ഗുണ്ടാപ്പണിയും ഒരു പണി തന്നെയാണ്
വി അബ്ദുല്‍ മജീദ്
ഗുണ്ടാപ്പണിയുടെ പേര് ക്വട്ടേഷന്‍ എന്നായി മാറിയത് ഏതുകാലത്താണെന്ന് കൃത്യമായി അറിയില്ല. ചില ജോലികളുടെ പേരിന് വേണ്ടത്ര ഗമയില്ലെന്നു തോന്നുമ്പോള്‍ അതു മാറ്റാറുണ്ടല്ലോ. പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ പേര് സിവില്‍ പൊലിസ് ഓഫിസര്‍ എന്നും ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവറുടേത് ലോക്കോ പൈലറ്റ് എന്നുമൊക്കെ മാറ്റിയ കാലത്തായിരിക്കും ഗുണ്ടാപ്പണിക്കും പേരുമാറ്റമുണ്ടായത്.
പേരെന്തായാലും കേരളത്തില്‍ ഇത് പഴക്കമേറിയതും ഒരുകാലത്ത് ഏറെ മാന്യത കല്‍പ്പിക്കപ്പെട്ടതുമായ ഒരു തൊഴിലാണ്. വടക്കന്‍ പാട്ടുകളിലൂടെ ഏറെ പാടിപ്പുകഴ്ത്തപ്പെട്ട മലബാറിലെ ചേകവന്‍മാര്‍ ചെയ്തിരുന്നത് ഈ തൊഴില്‍ തന്നെയാണ്. നാടുവാഴികള്‍ക്കുവേണ്ടി തമ്മില്‍ പൊരുതി കൊല്ലാനും മരിക്കാനും വരെ തയാറായിരുന്നവരാണ് ചേകവന്‍മാര്‍. അവര്‍ക്കതിന് മികച്ച പ്രതിഫലം ലഭിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ മറ്റാര്‍ക്കെങ്കിലും വേണ്ടി പ്രതിഫലം വാങ്ങി തല്ലിനും കൊല്ലിനുമിറങ്ങുന്നവരൊക്കെ ചെയ്തിരുന്നത് ഫലത്തില്‍ ഗുണ്ടാപ്പണി തന്നെയാണ്. പ്രാചീനകാലം മുതല്‍ കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇവരുണ്ടായിരുന്നു. പ്രാദേശിക, ഭാഷാ ഭേദങ്ങള്‍ക്കനുസരിച്ച് ചേകവര്‍, സാമുറായിമാര്‍ തുടങ്ങി പല പേരുകളിലും അവര്‍ അറിയപ്പെട്ടു.
അവര്‍ താനെ ഉണ്ടായിവന്നതൊന്നുമല്ല. ഓരോ തൊഴിലും ഉണ്ടാകുന്നത് സമൂഹത്തില്‍ അതിന്റെ ആവശ്യമനുസരിച്ചാണ്. അധികാരിവര്‍ഗത്തിന് ഇവരുടെ സേവനം എന്നും അനിവാര്യമാണ്. മനുഷ്യരക്തം കുടിക്കാതെ ലോകത്തെവിടെയും അധികാരം പുലര്‍ന്നിട്ടില്ലല്ലോ. നാടുവാഴിത്തമായാലും ജനാധിപത്യമായാലും അധികാര രാഷ്ട്രീയത്തിന് നിലനില്‍ക്കാന്‍ ഗുണ്ടകളുടെ സേവനം വേണ്ടിവരും. അധികാരകേന്ദ്രങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ശല്യമാകുന്ന ചിലര്‍ നിയമത്തിനു മുന്നില്‍ കുറ്റക്കാരായിരിക്കണമെന്നില്ല. അതുകൊണ്ട് അവരെ നിയമപരമായി നേരിടാനാവില്ല. അവരുടെ ഉപദ്രവം കൂടിവരുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ചിലരെ തല്ലിയൊതുക്കുകയോ കൊല്ലുകയോ ഒക്കെ വേണ്ടിവരും. ചിലയിടങ്ങളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ഭീഷണി പ്രയോഗിക്കേണ്ടിവരും. എന്തെങ്കിലും തട്ടിപ്പോ വെട്ടിപ്പോ ചെയ്ത നേതാക്കള്‍ക്കു നേരെ നിയമത്തിന്റെ കൈകള്‍ നീണ്ടുവരുമ്പോള്‍ ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിര്‍ത്തുന്ന ഏര്‍പ്പാടും നാട്ടിലുണ്ട്. പിന്നെ ചില രഹസ്യ പണമിടപാടുകള്‍ നടത്തേണ്ടതുമുണ്ട്. ഇതൊക്കെ നടക്കണമെങ്കില്‍ പാര്‍ട്ടികളില്‍ ബുദ്ധിജീവികളോ സൈദ്ധാന്തികരോ ഒന്നും ഉണ്ടായിട്ടു കാര്യമില്ല. അതിനു ഗുണ്ടകള്‍ തന്നെ വേണം.
