ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെട്ടു; കൂടുതല്‍ മഴക്ക് സാധ്യത ഈ ജില്ലകളില്‍
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെട്ടു; കൂടുതല്‍ മഴക്ക് സാധ്യത ഈ ജില്ലകളില്‍
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് മധ്യപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് Well Marked Low Pressure (WML) ആയി.വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും തെക്കന്‍ ഒഡിഷ തീരത്തിനും ഇടയിലാണ് നിലവില്‍ ന്യൂനമര്‍ദമുള്ളത്.നാളെ ഈ സിസ്റ്റം വീണ്ടും ശക്തിപ്പെടുകയും തീവ്ര ന്യൂനമര്‍ദം (Depression) ആകാനും സാധ്യതയുണ്ട്. ഇത് കേരളത്തിലെ മഴയെയും സ്വാധീനിക്കും. വടക്കന്‍ കേരളം മുതല്‍ തെക്കന്‍ കൊങ്കണ്‍ വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് മഴക്ക് പ്രധാന കാരണം. ന്യൂനമര്‍ദം കരകയറുന്നതോടെ തെക്കന്‍ കേരളത്തിലും മഴ ലഭിക്കുമെന്നാണ് നിരീക്ഷണം.എന്നാല്‍ മഴ കനക്കില്ല. വടക്കന്‍ ജില്ലകളില്‍ രണ്ടു ദിവസം കൂടി മഴ തുടരും.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ സൂപ്പര്‍ ടൈഫൂണും കേരളത്തിലെ മഴക്ക് മറ്റൊരു കാരണമാണ്. ഈ ടൈഫൂണ്‍ ചൈനയില്‍ കരകയറുന്നതോടെ കേരളത്തിലെ സ്വാധീനം കുറയും. വടക്കന്‍ കേരളത്തില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം.പ്രത്യേകിച്ച് സ്‌കൂളുകള്‍ക്ക് അവധി കൊടുക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം.
നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."