കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ ഓഫിസ് പൂട്ടി; ഉദ്യോഗസ്ഥരെ കവരത്തിയിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍
കവരത്തി: ലക്ഷദ്വീപ് വിദ്യാര്‍ഥികളുടെ ആശ്രയ കേന്ദ്രമായിരുന്ന കൊച്ചിയിലെ വിദ്യാഭ്യാസ ഓഫിസ് അടച്ചു പൂട്ടി. ഓഫിസിന്റെ പ്രവര്‍ത്തനം കവരത്തിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കൊച്ചിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും തസ്തികകളും മാറ്റി ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ രാകേഷ് സിംഗാള്‍ ഇന്നലെ ഉത്തരവിറക്കി. ഓഫിസുകള്‍ ലയിപ്പിച്ചും ജീവനക്കാരെ പുനര്‍വിന്യസിച്ചുമുള്ള അഡ്മിനിസേ്ട്രറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.
കൊച്ചിയിലെ വിദ്യാഭ്യാസ ഓഫിസര്‍ രാജേന്ദ്രനെ കഴിഞ്ഞ മാസം ദ്വീപിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇപ്പോള്‍ മറ്റ് ഉദ്യോഗസ്ഥരെയും മാറ്റി. ഓഫിസിലെ കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ഫയലുകളും ഒരാഴ്ചയ്ക്കുള്ളില്‍ കവരത്തിയിലേക്ക് മാറ്റാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ലക്ഷദ്വീപിന് പുറത്ത് കേരളത്തില്‍ ഉള്‍പ്പെടെ പഠിക്കുന്ന നാലായിരത്തോളം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ സംബന്ധവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചതാണ് കൊച്ചിയിലെ ഓഫിസ്. വിവിധ ദ്വീപുകളില്‍ നിന്ന് കൊച്ചിയിലെത്തി സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റിയ ശേഷമാണ് വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയിരുന്നത്. ഇനി എല്ലാവരും കവരത്തി ഓഫിസിലേക്ക് ആവശ്യങ്ങള്‍ക്കായി എത്തണം.
ദ്വീപിലെ വിദ്യാഭ്യാസ സിലബസ് കേരളത്തിന്റേതാണ്. കേരള വിദ്യാഭ്യാസ വകുപ്പും കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നതും കൊച്ചിയിലെ ഓഫിസാണ്. കേരളവുമായുള്ള ബന്ധങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കത്തെയും കാണുന്നത്. കൊച്ചി ഓഫിസ് അടച്ചു പൂട്ടിയതിനെതിരേ ദ്വീപിലെ വിദ്യാര്‍ഥി സംഘടനകളായ എല്‍.എസ്.എഫും എന്‍.എസ്.യു.ഐയും രംഗത്തെത്തി.
ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും എന്‍.എസ്.യു. ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജാസ് അക്ബര്‍ സുപ്രഭാത ത്തോട് പറഞ്ഞു.
ഓരോ വര്‍ഷവും ആയിരത്തോളം വിദ്യാര്‍ഥികളാണ് പുതിയതായി കേരളത്തിലേക്ക് പഠനത്തിന് എത്തുന്നത്. ഇവരുടെ കാര്യങ്ങള്‍ പോലും കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കുന്ന കൊച്ചി ഓഫിസിന് ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളപ്പോഴാണ് ഓഫിസ് തന്നെ അടച്ചു പൂട്ടുന്നതെന്ന് എല്‍.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സെയ്ദു മുഹമ്മദ് അനീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."