HOME
DETAILS

ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന്റെ അഭിമാനവാഹിനി

  
backup
September 02 2022 | 20:09 PM

ins-vikranth


ഇന്തോ-പസഫിക് മേഖലയിൽ വിമാനവാഹിനികളുടെ കപ്പൽപട വേണമെന്ന ഇന്ത്യൻ നാവികസേനയുടെ മോഹം ഐ.എൻ.എസ് വിക്രാന്തിലൂടെ സഫലമാകുമ്പോൾ രാജ്യത്തിനും വിശിഷ്യ മലയാളികൾക്കും അഭിമാനത്തിന്റെ സുവർണചരിതം. സ്വതന്ത്ര ഇന്ത്യയുടെ 75 ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യം യുദ്ധവിമാനവാഹിനിക്കപ്പൽ നിർമിക്കാൻ സ്വയംപര്യാപ്തമായി എന്നതിനൊപ്പം തന്നെ കപ്പലിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും 76 ശതമാനവും തദ്ദേശീയമായി നിർമിക്കാൻ കഴിഞ്ഞുവെന്നത് വലിയ പ്രത്യേകതയാണ്. ആറു പതിറ്റാണ്ടായുള്ള രാജ്യത്തിന്റെ സ്വപ്‌നം കൊച്ചിയിലേക്കെത്തുമ്പോൾ ആത്മവിശ്വാസവും ഇച്ഛാശക്തിയുമായിരുന്നു കപ്പൽശാലയ്ക്കും നാവികസേനയ്ക്കും ഉണ്ടായിരുന്ന കൈമുതൽ. തദ്ദേശീയമായി വിമാനവാഹിനിക്കപ്പൽ നിർമിക്കാൻ രാജ്യം തീരുമാനമെടുത്തപ്പോൾ കേരളം തെരഞ്ഞെടുക്കാൻ കാരണമായത് രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കുകൾ കൊച്ചി കപ്പൽശാലയിൽ ഉണ്ടായിരുന്നുവെന്നതായിരുന്നു. കൂടാതെ യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപണി നടത്തിയ മികവും. ആത്മവിശ്വാസത്തോടെ പദ്ധതി ഏറ്റെടുത്ത കൊച്ചി ഷിപ്പിയാർഡ് നേരിട്ടത് നിരവധി പ്രതിസന്ധികളും വെല്ലുവിളികളുമായിരുന്നു. അവയെല്ലാം അതിജീവിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എൻ.എസ് വിക്രാന്ത് പൂർണസജ്ജമാക്കി സമർപ്പിച്ചതോടെ രാജ്യം നേടിയത് വലിയൊരു കുതിച്ചുചാട്ടമായിരുന്നു.


വിമാനവാഹിനിക്കപ്പലിന്റെ നിർമാണത്തിലൂടെ രാജ്യത്തിന് പല നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ഇതുവരെയുള്ള എയർക്രാഫ്റ്റുകളെല്ലാംതന്നെ മറ്റുരാജ്യങ്ങളിൽനിന്ന് ഇന്ത്യ വാങ്ങിയതാണ്. ഐ.എൻ.എസ് വിക്രാന്ത് ഇവിടെ ഉണ്ടാക്കിയെന്നത് മാത്രമല്ല നമ്മുടെ നേട്ടം. മറ്റു പല സാങ്കേതിക വിദ്യകളും വികസിപ്പിക്കാൻ വിക്രാന്തിന്റെ നിർമാണം പര്യാപ്തമാക്കി. വിക്രാന്തിലൂടെ രാജ്യത്തിനുണ്ടായ നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം നേട്ടമല്ല, 2006 മുതൽ 2009 വരെയുള്ള കാലയളവിൽ തന്നെ കപ്പൽ നിർമാണത്തിനുള്ള ഉരുക്ക് നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഡി.ആർ.ഡി.ഒയും സെയിലും ഈ ഉദ്യമത്തിലേക്ക് കടക്കുന്നത് ഈ കാലയളവിലാണ്. കപ്പലിന്റെ ചട്ടക്കൂട് തയാറാക്കാൻ ആവശ്യമായ പ്രത്യേകയിനം ഉരുക്ക് റഷ്യയിൽനിന്ന് വാങ്ങാനായിരുന്നു ആദ്യ തീരുമാനമെങ്കിലും റഷ്യ പിന്മാറുകയായിരുന്നു. അതോടെ തദ്ദേശീയമായ ഒരു സാങ്കേതികവിദ്യയുടെ പിറവികൂടി സംഭവിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നേവൽ മെറ്റീരിയൽ റിസർച്ച് ലബോറട്ടറീസ് ശക്തിയേറിയ ഉരുക്ക് നിർമാണ സാങ്കേതികവിദ്യ വികസിപ്പിച്ചപ്പോൾ ആവശ്യം സൃഷ്ടിയുടെ മാതാവെന്ന ആപ്തവാക്യം യാഥാർഥ്യമായി. സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യയാണ് സാങ്കേതികവിദ്യ പ്രകാരം ഉരുക്ക് നിർമിച്ചത്. 24,000ടൺ ഉരുക്ക് കപ്പലിന്റെ ചട്ടക്കൂടിന് ഉപയോഗിച്ചു. തദ്ദേശീയമായി നിരവധി ഉത്പന്നങ്ങളും ഘടകങ്ങളും നിർമിക്കാൻ കഴിഞ്ഞു.


