ഖുര്‍ആന്‍ വചനങ്ങളാല്‍ മുഖരിതമായ ഒരു ഗസ്സന്‍ പകല്‍; ഹൃദിസ്ഥമാക്കിയ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി ഒറ്റയിരുപ്പില്‍ ഓതിക്കേള്‍പ്പിച്ച് 500ലേറെ ഫലസ്തീന്‍ ഹാഫിളുകള്‍
ഖുര്‍ആന്റെ മനോഹരമായ ഈരടികള്‍ കേട്ടു കൊണ്ടാണ് ഗസ്സയിലെ മസ്ജിദു ശാഫി ഇയിലെ കഴിഞ്ഞ ദിവസം സൂര്യനുദിച്ചത്. പിന്നെ അസ്തമയത്തിന്റെ ചുവപ്പു രാശി പടരുവോളം ആ പള്ളിയങ്കണത്തില്‍ ഖുര്‍ആന്‍ വചനങ്ങള്‍ അലയടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഒരു സാധാരണ ദിനമായിരുന്നില്ല അത്. തങ്ങള്‍ ഹൃദിസ്ഥമാക്കിയ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി ഒറ്റയിരുപ്പില്‍ ഓതിക്കേള്‍പ്പിക്കാന്‍ ഗസ്സയിലെ മസ്ജിദു ശാഫി ഇയിലും മസ്ജിദു തഖ്‌വയിലുമായി എത്തിച്ചേര്‍ന്നത് 581 ഫലസ്തീന്‍ ഹാഫിളുകളാണ് എത്തിച്ചേര്‍ന്നത്. സ്ത്രീകളും പുരുഷന്‍മാരും. കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ.
രാവിലെ ഫജ്ര്‍ നമസ്‌കാരശേഷം ആരംഭിച്ച് മഗ്‌രിബ് വരെ ഒരുമിച്ച് തന്നെ ഓതിക്കേള്‍പ്പിക്കല്‍..
അക്കൂട്ടത്തില്‍ യൂണിവേഴ്‌സിറ്റിതല ഇംഗ്ലീഷ് അധ്യാപകന്‍ .. 60 വയസ്സ് പിന്നിട്ട വല്ലിമ്മമാര്‍.. രണ്ട് മാസം പ്രായമായ കൈക്കുഞ്ഞുമായെത്തിയ യുവതി. തന്റെ പരീക്ഷ നടക്കാനിരിക്കെ തന്നെ ഈ പ്രോഗ്രാമില്‍ പങ്കേടുക്കാനായി എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി.. 9 വയസ്സുള്ള ഒരു മിടുക്കന്‍..ഒരേ വീട്ടില്‍ നിന്നെത്തിയ മൂന്ന് സഹോദരിമാര്‍...അങ്ങിനെ 581 ഹാഫിളുകള്‍.
'ഗസ്സ ദാറുല്‍ ഖുര്‍ആന്‍ ആന്റ് സുന്നത്ത്'' ആണ് സ്വഫ്‌വത്തുല്‍ ഹുഫ്ഫാദ്' എന്ന പരിപാടി സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും തങ്ങള്‍ ഇത്തരത്തിലുള്ള ഒത്തുകൂടലുകള്‍ സംഘടിപ്പിക്കാറുണ്ടെന്ന് പരിപാടിക്ക് നേതൃത്വം നല്‍കുന്ന ബിലാല്‍ ഇമാദ് പറയുന്നു. ലോകത്തിന്റെ കണ്ണുകള്‍ ഗസ്സയിലേക്ക് തിരിക്കുന്ന ഒരു സന്ദര്‍ഭം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരുഷന്‍മാര്‍ മസ്ജിദു തഖ്‌വയിലും സ്ത്രീകള്‍ മസ്ജിദു ശാഫി ഇയിലുമാണ് ഒന്നിച്ചു കൂടിയത്.
ബോംബുവര്‍ഷവും മിസൈലുകളും ആര്‍ത്തട്ടഹസിക്കുന്ന ഗസാ മുനമ്പില്‍ നിന്നുയര്‍ന്ന ഈ ഈരടികള്‍ എന്താണ് ഫലസ്തീന്‍ പോരാട്ട വീര്യത്തിന്റെ ആത്മീയ മന്ത്രമെന്ന് കാണിച്ചു തരുന്നു ലോകത്തിന്. ഏത് തീക്കാറ്റിനേയും ചെറുത്തുനില്‍ക്കാനുള്ള, ഏത് അധിനിവേശത്തേയും അതിജീവിക്കാനുള്ള തകര്‍ന്നു കിടക്കുന്ന വീടുകള്‍ക്കു നടുവില്‍ എഴുനേറ്റ് നിന്ന്, ചുറ്റും പരക്കുന്ന ചോരച്ചാലുകളില്‍ ചവിട്ടി നിന്ന്, തീ തുപ്പുന്ന യുദ്ധവിമാനങ്ങള്‍ക്കു കീഴെ നിന്ന് സ്വാതന്ത്ര്യത്തിന്റെ സമാധാനത്തിന്റെ സന്തോഷത്തിന്റെ രാജ്യം കിനാവ് കാണാനുള്ള ഊര്‍ജ്ജം വിശുദ്ധഖുര്‍ആനാണെന്നുമാണ് ഗസ്സ വീണ്ടും നമ്മളോട് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."