മോഹന്‍ ദേല്‍ക്കര്‍ എം.പിയുടെ ആത്മഹത്യ പ്രഫുല്‍ പട്ടേലിനെതിരായ പരാതി സുപ്രിംകോടതി പൊതുതാല്‍പര്യ ഹരജിയായി സ്വീകരിച്ചു
ന്യൂഡല്‍ഹി: ദാദ്രനാഗര്‍ ഹവേലിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ അന്ന് അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതി സുപ്രിം കോടതി പൊതുതാല്‍പര്യ ഹരജിയായി രജിസ്റ്റര്‍ ചെയ്തു.
സുപ്രിം കോടതി സെക്രട്ടറി ജനറല്‍ മുഖേന ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയാണ് പൊതുതാല്‍പര്യ ഹരജിയായി കണക്കാക്കിയത്. ദാദ്ര നാഗര്‍ ഹവേലിയില്‍ നിന്നും ഏഴു തവണ വിജയിച്ചിട്ടുള്ള മോഹന്‍ ദേല്‍ക്കര്‍ കഴിഞ്ഞ തവണ ബി.ജെ.പി നേതാവ് പട്ടേല്‍ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്.
ഇത് ബി.ജെ.പിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാന്‍ കാരണമായെന്ന് പരാതിയില്‍ പറയുന്നു. പ്രഫുല്‍ ഖോഡ പട്ടേല്‍ മോഹന്‍ ദേല്‍ക്കറോട് വിദ്വേഷത്തോടേയും അവഹേളനത്തോടേയും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തി. 2021 ഫെബ്രുവരി 22നാണ് മോഹന്‍ ദേല്‍ക്കറെ മുംബൈ മറൈന്‍ ഡ്രൈവിനടുത്തുള്ള ഹോട്ടല്‍ സൗത്ത് ഗ്രീന്‍ ഹൗസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പില്‍ പ്രഫുല്‍ ഖോഡാ പട്ടേലിനേയും ദാദ്ര നാഗര്‍ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരേയും തന്റെ ആത്മഹത്യക്ക് കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്. തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചെങ്കിലും മൂന്നു മാസത്തിനിടയില്‍ പ്രതികളില്‍ ഒരാളെപ്പോലും ചോദ്യം ചെയ്യുകയോ കാര്യമായ തെളിവ് ശേഖരിക്കുകയോ ചെയ്തിട്ടില്ല.
കുറ്റാരോപിതര്‍ ഉന്നതരായതിനാല്‍ കേസ് സുപ്രിംകോടതിയുടേയോ മുംബൈ ഹൈക്കോടതിയുടേയോ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമോ സി.ബി.ഐയോ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് സലീം മടവൂര്‍ ചീഫ് ജസ്റ്റിസിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."