തോറയും ബൈബിളും കത്തിച്ചില്ല, ലൈറ്റര്‍ വലിച്ചെറിഞ്ഞു, ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു; ഖുര്‍ആന്‍ കത്തിച്ച് വിദ്വേഷം തീര്‍ക്കുന്നവര്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ മറുപടി നല്‍കി സിറിയന്‍ യുവാവ്
തോറയും ബെബിളും കത്തിച്ചില്ല, ലൈറ്റര്‍ വലിച്ചെറിഞ്ഞു, ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു; ഖുര്‍ആന്‍ കത്തിച്ച് വിദ്വേഷം തീര്‍ക്കുന്നവര്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ മറുപടി നല്‍കി സിറിയന്‍ യുവാവ്
സ്റ്റോക്‌ഹോം: ഡസന്‍കണക്കിന് പൊലിസുകാര്‍ ആ ചെറുപ്പക്കാരന് ചുറ്റും നിരന്നിരുന്നു. പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങള്‍ ചുറ്റു മുഴങ്ങുന്നുണ്ടായിരുന്നു. എന്തും ചെയ്യാന്‍ തയ്യാറായി വേറൊരു സംഘം കാത്തിരിപ്പുണ്ടായിരുന്നു. ഖുര്‍ആന്‍ കത്തിക്കുന്നതിന് പ്രതിഷേധമായി ഇസ്‌റാഈല്‍ എംബസിക്കു മുന്നില്‍ ജൂതരുടെ ഗ്രന്ഥമായ തോറയും ക്രൈസ്തവരുടെ ഗ്രന്ഥമായ ബൈബിളും കത്തിക്കാന്‍ വന്നതായിരുന്നു സിറിയന്‍ വംശജനായ അഹമ്മദ് അലൗഷ് എന്ന 32കാരന്‍. പൊലിസിന്റെ അനുമതി വാങ്ങിയാണ് ആ ചെറുപ്പക്കാരന്‍ എംബസിക്കു മുന്നിലെത്തിയത്. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒരു തീപ്പൊരി ഉയരാന്‍ കാത്ത് നിന്ന് വെറുപ്പിന്റെ വാഹകര്‍ക്കു മുന്നില്‍ അയാള്‍ ബാഗില്‍ നിന്ന് ലൈറ്റര്‍ എടുത്ത് വലിച്ചെറിഞ്ഞു. പിന്നെ ഖുര്‍ആന്‍ എടുത്ത് ഉയര്‍ത്തി പിടിച്ചു. സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ പാരസ്പര്യത്തിന്റെ വാക്കുകള്‍ മൊഴിഞ്ഞു.
സ്വീഡനിലായിരുന്നു സംഭവം. ബലിപെരുന്നാള്‍ ദിനത്തില്‍ സ്റ്റോക്ക്‌ഹോം മസ്ജിദിനു മുന്നില്‍ ഇറാഖില്‍ നിന്നുള്ള അഭയാര്‍ഥി സല്‍വാന്‍ മോമിക ഖുര്‍ആനിലെ ചില പേജുകള്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സമാനരീതിയില്‍ അനുമതിതേടി അഹമ്മദ് അലൗഷ് പൊലിസിനെ സമീപിച്ചത്.
തുടര്‍ന്ന് ഇസ്‌റാഈല്‍ എംബസിക്കു മുന്നില്‍ തോറ കത്തിക്കാന്‍ അനുമതി ലഭിച്ചു. തോറയും ബൈബിളും കത്തിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് ആളുകളും എംബസിക്കു മുന്നില്‍ തടിച്ചുകൂടി. ഇസ്‌റാഈല്‍ പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗും ജൂതസംഘടനകളും ഉള്‍പെടെ പ്രതിഷേധവുമായി രംഗത്തുവന്നു.
താന്‍ മുസ്‌ലിമാണെന്നും മതഗ്രന്ഥങ്ങളെ കത്തിക്കാനല്ല, ആദരിക്കാനാണ് തന്റെ മതം പഠിപ്പിക്കുന്നതെന്നും ചുറ്റും കൂടി നിന്നവരോടായി അലൗഷ് പറഞ്ഞു.
'ഇത് ഖുര്‍ആന്‍ കത്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് പരിമിതികളുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം. നിങ്ങള്‍ക്ക് ഇസ്‌ലാമിനെ വിമര്‍ശിക്കാം. പക്ഷേ ഖുര്‍ആന്‍ കത്തിക്കല്‍ ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്' അലൗഷ് പറഞ്ഞു.
ആറുമാസത്തിനിടെ രണ്ടുതവണയാണ് സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചത്. തുടര്‍ന്ന് മുസ്‌ലിം രാജ്യങ്ങളില്‍ വന്‍പ്രതിഷേധം നടന്നു. ഇറാഖ്, കുവൈത്ത്, യു.എ.ഇ, മൊറോക്കോ രാജ്യങ്ങള്‍ സ്വീഡന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. 57 അംഗ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പറേഷനും അടിയന്തര യോഗം ചേര്‍ന്നു.
യു.എന്‍ മനുഷ്യാവകാശ സംഘടനയും പ്രമേയം പാസാക്കാന്‍ തീരുമാനിച്ചിരുന്നു. നാറ്റോയിലെ സ്വീഡന്റെ അംഗത്വം തടയാന്‍ തുര്‍ക്കി ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് റസ്മുസ് പലുഡാന്‍ ആണ് ഖുര്‍ആന്‍ കത്തിച്ചത്. ജൂണ്‍ 28ന് ബലിപെരുന്നാള്‍ ദിനത്തിലും ഏതാനും പേജുകള്‍ ഇറാഖി അഭയാര്‍ഥി കത്തിച്ചു. തുര്‍ക്കി ഉള്‍പ്പെടെ സ്വീഡനെതിരേ രംഗത്തുവന്നു. മതഗ്രന്ഥങ്ങള്‍ കത്തിക്കുന്നത് തടയാന്‍ നിയമമില്ലെന്നായിരുന്നു സ്വീഡന്‍ പൊലിസിന്റെ വാദം. ഖുര്‍ആന്‍ കത്തിച്ചത് ഇസ് ലാമോഫോബിയയുടെ ഭാഗമാണെന്നുപറഞ്ഞ് ഒടുവില്‍ സ്വീഡനും സംഭവത്തെ തള്ളിപ്പറഞ്ഞു.
the-torah-burning-that-didn't-go-ahead
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."