ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളുണ്ടോ?..എല്ലാ അക്കൗണ്ടിലേയും ബാലന്‍സ് അറിയാന്‍ ഈ ഒരു ആപ്ലിക്കേഷന്‍ മതി
എല്ലാ അക്കൗണ്ടിലേയും ബാലന്‍സ് അറിയാന്‍ ഈ ഒരു ആപ്ലിക്കേഷന്‍ മതി
ഒട്ടുമിക്ക ആളുകള്‍ക്കും നിലവില്‍ ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളുണ്ടാകും. പഠന ആവശ്യത്തിനോ ജോലി ആവശ്യത്തിനോ മറ്റോ അക്കൗണ്ട് തുടങ്ങിയവര്‍ ഭാവിയിലും ഇതേ അക്കൗണ്ടില്‍ ബാലന്‍സ് നിര്‍ത്തിപോരാറുണ്ട്.
നമ്മള്‍ പലരും ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലെ ബാലന്‍സ് പരിശോധിക്കാറുള്ളത് യു പി ഐ ആപ്പുകള്‍ വഴിയാണ്. ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫോണ്‍ പേ, പേ ടി എം തുടങ്ങിയ ആപ്പുകളെല്ലാം നമ്മള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ യു പി ഐ ആപ്ലിക്കേഷനുകള്‍ പണിമുടക്കുമ്പോള്‍ എന്തു ചെയ്യും ?.. ഇതിനായി എപ്പോഴും അവരവരുടെ ബാങ്കിന്റെ തനത് ആപ്ലിക്കേഷന്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാറുണ്ട്.
ബാലന്‍സ് ചെക്ക് ചെയ്യാന്‍ ഈ ആപ്ലിക്കേഷനുകള്‍ സഹായിക്കാറുമുണ്ട്. എന്നാല്‍ ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഒരു അധിക ബാധ്യതയാണിത്. ഫോണില്‍ വെവ്വേറെ ആപ്ലിക്കേഷനുകള്‍ സൂക്ഷിക്കുന്നതു കൊണ്ട് ഫോണ്‍ സ്റ്റോറേജ് തീരുന്നത് പ്രധാന പ്രശ്‌നമാണ്. അത് കൂടാതെ ഉപയോക്താക്കള്‍ ഇടക്കിടെ അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കണമെന്നതും മറ്റൊരു വെല്ലുവിളിയായി നില്‍ക്കുന്നു. ഇതിനൊരു പോംവഴിയാണ് ആക്‌സിസ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്.
ആക്‌സിസിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ വഴി ഈ സേവനം ലഭ്യമാകും. ഇത് വരെ ഒരു ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ മറ്റ് ബാങ്ക് അക്കൗണ്ട് ബാലന്‍സ് ചെക്കക് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ആക്‌സിസ് ബാങ്ക് ആപ്ലിക്കേഷനിലെ പുതിയ ഫീച്ചര്‍ ഇതിന് സഹായിക്കും. 'One View' എന്ന ഫീച്ചറിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ആക്‌സിസ് ബാങ്ക് അക്കൗണ്ടിന്റെ മാത്രമല്ല , മറ്റ് എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ബാലന്‍സ് അറിയാന്‍ സാധിക്കും. ബാങ്ക് ബാലന്‍സ് അറിയാന്‍ മാത്രമല്ല, ഉപയോക്താവിന് സ്റ്റേറ്റ്‌മെന്റ് ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.
ഇത് aggregator technology ഉപയോഗിച്ച് നിര്‍മിച്ച ടെക്‌നോളജി ആണെന്നും ആക്‌സിസ് ബാങ്കിന് ഉപയോക്താക്കളുടെ മറ്റു വ്യക്തിഗത വിവരങ്ങള്‍ ഇതിലൂടെ ശേഖരിക്കാന്‍ കഴിയില്ലെന്നും ബാങ്ക് അറിയിച്ചു. വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടികള്‍ക്ക് വില്‍ക്കാനാകില്ലെന്നും ആക്‌സിസ് ബാങ്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."