സാനിറ്റൈസര്‍ നിര്‍മാണത്തിന്റെ മറവില്‍ 11,000 ലിറ്റര്‍ പിടികൂടിയ സംഭവത്തില്‍ തുടര്‍നടപടിയില്ല
കല്‍പ്പറ്റ: സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ലൈസന്‍സിന്റെ മറവില്‍ വയനാട് മുത്തങ്ങയിലൂടെ കടത്തിയത് കോടികളുടെ സ്പിരിറ്റെന്ന് സൂചന. ചെക്‌പോസ്റ്റുകള്‍ വഴിയുള്ള സ്പിരിറ്റ് കടത്തിന് ഒത്താശ ചെയ്യുന്നത് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരായതിനാലാണ് കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
സ്പിരിറ്റ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് ലോറി ഡ്രൈവര്‍ ഇബ്രാഹിം വെളിപ്പെടുത്തിയിരുന്നു. ഇതോടെ മുത്തങ്ങ പൊന്‍കുഴിയില്‍ വച്ച് 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തിലെ ദൂരൂഹതയും വര്‍ധിക്കുകയാണ്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മദ്യമുണ്ടാക്കാനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ അഥവാ ഇ.എന്‍.എയാണ് പിടികൂടിയതെന്നും അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവം നടന്ന് രണ്ട് മാസമായിട്ടും പിടിച്ചത് സ്പിരിറ്റാണോ എന്നറിയാനുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
കോഴിക്കോട് കെമിക്കല്‍ ലാബില്‍ നിന്ന് പരിശോധനാഫലം ലഭിക്കാത്തതാണ് അന്വേഷണത്തിന് തടസമെന്ന് പറയുമ്പോഴും കേസ് ഒതുക്കിത്തീര്‍ക്കാനും സ്പിരിറ്റ് മാഫിയയെ രക്ഷപ്പെടുത്താനും ഉന്നതതല ഗൂഢാലോചന നടക്കുന്നതായാണ് പിന്നീട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. 30ലധികം ലോഡുകള്‍ ഇത്തരത്തില്‍ അതിര്‍ത്തികടന്ന് പോയിട്ടുണ്ടെന്നും ആരോപണങ്ങളുയരുന്നുണ്ട്. ഇക്കഴിഞ്ഞ മെയ് നാലിനാണ് മലപ്പുറം കാക്കഞ്ചേരിയില്‍ നിന്ന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ പോയി സാനിറ്റൈസര്‍ കൊണ്ടുവരാന്‍ ഇബ്രാഹിമിനെ വിളിക്കുന്നത്.
സ്പിരിറ്റ് കടത്തിനെ കുറിച്ച് ലോറി ഡ്രൈവര്‍ പറയുന്നത്
കൊണ്ടോട്ടി സ്വദേശിയായ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ പലപ്പോഴും ഡ്രൈവറായി പോകാറുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയില്ല. എങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തേഞ്ഞിപ്പാലം പൊലിസ് സ്റ്റേഷനിലും താമരശേരി സ്‌പെഷല്‍ ബ്രാഞ്ചിലും അറിയിച്ച ശേഷമായിരുന്നു ലോഡ് കയറ്റാനായി അഞ്ചിന് കര്‍ണാടകയിലെ മാണ്ഡ്യയിലെത്തിയത്.
ഉച്ചയ്ക്കുശേഷം മാണ്ഡ്യയില്‍ നിന്ന് ലോഡ് കയറ്റുമ്പോള്‍ പരിശോധനയുണ്ടാകുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ കേള്‍ക്കാനിടയായത് സംശയത്തിനിടയാക്കി. ഇതോടെ മലപ്പുറം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസ്, വഴിക്കടവ് ചെക്‌പോസ്റ്റ്, പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫിസ് എന്നിവിടങ്ങളില്‍ വിളിച്ച് വിവരം പറഞ്ഞെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ഒടുവില്‍ വയനാട് നാര്‍ക്കോട്ടിക് സി.ഐയെ നേരിട്ട് വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. അതുപ്രകാരമാണ് മുത്തങ്ങക്ക് സമീപം പൊന്‍കുഴി വരെ ലോറിയെത്തിക്കുന്നത്. മാണ്ഡ്യയില്‍ നിന്ന് സ്പിരിറ്റ് കൊണ്ടുവരുമ്പോള്‍ ചിലര്‍ ഒപ്പമുണ്ടായിരുന്നു. ലോറി കുട്ട വഴി തിരിച്ചുവിടാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും മുത്തങ്ങ വഴി പോയി ബില്ലുകളടക്കം കാണിച്ച് ബോധ്യപ്പെടുത്തിയിട്ടേ പോകൂവെന്ന് അവരോട് പറഞ്ഞു. പൊന്‍കുഴിയില്‍ ലോറി നിര്‍ത്തി നാര്‍ക്കോട്ടിക് സി.ഐ സ്ഥലത്തെത്തിയ ശേഷമായിരുന്നു അവിടെനിന്ന് നാട്ടിലേക്ക് മടങ്ങിയത്. വിവരം നേരത്തെതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചതിനാലും തുടര്‍നടപടികള്‍ സംബന്ധിച്ച് വിവരങ്ങള്‍ തിരക്കിയതിനാലും ഈ കേസിന്റെ പുറകെ പോകരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പിന്നീട് തന്നെ ബന്ധപ്പെട്ടു. ഇതിന്റെയെല്ലാം ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയാറായിട്ടും ഉദ്യോഗസ്ഥര്‍ നിസംഗത തുടരുകയാണെന്നും ലോറി ഡ്രൈവര്‍ ഇബ്രാഹിം ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."