1981ലെ ട്രെയിന്‍ ദുരന്തത്തില്‍ പൊലിഞ്ഞത് 750 ജീവന്‍, അറിയാം രാജ്യത്തെ വന്‍ ട്രെയിന്‍ ദുരന്തങ്ങള്‍
അറിയാം രാജ്യത്തെ വന്‍ ട്രെയിന്‍ ദുരന്തങ്ങള്‍
ഭുവനേശ്വറിലേത് ചരിത്രത്തിലെ രണ്ടാം ദുരന്തമായേക്കും
ഭുവനേശ്വര്‍: ഇരുനൂറ്റി എണ്‍പതിലധികം പേരുടെ മരണത്തിനിടയാക്കുകയും 1000ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഒഡിഷയിലെ ട്രെയിന്‍ അപകടം ഇന്ത്യന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന്. അതേ സമയം പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്നാണ് റയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നത്.
1981 ജൂണ്‍ ആറിനാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടമുണ്ടായത്. ബീഹാറില്‍ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയില്‍ ട്രെയിന്‍ മറിഞ്ഞ് സംഭവിച്ചത് 750 പേരുടെ മരണമാണ്. 1995 ഓഗസ്റ്റ് 20ന് ഫിറോസാബാദിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാളിന്ദി എക്‌സ്പ്രസുമായി പുരുഷോത്തം എക്‌സ്പ്രസ് കൂട്ടിയിടിച്ച അപകടത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് 305 മരണവുമാണ് സംഭവിച്ചത്.
1998 നവംബര്‍ 26ന് പഞ്ചാബിലെ ഖന്നയില്‍ ഫ്രോണ്ടിയര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി ജമ്മു താവി സീല്‍ദ എക്‌സ്പ്രസ് കൂട്ടിയിടിച്ചതില്‍ മരിച്ചത് 212 പേരാണ്. തൊട്ടടുത്ത വര്‍ഷം ഓഗസ്റ്റ് 2ന് കതിഹാര്‍ ഡിവിഷനിലെ ഗൈസാല്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട അവധ് അസം എക്‌സ്പ്രസിലേക്ക് ബ്രഹ്മപുത്ര മെയില്‍ ഇടിച്ചുകയറി 285ലധികം പേര്‍ മരിച്ചു. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ടവര്‍ ഏറെയും ഇന്ത്യന്‍ ആര്‍മിയുടെയും ബിഎസ്എഫിന്റെയും സിആര്‍പിഎഫിന്റെയും സൈനികര്‍ ആയിരുന്നു.
2016 നവംബറില്‍ കാണ്‍പൂരിനടുത്ത പുഖ്രായനില്‍ ഇന്‍ഡോര്‍ രാജേന്ദ്ര നഗര്‍ എക്‌സ്പ്രസിന്റെ 14കോച്ചുകള്‍ പാളം തെറ്റി. 152 പേര്‍ മരിച്ചു. 260 പേര്‍ക്ക് പരുക്കേറ്റു. 2002 സെപ്റ്റംബറില്‍ ഹൗറ രാജധാനി എക്‌സ്പ്രസ് റാഫിഗഞ്ചിലെ ധാവെ നദിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. 140 ലധികം മരണമുണ്ടായി.
ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ഇന്നലെ അപകടത്തില്‍ പെട്ടത്. ആദ്യം ഗുഡ്‌സ് ട്രെയിനിലിടിക്കുകയായിരുന്നു. പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. ഏറ്റവും ഒടുവിലെത്തെ കണക്കുപ്രകാരം 280 പേര്‍ മരിച്ചുവെന്നാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നതിനാല്‍ ചരിത്രത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെയോ മൂന്നാമത്തെയോ ട്രെയിന്‍ അപകടമായി ഒഡിഷ ദുരന്തം മാറിയേക്കും.
കേരളത്തിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണ് പെരുമണ്‍ ദുരന്തം. 1988 ജൂലൈ 8ന് കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ
അപകടത്തില്‍ 105 പേരാണ് മരിച്ചത്. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ദുരന്തത്തില്‍ മരിച്ച 17പേര്‍ക്ക് യഥാര്‍ത്ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞ് റെയില്‍വെ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല.
കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ 2001 ജൂണ്‍ 22ന് ഉണ്ടായ തീവണ്ടി അപകടമാണ് കടലുണ്ടി തീവണ്ടിയപകടം. മദ്രാസ് മെയില്‍ (മംഗലാപുരംചെന്നൈ എക്‌സ്പ്രസ് (6602) കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോള്‍ പാലം പൊളിയുകയും മൂന്ന് ബോഗികള്‍ പുഴയിലേക്ക് മറിയുകയും ചെയ്തു. ഈ അപകടത്തില്‍ 52 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഒപ്പം 222 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ റെയില്‍വേ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."