ഗാന്ധി പുരസ്‌കാരം ഗോഡ്‌സെക്ക് നൽകാമോ?
2021ലെ ഗാന്ധി സമാധാന പുരസ്‌കാരം ഗൊരഖ്പൂരിലെ ഗീതാ പ്രസിന് നൽകാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറിയുടെ തീരുമാനം. സമാധാനത്തിന്റെയും സാമൂഹിക സൗഹാർദത്തിന്റെയും ഗാന്ധിയൻ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നൽകുന്ന ഇൗ മഹത് പുരസ്‌കാരം ഗീതാ പ്രസ് പോലൊരു സ്ഥാപനത്തിന് നൽകാനുള്ള തീരുമാനം ജനാധിപത്യ മതേതര സമൂഹത്തെ തീർത്തും ഞെട്ടിക്കുന്നതാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള സമാധാന പുരസ്‌കാരം എങ്ങനെയാണ് അദ്ദേഹത്തിന്റെ വധത്തിൽ പങ്കുവഹിച്ചുവെന്ന് സംശയിക്കുന്ന ഒരു സ്ഥാപനത്തിന് നൽകുന്നത്. 1948ൽ ഗാന്ധി വധത്തിന് പിന്നാലെ അറസ്റ്റിലായ 25,000 ഹിന്ദുത്വവാദികളിൽ ഉൾപ്പെട്ടവരായിരുന്നു ഗീതാ പ്രസ് സ്ഥാപകൻ ജയ്ദയാൽ ഗോയ്ദങ്കയും ഗീതാ പ്രസിന് കീഴിലുള്ള ഹിന്ദുത്വ മാഗസിൻ കല്യാണിന്റെ എഡിറ്റർ ഹനുമാൻ പ്രസാദ് പോഡാറും.
അക്ഷയ മുകുൾ എഴുതി ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച 'ഗീതാ പ്രസ് ആൻഡ് മെയ്കിങ് ഓഫ് ഹിന്ദു ഇന്ത്യ' എന്ന പുസ്തകത്തിൽ ഇന്ത്യയെ ഹിന്ദുത്വവത്കരിക്കുന്നതിൽ ഗീതാ പ്രസ് വഹിച്ച പങ്ക് തുറന്നു കാട്ടുന്നുണ്ട്. ഗാന്ധിയുമായി നല്ല അടുപ്പമുണ്ടായിരുന്നു ഹനുമാൻ പ്രസാദ് പോഡാറിനെന്നാണ് മുകുൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഗാന്ധിയുടെ മരണത്തിൽ അദ്ദേഹവും കല്യാൺ മാഗസിനും സംശയകരമാംവിധം നിശബ്ദമായിരുന്നു. പിന്നീടുള്ള ലക്കങ്ങളിലൊന്നും അതേക്കുറിച്ച് പരാമർശങ്ങളേ ഇല്ലായിരുന്നു. 1930ൽ ദലിതുകളുടെ ക്ഷേത്രപ്രവേശനത്തെ പിന്തുണച്ചതിന് ഗാന്ധിയുമായി പോഡാർ അകന്നിരുന്നു. ദലിതുകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പുണ്യസ്ഥലത്തെ ബലാത്സംഗം ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു പോഡാറിന്റെ നിലപാട്.
പോഡാറിന്റെ നിലപാടുകളെ തിരുത്താൻ ഗാന്ധി 1948 വരെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗാന്ധി വധത്തിനുശേഷം പോഡാറും ഗോയ്ദങ്കയും അറസ്റ്റിലായി. അക്കാലത്ത് അവരെ സഹായിക്കാൻ വ്യവസായി ജി.ഡി ബിർലയുടെ മേൽ സമ്മർദമുണ്ടായി. എന്നാൽ ബിർല വഴങ്ങിയില്ലെന്ന് മാത്രമല്ല അവരുടെ കേസ് ഏറ്റെടുത്ത ബദരിദാസ് ഗോയങ്കയോട് നീരസം പ്രകടമാക്കുകയും ചെയ്തു. ഇരുവരും പ്രചരിപ്പിക്കുന്നത് സനാതന ധർമമല്ലെന്നും സാത്താന്റെ ധർമമാണെന്നുമാണ് ബിർല പറഞ്ഞത്. മുസ്‌ലിംകൾക്കും ദലിതുകൾക്കുമെതിരേ വിദ്വേഷം പരത്തുന്ന ലേഖനങ്ങളായിരുന്നു കല്യാണിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നത്. പോഡാറിന്റെ ലേഖനമില്ലാതെ ഒരു ലക്കം പോലും ഇറങ്ങിയിരുന്നില്ല. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്നായിരുന്നു പോഡാറിന്റെ നിലപാട്. അതയാൾ ആവർത്തിച്ചെഴുതി. കോൺഗ്രസ് ഹിന്ദുവിരുദ്ധരാണെന്ന് പ്രചരിപ്പിച്ചു.
1923ൽ ഗീതാ പ്രസ് തുടങ്ങുന്നത് മാർവാഡി സമൂഹത്തിന്റെ മാധ്യമമെന്ന നിലയിലാണ്. മേൽജാതിക്കാർ മാത്രമായിരുന്നു ഗീതാ പ്രസിന്റെ ട്രസ്റ്റിലുണ്ടായിരുന്നത്. മാർവാഡി സമൂഹം ആധുനിക വിദ്യാഭ്യാസം നേടുകയും മറ്റുജാതിക്കാരിൽനിന്ന് വിവാഹം കഴിക്കുകയും ചെയ്യുന്നുവെന്ന ആശങ്കകളുമായാണ് ഗീതാ പ്രസിന്റെ സാഹിത്യങ്ങൾ ആദ്യകാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതൊന്നും നല്ല കാര്യമല്ലെന്ന് പോഡാർ എഴുതി. ആദ്യ കാലങ്ങളിൽ ഗീതാ പ്രസിന്റെ പുസ്തകങ്ങൾ മാർവാഡി സമൂഹത്തെ മാത്രം അഭിമുഖീകരിച്ചു കൊണ്ടുള്ളതായിരുന്നു. സ്ഥാപനം വളർന്നതോടെ 1926ൽ കല്യാൺ മാഗസിൻ തുടങ്ങി. അതോടെയാണ് പൊതുവായ തീവ്രഹിന്ദുത്വ ആശയങ്ങളിലേക്ക് സ്ഥാപനം മാറുന്നത്.
മുസ്‌ലിംകളെയായിരുന്നു പോഡാർ വലിയ ശത്രുവായി കണ്ടിരുന്നത്. ആദ്യകാലങ്ങളിൽ ഗീതാ പ്രസ് ഹിന്ദു മതാചാരം സംബന്ധിച്ച വിഷയങ്ങൾ മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കുറച്ചുകാലം കഴിഞ്ഞപ്പോൾ രാഷ്ട്രീയം പറയാൻ തുടങ്ങി. പിന്നാലെ ഹിന്ദുമഹാസഭ കല്യാൺ ഏറ്റെടുത്തു. ആർ.എസ്.എസുമായും ജനസംഘവുമായും ബന്ധം സ്ഥാപിച്ചു.
വിഭജനത്തോടെ, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പോഡാർ പറഞ്ഞു. ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാൻ എന്നായിരിക്കണം. മുസ്‌ലിംകളെ സൈന്യത്തിൽ എടുക്കരുത്. ഹിന്ദു വ്യക്തി നിയമം പരിഷ്‌കരിക്കുന്നതിനുള്ള ഹിന്ദു കോഡ് ബിൽ കൊണ്ടുവന്നപ്പോൾ ഗിതാ പ്രസ് അതിനെ എതിർത്തു. മുസ്‌ലിംകളും ക്രിസ്ത്യാനികളും നമ്മുടെ വീട്ടിനുള്ളിലേക്ക് കടന്നുവരികയും പെൺമക്കളെ വിവാഹം കഴിക്കുകയും നമ്മുടെ വീട്ടിൽ ബീഫ് പാകം ചെയ്യുകയും ചെയ്യുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നായിരുന്നു പോഡാറിന്റെ വാദം. നെഹ്‌റു ഒരുകാലത്തും പോഡാറുമായി അടുപ്പം കാട്ടിയിരുന്നില്ല. പോഡാർ നിരന്തരം നെഹ്‌റുവിന് കത്തെഴുതിയെങ്കിലും അദ്ദേഹം മറുപടി എഴുതിയില്ല.
1946ൽ ഹിന്ദുമഹാസഭാ നേതാവ് മദൻ മോഹൻ മാളവ്യ മരിച്ചപ്പോൾ ഇറക്കിയ കല്യാണിന്റെ പതിമൂന്നാം ലക്കം ബ്രിട്ടിഷ് സർക്കാർ നിരോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകളെ കൊല്ലാനുള്ള ആഹ്വാനമായിരുന്നു ലേഖനങ്ങളിലുണ്ടായിരുന്നത്. ഹിന്ദു വിരുദ്ധനായ നെഹ്‌റുവിനും അംബേദ്കറിനും വോട്ടു ചെയ്യരുതെന്ന് ആഹ്വാനം ചെയ്തു. 1960കളിൽ നക്‌സൽ പ്രസ്ഥാനം വ്യാപകമായപ്പോൾ അവർക്കെതിരേ ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും സഹായം തേടണമെന്നും അവർ ചെയ്യുന്നതെല്ലാം തങ്ങൾക്കും ചെയ്യാമെന്ന് ചൂണ്ടിക്കാട്ടി പോഡാർ കൊൽക്കത്തയിലെ വ്യവസായികൾക്ക് കത്തെഴുതി.
സ്വാതന്ത്ര്യത്തിന് മുമ്പ് മുതൽ രാജ്യത്ത് മുസ്‌ലിംകൾക്കും ദലിതുകൾക്കുമെതിരേ വിദ്വേഷ പ്രചാരണം നടത്തുകയും അവരെ അക്രമിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു വന്ന സ്ഥാപനമാണ് ഗീതാ പ്രസ്. ഉത്തരേന്ത്യൻ ഹിന്ദുക്കളുടെ അടിത്തട്ടിൽ വർഗീയത പ്രചരിപ്പിച്ചുകൊണ്ടിരുന്ന സ്ഥാപനമാണത്. വിഭജനാനന്തര ഇന്ത്യയിൽ മുസ്‌ലിം കൂട്ടക്കൊലക്ക് വഴിമരുന്നിട്ട സ്ഥാപനം. ഗാന്ധിജിയുടെ പേരിലുള്ള സമാധാനത്തിനുള്ള പുരസ്‌കാരം ഗോഡ്‌സെക്ക് നൽകാനാവുമോ? ഇങ്ങനെയാണ് പോക്ക് എങ്കിൽ നാളെ അതും നമുക്ക് സഹിക്കേണ്ടിവരും. എന്നാൽ അതിൻ്റെ ചെറിയ സൂചനയായി വേണം, ഇപ്പോഴത്തെ പുരസ്കാര പ്രഖ്യാപനത്തെ കാണാൻ. ഇത് രാഷ്ട്രപിതാവിൻ്റെ നെഞ്ചിലേക്കുള്ള രണ്ടാമതു വെടിയാണ്.
Content Highlights:editorial about gandi prize
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."