നിർമാണത്തിനായി ചെലവഴിച്ച 20,000 കോടി രൂപയിൽ നല്ലൊരു പങ്കും ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരിലേക്ക് എത്തിയെന്ന പ്രത്യേകതയും വിക്രാന്തിനുണ്ട്. ഇതോടെ കപ്പലിനായി ചെലവിട്ട തുക രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് തന്നെ തിരികെയത്തി. കൊച്ചി കപ്പൽ ശാലയിലെ 2000 ഉദ്യോഗസ്ഥർക്കും അനുബന്ധ വ്യവസായങ്ങളിലെ 13,000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം അനുബന്ധ വ്യവസായങ്ങളുടെ വികസനത്തിനും ഈ സ്വദേശിവത്കരണ ശ്രമങ്ങൾ കാരണമായി.
നാവികസേനയുടെ പ്രാഥമിക രൂപരേഖ പ്രകാരം അന്തിമരൂപകൽപനയും നിർമാണവും ഒരേസമയമാണ് നടത്തിയത്. അതിനാൽ നവീന സാങ്കേതികവിദ്യകൾ കപ്പലിന് സ്വീകരിക്കാൻ കഴിഞ്ഞു. ഓരോ സമയത്തുമുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാവുന്ന രീതിയിൽ കൊച്ചി കപ്പൽശാലയും മാറിയിരുന്നു. 40,000 ടൺ കേവുഭാരമുണ്ട് വിക്രാന്തിന്. 262 മീറ്റർ നീളവും 62 മീറ്റർ പരമാവധി വീതിയുമുണ്ട്. 30 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഒരേസമയം കപ്പലിൽ ഉൾക്കൊളാനാവും. 14 ഡെക്കുകളുള്ള കപ്പലിന് 2,300 കമ്പാർട്ട്‌മെന്റുകളാണുള്ളത്. 1700 നാവികരെയും കപ്പലിന് വഹിക്കാൻ കഴിയും. ഇതെല്ലാം നാവികസേന പുറത്തുവിടുന്ന കാര്യങ്ങൾ. ഇതിനപ്പുറം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി രഹസ്യ, സാങ്കേതിക വിദ്യകളുടെ കലവറ ഐ.എൻ.എസ് വിക്രാന്തിൽനിന്ന് പ്രതീക്ഷിക്കാം.


ബ്രിട്ടീഷ് റോയൽ നേവിക്ക് വേണ്ടിയാണ് ഐ.എൻ.എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ ആദ്യമായി ജന്മമെടുക്കുന്നത്. 1945ൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 10 വർഷത്തിന് ശേഷം 1957ലാണ് ഇന്ത്യൻ നാവികസേനക്കായി വാങ്ങുന്നത്. 1961ൽ കമ്മിഷൻ ചെയ്ത കപ്പൽ 1971ലെ ഇന്തോ-പാക് യുദ്ധത്തിൽ കിഴക്കൻ പാകിസ്താനിനെ (ഇന്നത്തെ ബംഗ്ലാദേശ്) പ്രതിരോധിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1997ൽ ഡീകമ്മിഷൻ ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് സ്വന്തമായി നിർമിച്ച വിമാനവാഹിനിക്കപ്പലെന്ന ആശയത്തിലേക്ക് നാവികസേന കടക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ കപ്പലിന് വിക്രാന്ത് എന്ന് പേര് തന്നെ ആദരപൂർവം നൽകി.
റഷ്യയിൽനിന്ന് വാങ്ങിയ ഐ.എൻ.എസ് വിക്രമാദിത്യയാണ് നമ്മുടെ മറ്റൊരു വിമാനവാഹിനിക്കപ്പൽ. അയൽരാജ്യമായ ചൈന മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ പുറത്തിറക്കി നാലാമത്തെ കപ്പലിന്റെ നിർമാണത്തിലേക്ക് കടക്കുകയാണ്. അമേരിക്കയ്ക്ക് നവീന സാങ്കേതികവിദ്യകളോടെയുള്ള പത്തോളം വിമാനവാഹിനിക്കപ്പലുകളുണ്ട്. ഈ ഘട്ടത്തിലാണ് ഇന്ത്യൻ നാവികസേന ഒരു കപ്പൽ മാത്രം പേരെന്നും ഇന്ത്യയുടെ കടൽ കരുത്തിന് മൂന്ന് യുദ്ധവിമാനവാഹിനികളെങ്കിലും വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.


ഐ.എൻ.എസ് വിക്രാന്തിന്റെ പിറവിക്ക് പിന്നാലെ മറ്റൊരു വിമാന വാഹിനിക്കപ്പൽകൂടി നിർമിക്കാനുള്ള കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ നാവികസേനയും കൊച്ചി കപ്പൽശാലയും. ഇത് സംബന്ധിച്ച പദ്ധതി രൂപരേഖ ദക്ഷിണ നാവിക കമാൻഡും കൊച്ചി കപ്പൽശാലയും സംയുക്തമായി പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഐ.എൻ.എസ് വിക്രാന്തിനേക്കാൾ കൂടുതൽ അത്യാധുനിക സാങ്കേതികവിദ്യകളും പുതിയ കപ്പലിന്റെ പ്രത്യേകതകളാകും. അതോടെ വിമാനവാഹിനികളുടെ കപ്പൽപടയെന്ന നാവികസേനയുടെ സ്വപ്‌നം പൂവണിയും.


വിക്രാന്ത് നിർമാണത്തിലൂടെ വിമാനവാഹിനിക്കപ്പൽ നിർമാണത്തിലെ സാങ്കേതികപരിജ്ഞാനവും രാജ്യം നേടിക്കഴിഞ്ഞു. അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇറ്റലി, ചൈന എന്നീ വിമാനവാഹിനിക്കപ്പൽ നിർമാണ രാജ്യങ്ങളുടെ ക്ലബിലേക്ക് ആറാമനായി ഇന്ത്യ കടന്നുവെന്നത് വലിയ നേട്ടവും പ്രതീക്ഷയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago