'ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിയരുത്, നല്ലകാലത്തും ചീത്തകാലത്തും അവര്‍ക്കൊപ്പം നില്‍ക്കണം'- നിതിന്‍ ഗഡ്കരി
മുംബൈ: പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ തോല്‍ക്കുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മുന്‍ യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നികസണിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും നലകാലത്തും ചീത്തക്കാലത്തും അവരോടൊപ്പമുണ്ടാകണമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ സംരംഭകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിയരുത്. ഒരാളുടെ കൈപിടിച്ചാല്‍ നല്ലകാലമായാലും മോശം കാലമായാലും എപ്പോഴും മുറുകെപ്പിടിക്കുക. ബിസിനസിലോ സാമൂഹികപ്രവര്‍ത്തനത്തിലോ രാഷ്ട്രീയത്തിലോ ഏര്‍പ്പെട്ട ഏതൊരാള്‍ക്കും മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തി- ഗഡ്കരി ചൂണ്ടിക്കാട്ടി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നിതിന്‍ ഗഡ്കരിയെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് ഒഴിവാക്കിയത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ശരിയായ സമയത്ത് തീരുമാനങ്ങളെടുക്കാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.
വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്കര്‍ നല്ലഭാവിക്കായി കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ കിണറ്റില്‍ ചാടി മരിച്ചാലും കോണ്‍ഗ്രസില്‍ ചേരില്ല, കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് മറുപടി നല്‍കിയതായും ഗഡ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."