മോസ്ക്കോയിലേക്ക് മാര്‍ച്ച് ചെയ്താല്‍ കൊല്ലപ്പെടുമെന്ന് പ്രിഗോഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: ബെലാറസ് പ്രസിഡന്റ്
മിന്‍സ്‌ക്: റഷ്യയില്‍ വെച്ച് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ തലവന്‍ പ്രഗോഷിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകഷെന്‍കോ. റഷ്യയിലേക്ക് പോകുന്നത് അപകടകരമായതിനാല്‍ ബെലാറസില്‍ തന്നെ തുടരാന്‍ പ്രിഗോഷിനെ താന്‍ നിര്‍ബന്ധിച്ചിരുന്നെന്നും എന്നാല്‍ അദേഹം അത് അവഗണിക്കുകയായിരുന്നെന്നും ലുകഷെന്‍കോ കൂട്ടിച്ചേര്‍ത്തു. മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തിയ പ്രിഗോഷിനായി റഷ്യന്‍ സര്‍ക്കാരിനോട് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയതും, വാഗ്നര്‍ സംഘത്തെ ബെലാറസിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തതും ലുകഷെന്‍കോയായിരുന്നു.
മോസ്‌കോയിലേക്ക് മാര്‍ച്ച് ചെയ്യുകയാണെങ്കില്‍ മരണത്തില്‍ കുറഞ്ഞ് മറ്റൊരു അനന്തരഫലവും അതിന് ഉണ്ടായിരിക്കില്ലെന്ന് താന്‍ പ്രഗോഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഒന്നിലേറെ തവണ പ്രിഗോഷിന്‍ തന്റെ മുന്നറിയിപ്പുകളെ തളളിക്കളഞ്ഞെന്നും ലുകഷെന്‍കോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുടിനാണ് പ്രിഗോഷിനെ ഇല്ലാതാക്കിയതെന്ന് പറയാനാകില്ലെന്നും അവശേഷിക്കുന്ന വാഗ്നര്‍ ഗ്രൂപ്പംഗങ്ങള്‍ക്ക് രാജ്യത്ത് തുടരാമെന്നും ലുകഷെന്‍കോ പറഞ്ഞു.മോസ്‌കോയില്‍നിന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു പോകുകയായിരുന്ന വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നര്‍ ബന്ധമുള്ള ടെലിഗ്രാം ചാനല്‍ അറിയിച്ചത്.
വിമാനം വീഴ്ത്തിയതിനു പിന്നില്‍ റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) ആണെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനം മോസ്‌കോയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീഴുകയായിരുന്നു. സ്വകാര്യവിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെയും വാഗ്‌നര്‍ ഗ്രൂപ്പിന്റെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍ ദിമിത്രി ഉത്കിനിന്റെയും പേരുകളുണ്ടെന്ന് വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താഏജന്‍സിയാണ് അറിയിച്ചത്.എന്നാല്‍ പ്രഗോഷിന്റെ മരണത്തിന് പിന്നില്‍ പുടിന്റെ കരങ്ങളാണെന്ന പശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങളെ റഷ്യ തള്ളിക്കളഞ്ഞു.
Content Highlights:belarus president lukashenko said he warned wagner chief
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."