മണി വരാതിരുന്നത് പേടിച്ചിട്ട്, ടിപി ഇപ്പോഴും സി.പി.എമ്മിനെ ഭയപ്പെടുത്തുന്നു; 'എന്റെ വിധി' തീരുമാനിച്ചതാരെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും കെ.കെ രമ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് സി.പി.എമ്മിനെ ഇപ്പോഴും ഭയപ്പെടുത്തുന്നുണ്ടെന്ന് കെ.കെ. രമ എം.എല്‍.എ. നിയമസഭയില്‍ ഉള്‍പെടെ ടി.പി ചന്ദ്രശേഖരന് ജീവിക്കുകയാണ്. പേടി കൊണ്ടാണ് എം.എം മണി ഇന്ന് നിയമസഭയില്‍ വരാതിരുന്നതെന്നും കെ.കെ.രമ പറഞ്ഞു.
'എന്റെ വിധി' തീരുമാനിച്ചതാരെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. ടി.പി കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ മുന്നോട്ടുവന്നത് സി.പി.എമ്മാണെന്നും ഇപ്പോഴും സംരക്ഷിക്കുന്നത് അവരാണെന്നും കെ.കെ രമ പറഞ്ഞു. ധീരജിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും രമ മറുപടി പറഞ്ഞു. രക്തസാക്ഷിത്വത്തെ ആരും അപമാനിക്കരുതെന്നാണ് നിലപാടെന്നും വടകര എം.എല്‍.എ പറഞ്ഞു.
കെ.കെ.രമക്കെതിരായ എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എം.എം മണി മാപ്പു പറയാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വി.ഡി സതീശന് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയെടുക്കാതെ നിയമസഭ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."