നീതിക്കുവേണ്ടി അലയുന്നൊരു പിതാവ്
അഖ്തർ സീദ്ദീഖി /എം.എച്ച് പുറക്കാട്ടിരി
യുദ്ധവും സംഘർഷവും മഹാമാരിയുമെല്ലാം അടിവേരറുത്തപ്പോൾ അലയേണ്ടിവന്നവരുടെ, ഇരകളായിത്തീർന്നവരുടെ ആത്മഗതങ്ങളായിരുന്നു ദാനിഷ് സിദ്ദീഖിയുടെ ഓരോ ചിത്രത്തിലും. ഇരകളുടെ ദൈന്യത മുറ്റിയ, കണ്ണീർപ്പാടുകൾ വീണ ചിത്രങ്ങൾ ഫ്രെയ്മിലൂടെ ഒപ്പിയെടുത്തതിലൂടെ ദാനിഷിന്റെ ചിത്രങ്ങൾ നൂറുകണക്കിന് നാവുകളായി ലോകത്തോട് സംസാരിച്ചു. റോഹിംഗ്യൻ ജനതയുടെ എല്ലാം വിട്ടെറിഞ്ഞുള്ള പലായനവും ഗംഗയുടെ തീരത്ത്, തെരുവോരങ്ങളിൽ കൊവിഡിനെ തുടർന്ന് മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിക്കുന്നത്... അങ്ങനെ ഓർമയിൽ വിളിക്കാതെ കയറിച്ചെന്ന് സ്ഥിരതാമസം നടത്തിയ ഒട്ടനവധി ചിത്രങ്ങൾ ആ ലെൻസിലൂടെ ലോകം കണ്ടു, ചർച്ച ചെയ്തു, നെടുവീർപ്പിട്ടു. നിരാലംബർക്കും സാധാരണക്കാർക്കും വേണ്ടിയായിരുന്നു അവന്റെ ക്ലിക്കുകൾ പതിഞ്ഞിരുന്നത്.
കഴിഞ്ഞ വർഷം അഫ്ഗാൻ തിരിച്ചുപിടിക്കാനായി താലിബാൻ രൂക്ഷമായ ഏറ്റുമുട്ടലിനിറങ്ങിയപ്പോൾ കിട്ടിയതുംകൊണ്ട് പലായനം ചെയ്യുന്നവരായി അവിടത്തുകാർ. ഏറ്റുമുട്ടലിന്റെ തീവ്രതയും ദൈന്യതയും ഒപ്പിയെടുക്കാനായി അഫ്ഗാനിലേക്ക് പോയതായിരുന്നു ദാനിഷ്. 2021 ജൂലൈ 16ന് പതിവുപോലെ താൻ കാണുന്നതിനെ ലോകത്തോട് വിളിച്ചുപറയാനായി പുറപ്പെട്ട ദാനിഷിനെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തി. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൽദാക് ജില്ലയിൽവച്ച് അഫ്ഗാൻ സേനയും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടൽ നടക്കുമ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകനായിട്ടും ഔദ്യോഗിക വേഷത്തിലായിട്ടും അവർ ആസൂത്രണത്തോടെ കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിനെതിരേ ലോകം ശബ്ദിച്ചിരുന്നു. എന്നാൽ കുറ്റവാളികളെ നീതിക്കുമുന്നിൽ ഹാജരാക്കാനായില്ല.
ദാനിഷിന്റെ കൊലപാതകത്തിന് ഒരാണ്ട് പിന്നിട്ടു. പക്ഷേ ഉത്തരവാദികളായവരെ തേടി അന്താരാഷ്ട്ര നീതിന്യായ കോടതിക്കു മുന്നിലെത്തിയിട്ടും നീതി ലഭിക്കാതെ വെയിലത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അഖ്തർ സിദ്ദീഖി. മകനു നീതിക്കായുള്ള യാത്രയിലെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു.
