ലോകത്തിന് മാതൃകയായൊരു ഭരണാധിപന്‍: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
ദുബൈ: അറബിക്കഥകളിലെ അത്ഭുത ലോകത്തെക്കുറിച്ച് സ്വപ്‌നം കണാത്തവരാരുണ്ട്.എന്നാലിതാ മരുഭൂമിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഒരു ഭരണാധിപന്‍ നമുക്കു മുന്നില്‍ ജീവിക്കുന്നു. നിശ്ഛയദാര്‍ഢ്യവും ധീരതയും വിശാലമായ കാഴ്ചപ്പാടുകളും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അറബ് ഭരണാധിപന്‍.
യു.എ.ഇ എന്ന ലോക ജനതയുടെ അത്താണിയായ രാഷ്ട്രത്തെയും ദുബൈ എന്ന ലോകപ്രസിദ്ധമായ നാടിനെയും നയിക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ആരും ഒരു വട്ടമെങ്കിലും കാണണമെന്നാഗ്രഹിക്കുന്ന ഈ ഭരണാധിപന്റെ ജന്മദിനമാണ് കഴിഞ്ഞ ദിവസം കടന്നു പോയത്.
1949 ജൂലൈ 15ന് ദുബൈ ക്രീക്ക് തീരത്തെ ഷിന്‍ദഗയിലെ അല്‍ മക്തൂം കുടുംബ ഭവനത്തിലായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജനനം. നാലു വയസുമുതല്‍ അറബിയിലും ഇസ്ലാമിക് പഠനത്തിലും അവഗാഹം നേടിയശേഷമാണ് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.
1968ല്‍ 19 വയസുള്ളപ്പോള്‍ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിരോധമന്ത്രിയായി. ദുബൈ പൊലിസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഫോഴ്സിന്റെ തലവനായി. യു.എ.ഇ.രൂപവത്കരണത്തിനുശേഷം 1971ല്‍ അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രതിരോധമന്ത്രിയായി. 1985ല്‍ എമിറേറ്റ്സ് എയര്‍ലൈന്‍ സ്ഥാപിതമായതോടെ ഈ നഗരം ഒരു അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി.
1990 ഒക്ടോബറില്‍ ശൈഖ് റാഷിദ് ബിന്‍ സായിദിന്റെ വിയോഗശേഷം ശൈഖ് മക്തൂം ബിന്‍ റാഷിദ് അധികാരത്തിലെത്തി. തുടര്‍ന്ന് 1995ലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കിരീടാവകാശിയാകുന്നത്.
ശൈഖ് മുഹമ്മദ് വിമാനത്താവളത്തിന്റെയും എണ്ണവ്യവസായത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും പോര്‍ട്ട് റാഷിദും ജബല്‍ അലിയും ലയിപ്പിച്ച് ദുബൈ പോര്‍ട്ട് അതോറിറ്റിക്ക് രൂപം നല്കുകയുമായിരുന്നു. അതാണ് ലോകത്തെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നായ ഇന്നത്തെ ഡി.പി. വേള്‍ഡ്.
2006ല്‍ ശൈഖ് മക്തൂമിന്റെ വിയോഗത്തെ തുടര്‍ന്നാണ് ശൈഖ് മുഹമ്മദ് ഭരണാധികാരിയാവുന്നത്. അതേ വര്‍ഷം തന്നെ അദ്ദേഹം യു.എ.ഇ വൈസ് പ്രസിഡന്റുമായി. ലോകത്തിലെ ത്തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, ദുബൈ മെട്രോ, യു.എ.ഇയുടെ ബഹിരാകാശ ദൗത്യം തുടങ്ങി നിരവധി പൊന്‍തൂവലുകള്‍ ശൈഖ് മുഹമ്മദിന്റെ കിരീടത്തെ പ്രശോഭിതമാക്കുകയാണ്.
ലോകം ശ്രദ്ധിച്ച ദുബൈ എക്‌സ്‌പോ 2020 അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നതും രാജ്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുമെല്ലാം ശൈഖ് മുഹമ്മദിന്റെ വിജയമുദ്രകളായിരുന്നു. കൊവിഡ് മഹാമാരി വന്നപ്പോഴും ജാഗ്രതയോടെ രാജ്യത്തെ പിടിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
തന്റെ ജനതയ്ക്ക് അടുത്ത അമ്പത് വര്‍ഷത്തേക്കുള്ള മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനുള്ള പ്രയത്‌നത്തിലാണ് 73ാം ജന്മ ദിനത്തിലും ഈ ഭരണാധിപന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."