ട്രാക്ടര്‍ മുതല്‍ പുല്ല് വെട്ടി വരെ; 80 % വരെ സബ്‌സീഡി നിരക്കില്‍ കാര്‍ഷികോപകരണങ്ങള്‍ വാങ്ങാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
കാര്‍ഷികമേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്ര വല്‍ക്കരണ പദ്ധതി അഥവാ എസ്.എം.എ.എം). കര്‍ഷകര്‍ക്കും കാര്‍ഷികയന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സംരംഭകര്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങാന്‍ ധനസഹായം ലഭിക്കും. കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള ഉപകരണങ്ങള്‍ 80 ശതമാനം വരെ സബ്‌സിഡിയില്‍ വാങ്ങാം.
ട്രാക്ടര്‍, ടില്ലര്‍, സ്‌പ്രേയറുകള്‍, കാടുവെട്ടി യന്ത്രം എന്നീ കൃഷി യന്ത്രങ്ങളും കാര്‍ഷികോല്‍പ്പന്ന സംസ്‌കരണത്തിനുള്ള സാമഗ്രികളും ഇത്തരത്തില്‍ വാങ്ങാനാകും. എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നിബന്ധന എസ്.എം.എ.എമ്മില്‍ രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാരില്‍ നിന്ന് മാത്രമേ യന്ത്രങ്ങള്‍ വാങ്ങാന്‍ കഴിയൂ എന്നതാണ്.
രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് 50 ശതമാനവും രണ്ട് ഹെക്ടറിനു മുകളിലുള്ളവര്‍ക്ക് 40 ശതമാനവും സബ്‌സിഡി ലഭിക്കും. സ്ത്രീകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും 60 ശതമാന വരെയാണ് സബ്‌സിഡി.
കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള ഉപകരണങ്ങള്‍ 80 ശതമാനം വരെ സബ്‌സിഡിയില്‍ വാങ്ങാം.
പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് നടപ്പാക്കുന്നതെന്നത്. വീട്ടിലിരുന്നോ സമീപത്തെ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങളിലോ പോയി അപേക്ഷിക്കാവുന്നതാണ്. ഇതിനായി കൃഷി ഓഫീസില്‍ പോകേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.
എങ്ങിനെ അപേക്ഷിക്കാം
ആദ്യം https://www.agrimachinery.nic.in/ എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് direct benefit transfer in agriculture mechanization എന്ന മെനുവില്‍ ക്ലിക്ക് ചെയ്യണം. ഇതോടെ പുതിയ വിന്‍ഡോ തുറക്കും. ഇതില്‍ രജിസ്‌ട്രേഷന്‍ എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ വ്യക്തികളാണോ സംഘങ്ങളാണോ കൂട്ടായ്മകളാണോ അപേക്ഷിക്കുന്നത് എന്നുള്ള ഒപ്ഷന്‍ ചോദിക്കും. ഉത്തരം നല്‍കിയ ശേഷം തുടര്‍ന്നുള്ളവ പൂരിപ്പിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ കരുതണം. സംരംഭകര്‍ക്കും സ്വയംസഹായസംഘങ്ങള്‍ക്കും ഉല്‍പാദക കമ്പനികള്‍ക്കും രജിസ്‌ട്രേഷന് പ്രത്യേക ഓപ്ഷനുണ്ട്. വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും പക്കല്‍നിന്നു താല്‍പര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാം.
നിങ്ങള്‍ക്ക് അലോട്ട്‌മെന്റിന്റെ സന്ദേശം ലഭിക്കുന്നതിന് അനുസരിച്ച് ഡീലറെ ബന്ധപ്പെട്ട് യന്ത്രം വാങ്ങാം. ഈ യന്ത്രങ്ങള്‍ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്ന് എത്തുന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി തുക നിക്ഷേപിക്കാം.
ഈ പദ്ധതിയിലൂടെ ലഭിക്കുന്ന യന്ത്രങ്ങളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും വില ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍, അവയുടെ സവിശേഷതകള്‍, ഡീലര്‍മാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ വെബ് സൈറ്റിലെ സിറ്റിസണ്‍ കോര്‍ണര്‍ എന്ന മെനുവില്‍ നിന്നും അറിയാന്‍ സാധിക്കും.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് സഹായം. അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ഉണ്ട്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം.
തിരുവനന്തപുരം: 0471-2482022
കൊല്ലം: 04742795434
പത്തനംതിട്ട: 04734252939
ആലപ്പുഴ: 04772268098
ഇടുക്കി: 04862228522
കോട്ടയം: 04812561585
എറണാകുളം: 04842301751
തൃശൂര്‍: 04872325208
പാലക്കാട്: 04912816028
മലപ്പുറം: 04832848127
കോഴിക്കോട്: 0495–2723766
വയനാട്: 04936202747
കണ്ണൂര്‍: 04972725229
കാസര്‍കോട്: 04994225570
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."