മഞ്ചാടിക്കരിയിലെ മുതലകള്‍
പുസ്തകപ്പാത - 3
വി. മുസഫര്‍ അഹമ്മദ്
‘ആ ചതുപ്പു നിലത്തിനെ ആവാസയിടമാക്കുന്നതിനിടയില് 49 പുലയരാണ് മഞ്ചാടിക്കരിയിലെ മുതലകള്‍ക്ക് ഇരയായത്. ഒരു ഞായറാഴ്ച ദിവസം രാവിലെ വേദപുസ്തകവുമായി മഞ്ചാടിക്കരി പള്ളിയിലേക്കു വന്ന ദാവീദ് ആശാനാണ് നാല്പ്പത്തിയൊമ്പതാമതായി മുതലയ്ക്ക് ഇരയായത്. മൂന്നു സ്ഥലത്തു ചെന്ന് ശവം പൊക്കിക്കാണിച്ചു എന്നാണ് സംസാരം. പള്ളിയില്‍ കൂടിയിരുന്നവര്‍ മാറത്തടിച്ചു കൂട്ടമായി നിലവിളിച്ചതല്ലാതെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കവിയൂര്‍ കെ.സി.രാജ് 1947ല്‍ മഞ്ചാടിക്കരിയില്‍ നിന്ന് ശേഖരിച്ച വിവരമാണിത്. ഭീതിയുടെ നടുവില്‍ ജീവിച്ചുകൊണ്ടാണ് മഞ്ചാടിക്കരി നിവാസികള്‍ അവിടെ ആവാസയിടം നിര്‍മ്മിച്ചെടുത്തത്- ദളിത് ചരിത്രദംശനം /വിനില്‍ പോള്‍.
മുതലകള്‍ വസിച്ചിരുന്ന ചതുപ്പായിരുന്നു ഇന്നത്തെ കോട്ടയം ജില്ലയിലെ മഞ്ചാടിക്കരി. ഒളിച്ചോടിയെത്തിയ അടിമക്കൂട്ടങ്ങളാണ് ഈ ചതുപ്പില്‍ താമസിച്ചിരുന്നത്. തങ്ങളെ അടിമകളാക്കിവച്ചിരുന്നവര്ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയാത്ത, മുതലകളുടെ സാന്നിധ്യത്താല്‍ കൊടിയ ഭയം നിലനിന്ന ഈ പ്രദേശം ഒളിച്ചോടിയ അടിമകള്‍ തങ്ങള്‍ക്ക് വസിക്കാനുള്ള ഇടമായി തിരഞ്ഞെടുക്കുകയായിരുന്നു. ഈ പറയുന്ന കാര്യങ്ങള്‍ ഒരു നോവലില്‍ നിന്നല്ല, കേരള ചരിത്രത്തില്‍ നിന്നാണ്. നമ്മുടെ ചരിത്രകാരന്മാര് പഠിക്കാതെ ഉപേക്ഷിച്ചുപോയ സന്ദര്‍ഭങ്ങളിലൊന്ന്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് യുവ ചരിത്രകാരനായ വിനില്‍ പോളിന്റെ ‘അടിമ കേരളത്തിന്റെ അദൃശ്യചരിത്രം’ (ഡി.സി.ബുക്സ്) പുറത്തുവന്നത്. കേരളത്തില്‍ അടിമകളും അടിമച്ചന്തകളും അടിമക്കച്ചവടവുമുണ്ടായിരുന്നില്ല എന്ന് വിശ്വസിച്ചുപോന്ന എല്ലാവരെയും (ചരിത്രകാരന്മാരെയും) തിരുത്തിയ ഉജ്ജ്വല പുസ്തകമായിരുന്നു അത്. വിനില്‍ പോളിന്റെ രണ്ടാമത്തെ പുസ്തകമാണ് ദളിത് ചരിത്ര ദംശനം (മാതൃഭൂമി ബുക്സ്). ഈ പുസ്തകത്തിലേക്ക് കടക്കാനുള്ള താക്കോല്‍ വാക്യമാണ് ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ചത്. ‘മലയാളി അടിമകളുടെ പ്രാദേശിക ഒളിച്ചോട്ടങ്ങള്‍’ എന്ന ആദ്യ അധ്യായത്തിലാണ് മഞ്ചാടിക്കരിയെ ഗ്രന്ഥകാരന് ഈ രീതിയില്‍ അവതരിപ്പിക്കുന്നത്. പുരാരേഖകള്‍, മിഷനറി രേഖകള്‍, കോടതി രേഖകള്‍, വാമൊഴി ചരിത്രം തുടങ്ങി വിവിധ സ്രോതസ്സുകളുപയോഗപ്പെടുത്തി ദളിത് ചരിത്രത്തിന്റെ എല്ലാ വാതിലുകളും തുറക്കുകയാണ് ഗ്രന്ഥകാരന്. ഇന്നു നാം കേരളമെന്നു വിളിക്കുന്ന പ്രദേശത്ത് എങ്ങനെ ജാതിപീഡനങ്ങള്‍ നിലനിന്നു എന്ന് ആഴത്തില്‍ പഠിക്കുകയാണ് പുസ്തകത്തിലെ പ്രബന്ധങ്ങള്‍.
വിനില്‍ പോള്‍ എഴുതുന്നു: പറമ്പ് പുരയിട സമ്പദ്വ്യവസ്ഥ, തോട്ടം മേഖലയുടെ വികസനം, കാട് വെട്ടിത്തെളിച്ചുള്ള കുടിയേറ്റം തുടങ്ങിയവയെല്ലാം കേരള ചരിത്ര രചനകളില്‍ നിരവധി തവണ വിശകലനം ചെയ്തിട്ടുള്ളതാണ്. എന്നാല്‍ കാര്‍ഷിക അടിമകള്‍ പാടശേഖരങ്ങളുടെ വരമ്പുകളിലും ചതുപ്പുനിലങ്ങള്‍ നികത്തിയും നിര്‍മ്മിച്ച ആവാസയിടങ്ങളെപ്പറ്റിയും ഒളിച്ചോടിയെത്തിയ അടിമക്കൂട്ടങ്ങള്‍ നിര്‍മ്മിച്ച ആവാസയിടങ്ങളെപ്പറ്റിയും കേരളത്തിന്റെ സാമൂഹിക ചരിത്രകാരന്മാര് വേണ്ടത്ര അന്വേഷണങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല: അങ്ങേയറ്റം സൂക്ഷ്മതയോടെ എങ്ങനെയാണ് കേരള ചരിത്രത്തെ ഇനിയെങ്കിലും സമീപിക്കേണ്ടത് എന്നതിന്റെ ദിശ കൂടിയാണ് ഈ വാചകങ്ങളിലൂടെ വെട്ടിത്തുറക്കപ്പെട്ടിരിക്കുന്നത്.
പുസ്തകത്തിന്റെ പുറംകവറിലെ വാചകങ്ങള്‍ വിനില്‍ പോളിന്റെ ചരിത്ര പഠന മാര്‍ഗങ്ങളെ ഇങ്ങനെ സുതാര്യമാക്കുന്നു: ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ അടുത്തറിയാനുള്ള അന്വേഷണം. മലയാളക്കരയുടെ ദളിത് ചരിത്രത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഇരുണ്ട യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്നലെകളിലെ ദളിത് സാമൂഹിക അനുഭവങ്ങളിലേക്ക് പുരാരേഖകളുടെ പിന്ബലത്താല് ഒരു ചരിത്ര വിദ്യാര്‍ഥി നടത്തുന്ന യാത്ര. കീഴാള ജീവിതാനുഭവങ്ങളുടെ ഭൂതകാലത്തെ വിശദമാക്കുന്ന ലേഖനങ്ങള്‍ പ്രധാനമായും നിലവിലെ പൊതുബോധങ്ങളെയാണ് ചോദ്യം ചെയ്യുന്നത്.
