ബസ്സില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ കേസ്; സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ പൊലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാം. തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക അതിക്രമം, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമായ പ്രവൃത്തികളാണ്. സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണമെന്ന് പുതുക്കിയ നിയമത്തില്‍ വ്യക്തമാക്കുന്നു. ലൈംഗിക ചുവയുള്ള തമാശകള്‍ പറയല്‍, മോശം കമന്റ് തുടങ്ങിയവയും ഗുരുതര കുറ്റൃത്യമാണ്.
സ്ത്രീകള്‍ക്കെതിരെ ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ സഹയാത്രികരോട് കൂടി സംസാരിച്ച് കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് യാത്രക്കാരനെ പൊലീസിന് കൈമാറണം. സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ പരാതിയും യാത്രക്കാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്ത് നിജസ്ഥിതി എന്തെന്ന് ആദ്യം മനസ്സിലാക്കി വേണ്ട നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വം കണ്ടര്‍ക്കാണ്. സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിയമഭേതഗതിയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."