ഹാജിമാരെ സേവിച്ച് മിനയിൽ നിന്ന് ചാരിതാർഥ്യത്തോടെ വിഖായ സംഘം മടങ്ങി, ഇനി മക്കയിൽ സജീവം
മക്ക: മക്കയിൽ ഹാജിമാരെ സേവിക്കുന്നതിൽ നിസ്‌തുല പങ്കു വഹിച്ച "വിഖായ" സന്നദ്ധ സേവക പ്രവർത്തകർ അല്ലാഹുവിന്റെ അതിഥികൾക്ക് വേണ്ടി സേവന നിരതരായ ചാരിതാർഥ്യത്തിൽ. ഹാജിമാർ മക്കയിൽ എത്തിയത് മുതൽ സജീവമായ വിഖായ സംഘം അവസാന ഹാജിയും മക്കയിൽ നിന്നും വിടപറയുന്നത് വരെ ഇവിടെ ഓരോ മേഖലയിലും രംഗത്തുണ്ടാകും. പുണ്യ നഗരികളിൽ എത്തിയ ഹാജിമാർക്ക് തങ്ങളുടേതായ സേവന മുദ്രകൾ നൽകിയാണ് വിഖായ മിനായിൽ നിന്നും പടിയിറങ്ങിയത്. തികച്ചും ആത്മാര്ഥതതയിലൂന്നിയ പ്രവർത്തനമാണ് മക്ക, മദീന, മിന, അറഫ എന്നിവിടങ്ങളിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള വിഖായ കർമ്മ സംഘം കാഴ്ച വെച്ചത്.
മദീനയിൽ ആദ്യ മലയാളി ഹാജിമാർ എത്തിയത് മുതൽ രംഗത്തിറങ്ങിയ വിഖായ, പിന്നീട് ഹാജിമാർ മക്കയിൽ എത്തിയതോടെ ഇവിടെയും സജീവമാകുകയായിരുന്നു. തുടർന്ന് ഹജ്ജ് ആരംഭിച്ച ദിവസം മുതൽ മിനയിലും അറഫാത്തിലും, മുസ്‌ദലിഫ, ജംറകളിലെ കല്ലേറ് നിർവ്വഹിക്കുന്ന സ്ഥലങ്ങൾ, മക്ക തുടങ്ങിയ സ്ഥലങ്ങളിലും സമസ്‌തക്ക് കീഴിലെ വിഖായ പ്രവർത്തകർ സ്ത്യുത്യർഹമായ സേവനങ്ങളാണ് നടത്തിയത്. ഹാജിമാർക്ക് കൈത്താങ്ങായി വിഖായ മിനയിൽ നടത്തുന്ന സേവനം ആരെയും ആശ്ചര്യപെടുത്തുന്നതായിരുന്നു. കത്തുന്ന വെയിലിൽ ഹാജിമാർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിൽ ഏറെ മുന്നിലായിരുന്നു. മിനയിൽ ഇന്ത്യൻ ഹാജിമാർക്കും പ്രത്യേകിച്ച് മലയാളി ഹാജിമാർക്കും താങ്ങും തണലുമായി നിരവധി വിഖായ വളണ്ടിയർ അംഗങ്ങളാണ് ഷിഫ്റ്റുകളിലായി സേവനത്തിലേർപ്പെട്ടിരുന്നത്. വഴി തെറ്റുന്ന ഹാജിമാരെ കണ്ടെത്തിയാൽ അവരുടെ ടെന്റുകളിലോ ലക്ഷ്യ സ്ഥാനങ്ങളിലോ എത്തിക്കുക, ശാരീരിക അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക, വീൽ ചെയർ സഹായം നൽകുക, ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ആശുപത്രി സേവനം ഉൾപ്പെടെയുള്ളത് ഏർപ്പാടാക്കുക എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സേവനങ്ങളാണ് ഇവർ ഇവിടെ ഹാജിമാർക്കായി ചെയ്‌തു വന്നിരുന്നത്. കൂടത്തെ, മദീനയിൽ ചരിത്ര സ്ഥല സന്ദർശനങ്ങളുടെ സന്ദർശനം, ഭക്ഷണം, സിയാറത്ത് എന്നിവക്കും വിഖായ പ്രവർത്തകർ സഹായത്തിനായുണ്ടായിരുന്നു.
വഴിതെറ്റിയതോ ക്ഷീണിതരോ ആയ ഹാജിയെ കാണുമ്പോൾ ദേശമോ ഭാഷയോ വർണ്ണമോ നോക്കാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കാണിക്കുന്ന മഹാ മസ്‌കതയാണ് മിനായിൽ ഹജ്ജ് വളണ്ടിയർ സംഘങ്ങളിൽ കാണാൻ കഴിയുന്നത്. വിഖായയെ കൂടാതെ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിലും ഹജ്ജ് സജീവമായിരുന്നു. മറ്റു രാജ്യക്കാരിൽ നിന്നും വ്യത്യസ്‌തമായി മലയാളികളുടെ ഈ കൂട്ടായ്‌മ തന്നെ ഏറെ പ്രശംസനീയമാണ്. തങ്ങളുടെ കർത്തവ്യം ആത്മാർത്ഥമായി ചെയ്യുമ്പോൾ ഓരോ ഹാജിയുടെയും മനം നിറഞ്ഞുള്ള പ്രാർത്ഥനകൾ മാത്രമാണ് ഇവർ പ്രതീക്ഷിക്കുന്നത്.
മിനായിൽ നിന്ന് വിഖായ പ്രവർത്തകർ ഇറങ്ങിയെങ്കിലും മക്കയിലും അസീസിയ, മസ്‌ജിദുൽ ഹറം പരിസരം എന്നിവിടങ്ങളിൽ ഇപ്പോഴും സജീവമാണ്. അവസാന ഹാജിയും ഇവിടെ നിന്ന് വിട പറയുന്നത് വരെയും സേവന രംഗത്ത് ഉണ്ടാകുമെന്ന് വിഖായ സമിതി അറിയിച്ചു. വിഖായ സഊദി ദേശീയ സമിതി ചെയർമാൻ ഫരീദ് ഐക്കരപ്പടി, കൺവീനർ ദിൽഷാദ് കാടാമ്പുഴ, മുനീർ ഫൈസി, മാനു തങ്ങൾ, ഉസ്മാൻ ദാരിമി, ജാബിർ നാദാപുരം, സലിം നിസാമി, മക്ക വിഖായ ക്യാപ്റ്റൻ ഇബ്രാഹിം പാണാളി, മുഹമ്മദ് ജാസിം, സക്കീർ കോഴിചെന, സിറാജ് പേരാമ്പ്ര തുടങ്ങി നിരവധി വ്യക്തികളുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. എസ്‌ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മിനായിൽ ഉപദേശ നിർദേശങ്ങളുമായി മുന്നിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."