കാട്ടാനയുടെ ആക്രമണം ഈ മാസം കൊല്ലപ്പെട്ടത് മൂന്നുപേർ; പാലക്കാട്ട് മാത്രം രണ്ടുപേർ
ജംഷീർ പള്ളിക്കുളം
പാലക്കാട് •സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഈ മാസം കൊല്ലപ്പെട്ടത് മൂന്നു പേർ. ഇതിൽ ഇന്നലെ കൊല്ലപ്പെട്ട മല്ലീശ്വരിയും ധോണി സ്വദേശി ശിവരാമനും ഉൾപ്പെടെ രണ്ടുപേരും പാലക്കാട് ജില്ലയിലുള്ളവർ.
രണ്ടാഴ്ചയ്ക്ക് മുൻപ് കണ്ണൂര്‍ ആറളം ഫാമില്‍ കര്‍ഷകനായ ദാമുവും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാലക്കാട് ധോണി സ്വദേശിയായ അറുപതുകാരൻ ശിവരാമനെ കാട്ടാന ആക്രമിക്കുന്നത് ഈ മാസം എട്ടിന് പുലർച്ചെ അഞ്ച് മണിക്ക് പ്രഭാത സവാരിക്കിടെയാണ്. ആനയെ കണ്ട് ഓടി പാടത്തേക്കിറങ്ങിയ ശിവരാമനെ പിന്നാലെയെത്തിയ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു.
വർഷം മുഴുവനും കാട്ടാന ശല്യംനേരിടുന്ന ഇടങ്ങളാണ് അട്ടപ്പാടിയും ധോണി പ്രദേശവും. കണ്ണൂർ ജില്ലയിലെ ആറളം ഫാം ഏഴാം ബ്ലോക്കിലെ പുതുശേരി പി.ഐ ദാമു (46) ഈ മാസം 14നാണ് കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെടുന്നത്. മറ്റു നാലു പേർക്കൊപ്പം വിറകു ശേഖരിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ടു അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ ചവിട്ടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ പ്രാണരക്ഷാർഥം ഓടി. ഇവരുടെ നിലവിളി കേട്ട് സമീപത്തുള്ളവർ സ്ഥലത്തെത്തിയപ്പോഴേക്കും ദാമു മരിച്ചിരുന്നു.
ഓരോ സംഭവം നടക്കുമ്പോഴും വനം വകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധിക്കാറുണ്ട്. പക്ഷെ, ഒന്നിനും പരിഹാരം ഉണ്ടാകുന്നില്ലെന്നതിൻ്റെ തെളിവാണ് തുടർക്കഥയാകുന്ന കാട്ടാനകളുടെ ആക്രമണങ്ങൾ എന്ന ആരോപണമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."