നീതി തേടി
മകൻ തിരിച്ചുവരില്ലെങ്കിലും അവനു നീതി ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. യുദ്ധക്കുറ്റങ്ങൾ ചെയ്തതിന് താലിബാൻ ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ദാനിഷിന്റെ മൃതദേഹത്തോടും താലിബാൻ നീതി കാട്ടിയില്ല. മുഖം വികൃതമാക്കിയിരുന്നു. കൊലപാതകത്തിൽ സംശയങ്ങളുണ്ട്. അതുകൊണ്ടാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. അഭിഭാഷകൻ മുഖേന അഫ്ഗാൻ ആക്റ്റിങ് പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ്, ആദ്യ ആക്റ്റിങ് ഉപപ്രധാനമന്ത്രി അബ്ദുൾ ഗനി ബരാദറും ഉൾപ്പെടെയുള്ള താലിബാൻ കമാൻഡർമാർക്കെതിരേയും പരാതി നൽകിയിട്ടുണ്ട്. പക്ഷേ ഇതുവരെയും കേസിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. കേന്ദ്ര സർക്കാരുമായി ഇതു സംബന്ധിച്ച് അഭിഭാഷകൻ പലതവണ ബന്ധപ്പെട്ടിരുന്നു. അഫ്ഗാനിലെ നിയമവാഴ്ചയുടെ അഭാവത്തിൽ കൊലപാതകം നടത്തിയവരെ കണ്ടെത്താനും വിചാരണ ചെയ്യാനും അന്താരാഷ്ട്ര കോടതിക്ക് അധികാരമുണ്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ അക്രമങ്ങൾക്കും കുറഞ്ഞത് ആറു താലിബാൻ ഉന്നത നേതാക്കളെയും ഉന്നതതല കമാൻഡർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഞങ്ങൾ പരാതിപ്പെട്ടത്.
പോരാട്ടം
മാധ്യമപ്രവർത്തകർക്കു വേണ്ടി
മകനെ ക്രൂരമായി കൊലപ്പെടുത്തിയ താലിബാൻ ഭീകരർക്ക് ശിക്ഷ വാങ്ങിക്കൊടുക്കും വരെ നിയമപോരാട്ടം തുടരാനാണ് തീരുമാനം. സംഘട്ടന മേഖലകളിൽ മറ്റൊരു മാധ്യമപ്രവർത്തകർക്കും ഈ അനുഭവം ഉണ്ടാവരുത്. മാധ്യമപ്രവർത്തകരുടെ ജീവനു ഭീഷണി നിലനിൽക്കുന്ന അതിഭീകരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സംഘട്ടന മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ അവർ നേരിടുന്ന കടുത്ത വെല്ലുവിളികളും ഭീഷണികളും ലോകത്തിന്റെ ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. സത്യം പുറത്തുകൊണ്ടുവരുന്നതിനെ അധികാരത്തിലിരിക്കുന്നവർ ഭയക്കുകയാണ്. അതുകൊണ്ടാണ് മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുന്നത്.
അവൻ ധീരനായിരുന്നു
ചെറുപ്പം മുതലേ എല്ലാ കാര്യത്തിലും വലിയ ധൈര്യശാലിയായിരുന്നു ദാനിഷ്. ജാമിഅ മില്ലിയ്യയിൽ നിന്ന് എക്കണോമിക്സ് ബിരുദം നേടിയ ശേഷം ടെലിവിഷൻ ജേണലിസ്റ്റായിരുന്നു. പിന്നീട് 2010 ലാണ് റോയിട്ടേഴ്സിൽ ഇന്റേണായി ചേർന്നത്. നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഫോട്ടോ ജേണലിസത്തിലേക്ക് പോകുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ലായിരുന്നു. ‘ടെലിവിഷൻ ജേണലിസത്തിൽ സെലക്ട് ചെയ്ത വാർത്തകൾ മാത്രമേയുള്ളൂ. ഇതാകുമ്പോൾ സാധാരണക്കാനെയും രാജ്യത്തിന്റെ ഉൾപ്രദേശങ്ങളെ ബാധിക്കുന്ന കാര്യങ്ങളെയും ലോകത്തെ അറിയിക്കാമല്ലോയെന്നാണ് ’ അന്നത്തെ ജോലി മാറ്റത്തെക്കുറിച്ച് ദാനിഷ് എന്നോട് പറഞ്ഞത്. പരിശീലനം ലഭിച്ച ഫോട്ടോഗ്രാഫറല്ലായിരുന്നിട്ടും വിശ്രമമില്ലാത്ത യാത്രകളിലൂടെയും കഠിനാധ്വാനം, അർപ്പണബോധം എന്നിവയിലൂടെ അവനെ ലോകം അറിഞ്ഞു. ഒരു വിഷയം മുഴുവൻ ഒരു ഫ്രെയിമിൽ കാണിക്കുക എന്ന തത്വമാണ് അവന്റെ എല്ലാ ഫോട്ടോയിലെയും പ്രത്യേകത. അത് അവസാന കാലം വരെ തുടർന്നു.
