വിവാഹേതര ബന്ധങ്ങൾക്കുവേണ്ടി വിവാഹ ജീവിതം തകർക്കുന്ന പ്രവണത കൂടിവരുന്നു
കൊച്ചി • വിവാഹേതര ബന്ധങ്ങൾക്കുവേണ്ടി വിവാഹ ജീവിതം തകർക്കുന്ന പ്രവണത സമൂഹത്തിൽ കൂടിവരുന്നതായി ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറയാവുന്ന തരത്തിൽ ലിവിങ് ടുഗതർ ബന്ധങ്ങൾ വർധിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് പെൺകുട്ടികളുടെ പിതാവായ ആലപ്പുഴ സ്വദേശി വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശങ്ങൾ. വിവാഹമോചിതരുടെയും ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെയും എണ്ണംകൂടിവരുന്നത് സമൂഹ വളർച്ച മുരടിപ്പിക്കുമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവർ ചൂണ്ടിക്കാട്ടി.
കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. എന്നാൽ ദുർബലവും സ്വാർഥവുമായ കാര്യങ്ങൾക്കുവേണ്ടി വിവാഹ ബന്ധം തകർക്കുന്നതാണ് നിലവിലെ പ്രവണത. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയിൽ ഭൂരിപക്ഷമായാൽ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും വളർച്ച മുരടിപ്പിക്കുകയും ചെയ്യും. ബാധ്യതകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാൽ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുത്തുന്നവൾ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് നൽകിയ ഹരജി കുടുംബക്കോടതി തള്ളിയിരുന്നു.ഇതിനെതിരായാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഭാര്യയിൽ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."