പെണ്‍പണം: ആര്‍ത്തിയാണ് വില്ലന്‍
ടി.എച്ച് ദാരിമി
ചെറിയ ഇടവേളകള്‍ക്കിടയില്‍ മലയാളനാട്ടിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ് സ്ത്രീധനം. പറഞ്ഞിട്ടുകാര്യമില്ല, സമൂഹമനസ്സാക്ഷിയെ അത്രക്കുമേല്‍ പിടിച്ചുലക്കുന്ന സംഭവങ്ങളാണല്ലോ ചുറ്റും നടക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തെ പിടിച്ചുകുലുക്കിയത് ചടയമംഗലത്തെ വിസ്മയ എന്ന പെണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയും പ്രഥമിക അന്വേഷണങ്ങളില്‍ തന്നെ അതൊരു സ്ത്രീധന കൊലപാതകമായിരുന്നു എന്ന നിഗമനത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്ത സംഭവമാണ്. ഇത് ഒറ്റപ്പെട്ടതല്ല, ഉത്ര, പ്രിയങ്ക, തുഷാര തുടങ്ങി ആ പട്ടിക നീണ്ടുകിടക്കുന്നു. ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ സമൂഹത്തില്‍ തെല്ലിട ചര്‍ച്ച ചൂടുപിടിക്കുന്നതു കാണാം. അതുപക്ഷേ മിക്കവാറും സ്ത്രീധനം എന്ന ദുരാചാരത്തെ ചുറ്റിപ്പറ്റിയായിരിക്കും. പറയുന്നവരൊക്കെ 1961-ല്‍ നമ്മുടെ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമത്തെയും അത് അനുശാസിക്കുന്ന ശിക്ഷകളെയും നിരത്തും. ഏറ്റവും പുതിയ ക്രൈം റെക്കോര്‍ഡുകളുടെ ഞെട്ടിക്കുന്ന കണക്കുകളും ചിലര്‍ കൊണ്ടുവന്നിട്ടുണ്ടാകും. ബാഹ്യമായി വിലയിരുത്തുമ്പോള്‍ ഇതൊക്കെ പ്രസക്തം തന്നെയായിരിക്കും. പക്ഷേ, ശരിയായ കാര്യവും കാരണവും ഈ തൊലിപ്പുറത്തിനെല്ലാം എത്രയോ താഴെയാണ് എന്നതാണ് വസ്തുത. കല്യാണം കഴിക്കുന്നവരെയൊക്കെ കാടടക്കി വെടിവയ്ക്കുന്നതിനു മുന്‍പ് ആ ശരിയായ കാര്യകാരണങ്ങള്‍ വിലയിരുത്തുകയും അവിടെ ചികിത്സിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുകയുമാണ് വേണ്ടതെന്നു തോന്നുന്നു. അങ്ങനെയൊരു ആലോചനക്കുള്ള ശീര്‍ഷകമാണ് വില്ലന്‍ ആര്‍ത്തിയാണ് എന്നത്.