തന്റെ പ്രൊഫഷനോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ളയാളായിരുന്നു ദാനിഷ്. റോഹിംഗ്യൻ അഭയാർഥി പ്രശ്നം, ഇറാഖ് യുദ്ധം, അഫ്ഗാൻ സംഘർഷം, ഹോങ്കോങ് പ്രതിഷേധങ്ങൾ തുടങ്ങിയ നിരവധി പ്രധാന സംഭവങ്ങൾ കവർ ചെയ്തിട്ടുണ്ട്. ഈ സമയത്തെല്ലാം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അവനോട് പറയുമായിരുന്നു. ഒരിക്കൽ ജോലി ഉപേക്ഷിക്കാൻ വരെ പറഞ്ഞിരുന്നു. പക്ഷേ മാധ്യമ പ്രവർത്തകർക്ക് സുരക്ഷയുണ്ടെന്നും പൂർണ സംരക്ഷണത്തോടെയാണ് യാത്ര ചെയ്യുന്നതെന്നും ഞങ്ങളോട് പറയും. ആ ആശ്വാസത്തിൽ തിരിച്ചെത്തും വരെ ഞങ്ങൾ അവനെയും കാത്തിരിക്കും.
ഒടുവിലത്തെ യാത്ര പറയൽ
അഫ്ഗാനിലെ സംഘർഷ ഭൂമിയിലേക്ക് പോകും മുമ്പെ ഞങ്ങളുടെ അടുത്തുവന്ന് യാത്ര പറഞ്ഞിരുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. പക്ഷേ അന്നൊരു ജൂലൈ 16ന് ഡൽഹി ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു ഫോൺ കോളിലൂടെ അവന്റെ വിയോഗ വാർത്തയറിഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞു. മയ്യിത്ത് ഏറ്റുവാങ്ങുമ്പോഴും കാമറയും അനുബന്ധ കാര്യങ്ങളും അധികൃതരിൽ നിന്ന് സ്വീകരിക്കുമ്പോഴും മനസ് വിങ്ങിയിരുന്നു. പക്ഷേ, രാജ്യം മുഴുവൻ അവനെ ആദരിക്കുന്നുവെന്ന് കാണുമ്പോൾ പിതാവ് എന്നതിൽ ഞാൻ അഭിമാനിച്ചു.