പൊതുബോധത്തെ ചോദ്യം ചെയ്ത് ചരിത്രത്തെ അങ്ങേയറ്റം ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന് ചെയ്യുന്നത്. 192 പേജുള്ള പുസ്തകത്തിന്റെ ഓരോ താളിലും നാം വായിക്കുന്നത് അത്തരത്തിലുള്ള ചരിത്ര വ്യാഖ്യാനങ്ങളാണ്. അടിമ നുകത്തില്‍ നിന്ന് രക്ഷ തേടിയുള്ള പ്രതിരോധമായിരുന്നു ഒളിച്ചോട്ടങ്ങള്‍. വിനില്‍ പോള്‍ അവതരിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യം ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ഒളിച്ചോടിയ അടിമക്കൂട്ടങ്ങളില്‍ കൊച്ചിയില്‍ നിന്നുള്ള അടിമകളുടെ സാന്നിധ്യവും കാണാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ്.
സമകാലത്തില്‍ ചരിത്ര രചനയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും കുഴപ്പം പിടിച്ച പ്രതിഭാസത്തെ ‘കേരളത്തിന്റെ ജാതിക്കാഴ്ച്ചകള്’ എന്ന അധ്യായത്തില്‍ വിനില്‍ പോള്‍ ഇങ്ങനെ സംഗ്രഹിക്കുന്നു: സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും അത്യന്തം അതിശയം തോന്നുന്ന ഭൂതകാലങ്ങളാണ് ആര്.എസ്.എസിന്റെ ചരിത്ര ക്ലാസുകളില്‍ കടന്നുപോകുന്നത്. അടിമത്തം, തീണ്ടല് മുതലായ തദ്ദേശീയ ജനതയുടെ ഇടയിലെ ആന്തരിക സംഘര്‍ഷങ്ങള്‍ വിദേശ സൃഷ്ടിയാണെന്ന വാദമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്: ചരിത്ര രചനയിലെ തന്റെ കാഴ്ച്ചപ്പാട് എന്തെന്നതിനുള്ള വിനിലിന്റെ സാക്ഷ്യംകൂടിയാണ് ഈ വാചകം.
സംഘ്പരിവാര്‍ ചരിത്ര രചനാ രീതിയെ അദ്ദേഹം ഇങ്ങനെ കൂടി വിമര്‍ശിക്കുന്നു: പുരാരേഖകളിലെ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചരിത്ര രചനയില്‍ വിശ്വസിക്കരുതെന്നും അവര്‍ ജാതിവിവേചനം പെരിപ്പിച്ചു കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമാണ് വര്‍ഗീയ വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത്. മാത്രമല്ല പാശ്ചാത്യമാതൃകകള്ക്കും സ്രോതസ്സുകള്‍ക്കും പകരം ഭാരതീയ ചരിത്ര രൂപങ്ങളെ മാതൃകയാക്കി ചരിത്ര രചന നടത്തണമെന്ന പ്രഖ്യാപനവുമായി സംഘ്പരിവാര്‍ എഴുത്തുകാര്‍ 1980തുകളുടെ അവസാനം മുതല്‍ ദേശീയതലത്തില്‍ സജീവമാണ'്.
