്കാനുള്ള തീരുമാനമെടുത്തു. അതിൻ്റെ നിർമാണോദ്ഘാടന വേദിയിൽ രാഷ്ട്രപതിക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. കഴിഞ്ഞവർഷം സായുധ സേനയുടെ അഭിമാനമായ ഐ.എൻ.എസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന ചടങ്ങിലും രാജ്യത്തിൻ്റെ സർവ സൈന്യാധിപൻ കൂടിയായ രാഷ്ട്രപതിയുടെ അസാന്നിധ്യം വാർത്തയായിരുന്നു. സെൻട്രൽ വിസ്റ്റയിൽ, രാഷ്ട്രപതി ഭവന് തൊട്ടുമുന്നിലായി നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴും വേദിയിൽ രാഷ്ട്രപതി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയായിരുന്നു അതും നിർവഹിച്ചത്.


ഇന്ത്യയുടെ പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യുമ്പോഴും രാഷ്ട്രപതിയില്ല. ലോക്സഭാ സ്പീക്കർ ഓം ബിർളയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് പുതിയ പാർലമെൻ്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്. പട്ടികവർഗ വിഭാഗത്തിൽനിന്ന് ആദ്യമായി രാഷ്ട്രപതി പദവിയിൽ എത്തിയ ആൾ എന്ന നിലയിൽ മാത്രമല്ല, പല പൊതുവിഷയങ്ങളിലും കൃത്യമായ നിലപാടുകൾ എടുക്കുന്ന നേതാവ് എന്ന നിലയിൽ രാജ്യം മനസിലാക്കുന്ന ദ്രൗപതി മുർമുവിനെ, ലോക്സഭാ സെക്രട്ടേറിയറ്റ്, ആ ചടങ്ങിൽനിന്ന് ഒഴിവാക്കിയത് ആകസ്മികമായല്ല. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന ചോദ്യം ഉയരുമ്പോഴാണ് ചാണക്യൻ എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തെ വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയ നെഹ്റുവിനെ ഓർമ വരുന്നത്. എത്രകണ്ട് അവഗണിച്ചിട്ടും എങ്ങനെയൊക്കെ മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും അദ്ദേഹത്തിൻ്റെ ഓർമകൾ പോലും ഇന്ത്യൻ ഫാസിസ്റ്റുകളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. എല്ലാ സങ്കുചിത സങ്കൽപങ്ങൾക്കും എതിരുനിന്ന, കറ തീർന്ന മതേതരവാദിയും ജനാധിപത്യവാദിയുമായിരുന്ന, ബൗദ്ധിക കരുത്തും വ്യക്തിത്വവും കൊണ്ട് ലോക നേതാവായി മാറുകയും ചെയ്ത നെഹ്റുവിൻ്റെ പ്രഭാവം ഇവർ മുന്നോട്ടുവയ്ക്കുന്ന ഫാസിസ്റ്റ് രാഷ്ട്രസങ്കൽപത്തിന്റെ ആണിക്കല്ലിളക്കുന്നതാണ്.


'ഞാൻ, ഞാൻ, ഞാൻ!' എന്നു മാത്രം ചിന്തിക്കുന്നവർക്ക് ചേരുന്നത് സ്വയം 'വീർ' എന്ന് വിശേഷിപ്പിച്ച് മറ്റൊരു പേരിൽ ജീവചരിത്രം എഴുതിയ അൽപ്പന്റെ ഓർമകളാണ്. അവർക്ക് പാർലമെൻ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യ ദിവസം സവർക്കറുടെ ജന്മദിനം തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  13 days ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  13 days ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  13 days ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  13 days ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  13 days ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  13 days ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  13 days ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  13 days ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  13 days ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  13 days ago