ഭീഷണിയുടെ നാളുകൾ
പ്രതിരോധത്തിന്റെ ഫ്രെയിമുകളിൽ അതിജീവനത്തിന്റെയും ആർജവത്തിന്റെയും അടയാളപ്പെടുത്തലുകളായ ചിത്രങ്ങളാണ് അവന്റേതായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. ദാനിഷ് പകർത്തിയ കൊവിഡ് കാലത്തെ വിഹ്വലമായ ഉത്തരേന്ത്യൻ കാഴ്ചകളും അഭയാർഥി ജീവിതങ്ങളുടെ നിസ്സഹായതകളും പൗരത്വ സമരകാലത്തെ പ്രതിഷേധജ്വാലയും പലരേയും ചൊടിപ്പിച്ചു. ലോകത്തിന്റെയും രാജ്യത്തിന്റെയും യഥാർഥ മുഖം തുറന്നു കാണിച്ചതിന് പലപ്പോഴായി അവനു ഭീഷണിയും ഉണ്ടായിരുന്നു. പല തവണ മെസേജുകളും ഫോൺ കോളുകളും വന്നു. ചിലപ്പോൾ എന്റെ ഫോണിലേക്ക് വിളിച്ചു വരെ പലരും ചീത്ത പറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ശരി എന്തെന്ന് തോന്നുന്നത് ചെയ്യാനായിരുന്നു അവനോട് പറഞ്ഞത്. വിമർശനങ്ങളെ പതറാതെ നിർഭയത്തോടെയാണ് അവൻ നേരിട്ടത്. മഹാമാരിക്കാലത്തും ഡൽഹി കലാപ കാലത്തുമാണ് ഭീഷണികൾ കൂടുതലായി വന്നത്. വെല്ലുവിളികൾക്കിടയിലും വസ്തുതകൾ ലോകത്തെ അറിയിച്ചുകൊണ്ടേയിരുന്നു. ഞാനൊരു ഫോട്ടോജേണലിസ്റ്റല്ല. എങ്കിലും ദാനിഷിന്റെ ഫോട്ടോ കാണുമ്പോൾ ഇപ്പോഴും എനിക്ക് അഭിമാനമാണ്.
പങ്കുവയ്ക്കലിന്റെ ഓർമകൾ
അവന്റെ വിശ്രമമില്ലാത്ത ഓരോ ദിനത്തെ യും ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് കൊവിഡ് കാലത്തായിരുന്നു. കൊവിഡ് വാർഡുകളിലും മോർച്ചറികളിലും ശ്മശാനങ്ങളിലും പോയി സാധാരണക്കാരന്റെ ജീവിതം പകർത്തി ലോകത്തിനു മുന്നിൽ രോഗഭീതിയെ കുറിച്ച് അറിയിച്ചു. ഒരു വർഷം അവൻ വീട്ടിൽനിന്ന് അകന്നു താമസിച്ചു. ഒഴിവുസമയത്ത് വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ അവനെന്നോട് ജനങ്ങളുടെ വേദനകളും കഷ്ടപ്പാടുകളും പങ്കുവയ്ക്കുമായിരുന്നു.
പുലിറ്റ്സർ അവാർഡ്
പ്രഖ്യാപിച്ചപ്പോൾ
കൊവിഡ് കാലത്തെ ചിത്രവുമായി ബന്ധെപ്പട്ടാണ് രണ്ടാം പുലിസ്റ്റർ അവാർഡ് ദാനിഷിനെ തേടിയെത്തിയത്. പക്ഷേ അവനില്ലാത്ത വീട്ടിലേക്ക് പുരസ്കാരം ലഭിച്ച വാർത്തയറിഞ്ഞപ്പോൾ വല്ലാതെ മിസ് ചെയ്തു. അവന്റെ ഉമ്മയെ ചേർത്തുപിടിച്ചു കരഞ്ഞു. അതൊരു സമ്മിശ്ര വികാരമായിരുന്നു. അവൻ ഉണ്ടായിരുന്നെങ്കിൽ അവാർഡിൽ സന്തോഷിക്കുമായിരുന്നു.
ജാമിഅ മില്ലിയ്യയിലെ ഫാക്കൽറ്റി ഓഫ് എജ്യുക്കേഷനിൽ ഡീനായിരുന്നു ഞാൻ. ജാമിഅയിലെ പൂർവവിദ്യാർഥിയായിരുന്നു അവൻ. ഞങ്ങൾ കുടുംബപരമായി ജാമിഅയുമായി ഹൃദയബന്ധമുണ്ട്. അതുകൊണ്ടാണ് മകന്റെ മയ്യിത്ത് ഖബറടക്കാൻ ജാമിഅ അധികൃതരോട് ആവശ്യപ്പെട്ടത്. അവരത് സ്വീകരിച്ചു. വൈസ് ചാൻസലർ പ്രഫ. നജ്മ അക്തറായിരുന്നു അതിന് അനുമതി നൽകിയത്. കലാലയ ഓർമകൾക്കൊപ്പം അവൻ ജാമിഅയുടെ മണ്ണിൽ ഉറങ്ങുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."