'മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരതമാതാവ്; നിങ്ങള്‍ രാജ്യദ്രോഹികള്‍'; ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുല്‍
'മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരതമാതാവ്; നിങ്ങള്‍ രാജ്യദ്രോഹികള്‍'; ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുല്‍
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മോദിസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി. മണിപ്പൂരില്‍ ബി.ജെ.പി ഇന്ത്യയെ കൊലപ്പെടുത്തി, ഇപ്പോള്‍ ഹരിയാനയ്ക്ക് തീയിടാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുന്നു. മണിപ്പൂരിലുള്ളവരുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
'ഇന്ത്യ ഒരു ശബ്ദമാണ്, ഹൃദയത്തിന്റെ ശബ്ദമാണ്, മണിപ്പൂരില്‍ നിങ്ങള്‍ ആ ശബ്ദത്തെ കൊന്നു. മണിപ്പൂരില്‍ നിങ്ങള്‍ ഭാരതമാതാവിനെ കൊന്നു. നിങ്ങള്‍ രാജ്യദ്രോഹികളാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത്, നിങ്ങള്‍ ഭാരതമാതാവിന്റെ സംരക്ഷകരല്ല, അവളുടെ കൊലയാളികളാണ്.' - രാഹുല്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ മണിപ്പൂരില്‍ പോയിരുന്നു. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയിട്ടില്ല. ഈ നിമിഷം വരെ അദ്ദേഹം അവിടെ പോയിട്ടില്ല. കാരണം അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയിലല്ല
ഇന്ത്യന്‍ സൈന്യത്തിന് മണിപ്പൂരില്‍ ഒരു ദിവസം കൊണ്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയും, എന്നാല്‍ സര്‍ക്കാര്‍ അവരുടെ സേവനം ഉപയോഗിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാവണനെ കൊന്നത് രാമനല്ല, മറിച്ച് രാവണന്റെ അഹങ്കാരമാണെന്നും രാമായണത്തെ ഉദ്ധരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. രാവണന്‍ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, കുംഭകര്‍ണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷാ യേയും അദാനിയേയും മാത്രമേ കേള്‍ക്കൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
നിങ്ങള്‍ എല്ലായിടത്തും മണ്ണെണ്ണ തളിച്ചു, മണിപ്പൂരില്‍ തീ കൊളുത്തി, നിങ്ങള്‍ ഇപ്പോള്‍ ഹരിയാനയിലും അത് തന്നെയാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഈ പരാമര്‍ശം സഭയില്‍ വലിയ ബഹളത്തിന് കാരണമായി, മുതിര്‍ന്ന മന്ത്രിമാര്‍, രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."