പുസ്തകത്തില്‍ 1919ല്‍ കേരള സൊസൈറ്റി പേപ്പേഴ്സ് അംഗവും ചര്‍ച്ച് മിഷനറിയുമായ ഡബ്ല്യു.എസ്. ഹണ്ട് എടുത്ത ഒരു ഫോട്ടോഗ്രാഫ് ചേര്‍ത്തിട്ടുണ്ട്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ: ‘തിരുവല്ലയുടെ സമീപമുള്ള കവിയൂരില്‍ മൂന്ന് പുലയ സ്ത്രീകള്‍ റോഡില്‍ ഒരു ഉയര്‍ന്ന ജാതിക്കാരനെ കണ്ടതിനു പാടശേഖരത്തിനു നടുവില്‍, എണ്‍പതടി അകലെ മാറി നില്ക്കുന്ന കാഴ്ച്ച’. കേരളത്തിന്റെ യാഥാര്‍ഥ്യം എന്തായിരുന്നുവെന്ന് ഈ അടിക്കുറിപ്പ് വ്യക്തമാക്കുന്നു. ഇന്ന് പലരും പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന 'സുവര്‍ണ്ണ ഭൂതകാല'മല്ല ഇവിടെ നിലനിന്നിരുന്നത്. ജാതി അനുഭവങ്ങളുടെ ചരിത്രത്തിന്റെ പല പ്രതലങ്ങളിലേക്ക,് അനുഭവങ്ങളിലേക്ക്, ഉദാഹരണങ്ങളിലേക്ക്, ഇതുമായി ബന്ധപ്പെട്ട വിവിധ രേഖകളിലേക്ക് എല്ലാം ഗ്രന്ഥകാരന് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. അങ്ങനെ പുസ്തകം ചരിത്ര രചനക്കുള്ള മാതൃക കൂടിയായി മാറുന്നു. കേരളത്തിലെ മുസ്ലിംകളും കീഴാളരെ തീണ്ടാപ്പാടകലം തെറ്റിക്കാന്‍ അനുവദിച്ചിരുന്നില്ല എന്ന വിമര്‍ശനവും പുസ്തകം ഉയര്‍ത്തുന്നുണ്ട്. 1850ലെ ഒരു സംഭവത്തെ ഉദാഹരിച്ച് ഈ പ്രശ്നത്തെ ഗ്രന്ഥകാരന് കൂടുതല്‍ വിശദമാക്കുന്നു. അടിമക്കച്ചവടവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മുസ്ലിംകളെക്കുറിച്ചുള്ള (കോടതി രേഖകളുടെ പിന്‍ബലത്തോടെ) വിവരങ്ങളും ഈ താളുകളിലുണ്ട്. ഭാഷയിലും ഭക്ഷണത്തിലും ജാതി എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന നിരവധി ഉദാഹരണങ്ങളും വായനക്കാരന് അഭിമുഖീകരിക്കേണ്ടിവരുന്നു. ദലിതര്‍ക്ക് സ്വന്തം പേരുകള്‍ പോലും നിശ്ചയിക്കാന്‍ അധികാരമുണ്ടായിരുന്നില്ല. ചെറുനില, ഓമ, പൂനാ, ചീരന്‍, തുളുവന്‍ അങ്ങനെയുള്ള പേരുകള്‍ പുലയരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു.
15 അധ്യായങ്ങളാണ് ദളിത് ചരിത്ര ദംശനത്തിലുള്ളത്. ഓരോ അധ്യായവും കേരള ചരിത്രത്തിന്റെ കാണാക്കയങ്ങളെ ഉയര്‍ത്തിയെടുക്കുന്നു. 'ആധുനികതയുടെ സ്പര്‍ശം: ദളിതരും പാശ്ചാത്യവൈദ്യവും' എന്ന അധ്യായം ഇങ്ങനെ തുടങ്ങുന്നു: മഹാവ്യാധി പിടിപെട്ട് അവശനിലയിലായ തിരുവിതാംകൂറിലെ ഒരു രാജകുമാരനെ ചികിത്സിക്കുവാന്‍ ഒരു യൂറോപ്യന്‍ ഡോക്ടറെ വിളിച്ചുവരുത്തി. ചികിത്സ തുടങ്ങും മുന്‍പ് ഡോക്ടര്‍ക്ക് രണ്ടു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. (1) രോഗിയെ സ്പര്ശിക്കുവാന് പാടില്ല. (2) ഒരു നിശ്ചിത അകലത്തില്‍നിന്നു വേണം ചികിത്സ നടത്തുവാന്‍. കടുത്ത രോഗം ബാധിച്ചിട്ടുണ്ടെങ്കിലും തീണ്ടാപ്പാടകലം യൂറോപ്യന്‍ ഡോക്ടര്‍ക്കും ബാധകമാണെന്നര്‍ഥം. ഇങ്ങനെ കേരള സമൂഹത്തില്‍ നിലനിന്നിരുന്ന പലതരം തീണ്ടാപ്പാടകലങ്ങളെ വിചാരണ ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്. ചേരമര്‍ സ്ത്രീ സമാജം: തിരുവിതാംകൂറിലെ ദളിത് സ്ത്രീകളുടെ സാമുദായിക പ്രവര്‍ത്തനങ്ങള്‍, പത്തൊന്‍പതാം നൂറ്റാണ്ടിലെ ദളിത് വിദ്യാഭ്യാസം, കേരളത്തിലെ ദളിത് ചരിത്രരചനകളും പുതുപ്രവണതകളും, ചാത്തന് പുത്തൂര്‍ യോഹന്നാനും മധ്യകേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസവും, അപവാദങ്ങളും ചരിത്രരചനയും, അച്ചടി നിര്‍മിച്ച ‘ദളിത് പൊതുമണ്ഡലങ്ങള്‍’, മഞ്ചാടിക്കരിയിലെ മുതലക്കഥകള്, ദളിത് ജീവിതാഖ്യാനങ്ങളും ചരിത്ര രചനകളും എന്നീ അധ്യായങ്ങളിലൂടെ വിനില്‍ പോള്‍ കേരളത്തിന്റെ അടിത്തട്ട് ചരിത്രത്തിന്റെ സമഗ്ര ചിത്രം അവതരിപ്പിക്കുന്നു.
ദളിത് ചരിത്രമെഴുത്തില്‍ സംഭവിക്കുന്ന പോരായ്മകളെ എടുത്തുകാട്ടാനുള്ള ജാഗ്രതയും വിനിലുണ്ട്. അദ്ദേഹം എഴുതുന്നു: അടുത്ത കാലത്തായി പ്രസിദ്ധീകരിക്കപ്പെട്ട ബഹുഭൂരിപക്ഷം ദളിത് ചരിത്ര രചനകളും പുരാശേഖരങ്ങളില്‍ നിന്നും കീഴാള അനുഭവങ്ങളെ കണ്ടെടുക്കുന്നതിലും വാമൊഴി സ്രോതസ്സിനാല്‍ നിര്‍മ്മിതമായ ദളിത് നവോത്ഥാന നായകരെക്കുറിച്ചുള്ള ചരിത്ര രചനകളിലെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്നതിലും പരാജയപ്പെട്ടിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സാധാരണ ജനതയുടെ ജീവിതങ്ങളെ അവതരിപ്പിക്കുന്നതിലെ കൃത്യതയില്ലായ്മ പലപ്പോഴും കേരളത്തിലെ ദളിത് എഴുത്തുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ചരിത്ര സാമഗ്രിയെന്ന നിലയില്‍ ദളിത് ജീവിത ചരിത്രങ്ങള്‍ നിരവധി തെളിവുകള്‍ നല്കുന്ന കേരളത്തിലെ ദളിത് നേതാക്കളുടെ ജീവിതം പറയുകയെന്നത് സൂക്ഷ്മതയോടെ ചെയ്യേണ്ടതായ ഒരു പ്രക്രിയയാണ്. പ്രത്യേകിച്ച് സംഘ്പരിവാര്‍ കാലത്ത് ദേശീയവാദത്തിന്റെ രാഷ്ട്രീയ ഇടങ്ങളിലേക്ക് ദളിത് ഭൂതകാലങ്ങളെ ചേര്‍ത്തുവയ്ക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നടന്നുവരുന്നത്: കേരള ചരിത്രത്തിന്റെ അകവും പുറവും ഒരേ പോലെ തൊട്ടറിയുന്നു ഈ പുസ്തകം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."