വിസ്മയയുടെ കാര്യം മാത്രമെടുത്താല്‍ അതുതന്നെ കാര്യകാരണങ്ങളിലേക്കു വഴിതുറക്കുന്നതു കാണാം. വിസ്മയ നിറയൗവനമുള്ള വിദ്യാര്‍ഥിനിയായിരുന്നു. ഈ ഇരുപത്തിനാലുകാരി ബി.എ.എം.എസ് വിദ്യാര്‍ഥിനിയാണ്. വിസ്മയയുടെ മാതാപിതാക്കള്‍ അവളെ ഒരാളുടെ കൂടെ വെറുതെ ഇറക്കിവിട്ടതുമായിരുന്നില്ല. ഒരേക്കര്‍ ഇരുപതു സെന്റ് സ്ഥലവും നൂറു പവന്റെ സ്വര്‍ണവും പത്തു ലക്ഷം രൂപയോളം വിലവരുന്ന ഒരു കാറും സ്ത്രീധനമായി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവാണെങ്കിലോ തീരെ സാമൂഹ്യവികാസം ഇല്ലാത്ത ആളുമല്ല. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് കക്ഷി. ഇന്നത്തെ കാലത്തെ ഏറ്റവും പ്രതീക്ഷയുള്ള സര്‍ക്കാര്‍ ജോലിയുള്ളയാള്‍. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും മുന്‍പില്‍ ഒരു ഭാവി തെളിഞ്ഞുകിടക്കുന്നുണ്ടെന്നു കാണാം. അതോടൊപ്പം ഇത്തരം കൈവിട്ട കളികള്‍ തീര്‍ച്ചയായും പിടിക്കപ്പെടുമെന്ന് അറിയുന്ന ആളായിരുന്നു ഭര്‍ത്താവ്. അങ്ങനെ പിടിക്കപ്പെട്ടാല്‍ അത് തന്റെ ഭാവിയെ തന്നെ ഇരുളടഞ്ഞതാക്കും എന്നറിയാത്ത ആളുമല്ല. രാജ്യത്ത് ഇതിനുള്ള ശിക്ഷ കഠിനമാണ് എന്നതും കക്ഷിക്കറിയാം. ഇതൊക്കെയുണ്ടായിട്ടും പ്രബുദ്ധ കേരളത്തിന്റെ കണ്‍മുന്നില്‍വച്ച് എങ്ങനെ ഈ കടുംകൈ സംഭവിച്ചെന്നു നാം തന്നെ നമ്മോടു ചോദിക്കുമ്പോള്‍ സ്വാഭാവികമായും ലഭിക്കുന്ന ഉത്തരമാണ് ആര്‍ത്തി മനുഷ്യനെ എന്തു ചെയ്യാനും ഏതു അവബോധത്തെയും ഉദ്‌ബോധനത്തെയും അവഗണിക്കാനും പ്രേരിപ്പിക്കുന്ന ഒരു ഉള്‍വിളിയാണ് എന്നത്. ദുരാചാരത്തെയും പൊതുബോധത്തെയുമെല്ലാം ചര്‍ച്ചക്കെടുക്കും മുന്‍പ് മനുഷ്യ ഉണ്‍മയുടെ രഹസ്യത്തില്‍ അലിയിച്ചുചേര്‍ത്ത ആര്‍ത്തിയെന്ന വിഷയത്തെയാണ് ചര്‍ച്ചക്കെടുക്കേണ്ടതും ചികിത്സിച്ചു മാറ്റുവാന്‍ ശ്രമിക്കേണ്ടതും.
ആര്‍ത്തി മനുഷ്യന്റെ വികാരത്തില്‍ നിന്നാണുണ്ടാകുന്നതെന്നാണ് മനഃശാസ്ത്രം. ഭൗതിക സുഖങ്ങളും സൗകര്യങ്ങളും അധികമായിക്കിട്ടണമെന്ന ത്വരയാണത് അര്‍ഥിക്കുന്നത്. ഇത് ഒരളവോളം വേണമെന്നത് ശരിതന്നെയാണ്. അല്ലെങ്കില്‍ മനുഷ്യന്‍ മടിയനും മറ്റുള്ളവര്‍ക്കൊരു ഭാരവുമായിത്തീരും. എന്നാല്‍ അത് പരിധിക്കപ്പുറത്തേക്കു കടക്കുകയും അതുമാത്രം ഒരാളുടെ ചിന്തയായിത്തീരുകയും ചെയ്യുന്നതോടെ ഏതു വികാരങ്ങളും ചെയ്യുന്നതുപോലെ ഇതും വിചാരശേഷിയെ തടസപ്പെടുത്തും. വിചാരശേഷിയെ മറികടന്നുള്ള ഏതു വികാരവും അപകടത്തിലേക്കാണ് കൂപ്പുകുത്തുന്നത്. കാരണം, അവിടെ അടയുന്നത് ചിന്താശക്തിയാണ്. അതുകൊണ്ടാണ് മനുഷ്യനെ സ്ഫുടം ചെയ്‌തെടുക്കാന്‍ ഉദ്യമിക്കുന്ന ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഈ കാര്യത്തില്‍ വളരെ ശക്തമായി ഇടപെടുന്നത്. മനുഷ്യചിന്തയെ ശരിയായ വിധത്തില്‍ ഉണര്‍ത്തുകയും അതില്‍ പൈശാചികാംശമുള്ള ഭാഗങ്ങളെ വകഞ്ഞുമാറ്റി ഐഹികജീവിതം നല്ലനിലയില്‍ കടക്കാന്‍ മനുഷ്യനെ സഹായിക്കുകയാണല്ലോ ഇസ്‌ലാം ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ചിന്താശേഷിയെ താളഭംഗപ്പെടുത്തുന്നതൊന്നും ഇസ്‌ലാം അനുവദിക്കാത്തതും. ഇച്ഛകളെയും ആര്‍ത്തിയെയും നിയന്ത്രിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പറയുന്നുണ്ട്. ആലുഇംറാന്‍: 14, അന്നിസാഅ്: 27, മര്‍യം: 59 തുടങ്ങിയ സൂക്തങ്ങളുടെ ആശയം അതാണ്. നബി(സ്വ) ഇച്ഛകളെക്കുറിച്ച് താക്കീതു ചെയ്തതോടൊപ്പം ആര്‍ത്തിയെ എടുത്തുപറഞ്ഞ് പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. നബി(സ്വ) പറയുന്നു: 'ഒരു ആട്ടിന്‍കൂട്ടത്തിലേക്ക് അയക്കപ്പെട്ട രണ്ടു ചെന്നായകളേക്കാള്‍ നാശകാരികളാണ് സ്വത്തിനോടും പദവിയോടുമുള്ള മനുഷ്യന്റെ ആര്‍ത്തി'(തിര്‍മുദി). മാത്രമല്ല, ഇത് മനുഷ്യന്‍ വളരുംതോറും വളര്‍ന്നുകൊണ്ടേയിരിക്കും. നബി(സ്വ) പറഞ്ഞു: 'മനുഷ്യര്‍ക്ക് വാര്‍ധക്യം ബാധിക്കുന്നയവസരത്തിലും രണ്ടു സംഗതികള്‍ യുവത്വം പ്രാപിച്ചുകൊണ്ടിരിക്കും. ധനത്തോടുള്ള അത്യാഗ്രഹവും ആയുസിനോടുള്ള ഇഷ്ടവും'(ബുഖാരി, മുസ്‌ലിം).
ആഗ്രഹവും പ്രതീക്ഷയുമാണ് മനുഷ്യനെ മുന്നോട്ടുനയിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. മനുഷ്യപുരോഗതിയുടെയും വളര്‍ച്ചയുടെയും നിദാനവും ഇതുതന്നെ. എന്നാല്‍ ആഗ്രഹങ്ങളും ഇച്ഛകളും നടക്കാതെ പോയാല്‍ അതു ബലമായി നേടാന്‍ ശ്രമിക്കുകയല്ല, നിരാശപ്പെടാതെ ക്ഷമിച്ചും വീണ്ടും പ്രതീക്ഷ കത്തിച്ചുവച്ചും അടുത്ത മറ്റൊരു വഴിയിലേക്കു നീങ്ങുകയാണ് വേണ്ടത്. അതിനാണ് ഉള്ളതുകൊണ്ട് സംതൃപ്തിയടയുവാന്‍ ഇസ്‌ലാം ഉപദേശിക്കുന്നത്. ഈ തത്വത്തില്‍ ജീവിതത്തെ സമീപിക്കാനാണ് ഇസ്‌ലാമും പറയുന്നത്. അങ്ങനെവരുമ്പോള്‍ സഹിക്കാനാവാത്തതു കേള്‍ക്കേണ്ടതായോ അരുതാത്തതു കാണേണ്ടതായോ ഉള്ള അവസ്ഥകള്‍ ഉണ്ടാവില്ല. അതിനാല്‍ ഈ തത്വങ്ങള്‍ കൗണ്‍സിലിങ്ങിലൂടെ വിവിധ സാമൂഹ്യഘടകങ്ങളില്‍ പഠിപ്പിക്കപ്പെടുകയാണ് പരിഹാരമായി ഒന്നാമതായി ചെയ്യേണ്ടത്. അതു വിജയിക്കുന്നതോടെ ഉണ്ടായിത്തീരുന്ന അവബോധത്തില്‍ മാത്രമേ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ ന്യായമുള്ളൂ. എന്നാല്‍ തന്നെയും കുലം മുഴുവനും മോചനം നേടുമെന്നൊന്നും പറയാനാകില്ല. കാരണം അതു മണ്ണറ വരെ കുലത്തെ പിന്തുടരുക തന്നെ ചെയ്യുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (102: 1-4). ദുരന്തങ്ങളെ കുറച്ചുകൊണ്ടുവരിക എന്നതും പ്രധാനം തന്നെയാണല്ലോ.
ഭൗതികമായ ഇച്ഛകളും ആര്‍ത്തിയും പൈശാചികമാണ്. പൈശാചികമെന്നാല്‍ മനുഷ്യനെ അപകടപ്പെടുത്തുന്നത്. പിശാച് മനുഷ്യന്റെ പ്രഖ്യാപിത ശത്രുവാണ്. അവന്‍ മനുഷ്യജീവിതത്തെ അപകടപ്പെടുത്തുമെന്ന് തുറന്നുപറഞ്ഞിട്ടുള്ളതാണ് (സ്വാദ്: 82). മാന്യനായി ജീവിക്കുന്നത് തടയാന്‍ അവന്‍ മനുഷ്യന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. സ്വര്‍ഗവും ഉന്നതപദവിയും നഷ്ടപ്പെട്ടതിലുള്ള നിരാശയിലാണ് അവനെന്നതിനാല്‍ അവനെന്തും ചെയ്യും. ചെയ്യുന്നതെല്ലാം മനുഷ്യനെ ഈ നേട്ടങ്ങളുടെ ഗുണഫലങ്ങളില്‍ നിന്നു തടയാന്‍ വേണ്ടിയുമാണ്. അതിനവന്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് ഇച്ഛകളും ആര്‍ത്തിയും. നബി(സ്വ) പറഞ്ഞു: 'ആരുടെയെങ്കിലും മുഖ്യപരിഗണന ഐഹികജീവിതമായാല്‍ അല്ലാഹുവില്‍ നിന്ന് അവനൊരു പരിഗണനയും ലഭിക്കുകയില്ല. എന്നുമാത്രമല്ല, നാലു അവസ്ഥകള്‍ അവനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അറ്റമില്ലാത്ത ദുഃഖം, അവസാനിക്കാത്ത തിരക്ക്, വിരാമമില്ലാത്ത വറുതി, അറുതിയില്ലാത്ത ആര്‍ത്തി എന്നിവയാണവ'. ഇതെല്ലാം ഒരു മതത്തിന്റെ പ്രമാണങ്ങളും നിലപാടുകളും മാത്രമായി ചുരുക്കിക്കെട്ടേണ്ടതില്ല. കാരണം മനുഷ്യത്വം മുഖം കുത്തിവീഴുന്ന ഏതു കുറ്റകൃത്യത്തില്‍ നിന്നും ഈ വസ്തുതകള്‍ വായിച്ചെടുക്കാനും വേര്‍തിരിച്ചെടുക്കാനും കഴിയും. സ്ത്രീധനമായി ഇഷ്ടം പോലെ പണവും കാറും ഭൂമിയും കിട്ടിയിട്ടും ഒരു ഭര്‍ത്താവ് ഇങ്ങനെയൊക്കെ ചെയ്തു എന്നതില്‍ നിന്നുതന്നെ മറ്റെന്താണ് നമുക്കു കാണാന്‍ കഴിയുന്നത്. ആര്‍ത്തി തലക്കുപിടിച്ചാല്‍ പിന്നെ ചിന്ത പ്രവര്‍ത്തിക്കില്ലെന്നു പറഞ്ഞതുതന്നെയാണല്ലോ വരാനിരിക്കുന്ന സാമൂഹ്യ വിചാരണകള്‍, ശിക്ഷകള്‍, ഒരിക്കലും ഒടുങ്ങാത്ത സങ്കടങ്ങള്‍, കുറ്റപ്പെടുത്തലുകള്‍, ഒറ്റപ്പെടല്‍ തുടങ്ങിയവയൊന്നും കാണാതെപോകാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അതിനാല്‍ ഇതെല്ലാം ശരിയായ വസ്തുതകള്‍ തന്നെയാണ്. മനുഷ്യനെ തന്നെ സൃഷ്ടിച്ചവന്‍ എഴുതിവച്ച സത്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."