അതുകൊണ്ടുതന്നെ അധികാര രാഷ്ട്രീയം കൈയാളുന്ന മിക്ക കക്ഷികളും സ്വന്തമായി കുറെ ഗുണ്ടകളെ കൂടെ കൊണ്ടുനടക്കുന്നുണ്ട്. കേരളം രാഷ്ട്രീയകക്ഷികളുടെ ബാഹുല്യമുള്ള നാടായതിനാല്‍ ഈ മേഖലയില്‍ ഒരുപാടുപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതാത് കക്ഷികളുടെ പ്രവര്‍ത്തകരായായിരിക്കും അവര്‍ അറിയപ്പെടുന്നത്. അതു ശരിയുമായിരിക്കും. മറ്റെല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങളുള്ളതുപോലെ ഗുണ്ടകള്‍ക്കും അതുണ്ടാവാമല്ലോ.
അവര്‍ പാര്‍ട്ടികള്‍ക്കു വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരാണെങ്കിലും എല്ലായ്‌പ്പോഴും ജോലി നല്‍കാന്‍ പാര്‍ട്ടികള്‍ക്കാവണമെന്നില്ല. എന്നുകരുതി ജോലി ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ. നാട്ടില്‍ ഇവരുടെ സേവനം ആവശ്യമുള്ളത് രാഷ്ട്രീയകക്ഷികള്‍ക്കു മാത്രമല്ല. സ്വര്‍ണവും മയക്കുമരുന്നുമൊക്കെ കള്ളക്കടത്തു നടത്തുന്നവര്‍, അബ്കാരികള്‍, വ്യാജമദ്യ മാഫിയ, അനധികൃത ഭൂമി ഇടപാട് മാഫിയ തുടങ്ങിയവരൊക്കെ സ്ഥിരമായി ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനൊക്കെ പുറമെ പിണങ്ങിപ്പിരിയുകയോ വഞ്ചിക്കുകയോ ചെയ്യുന്ന കാമുകനെയോ കാമുകിയെയോ അടിച്ചൊതുക്കാന്‍ വരെ ഗുണ്ടകളെ വേണ്ടിവരുന്ന കാലമാണിത്. അങ്ങനെ വിപുലമായ തൊഴില്‍സാധ്യതകളുള്ളതിനാല്‍ പാര്‍ട്ടിപ്പണി ഇല്ലാത്ത സമയങ്ങളില്‍ ഗുണ്ടകള്‍ മറ്റിടങ്ങളില്‍ പണിക്കുപോകും. ഒരിടത്തു പണി കുറയുമ്പോള്‍ ഏതു തൊഴിലാളിയും തൊഴിലുള്ളിടത്ത് പോയി പണിയെടുക്കും. വലിയ സ്വര്‍ണക്കടത്തും മയക്കുമരുന്ന് കടത്തുമൊക്കെ പിടിക്കപ്പെടുമ്പോള്‍ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തകരായി അറിയപ്പെടുന്ന ചിലര്‍ പ്രതികളാകുന്നത് അങ്ങനെയാണ്.
ഇങ്ങനെ വേറെ തൊഴിലുടമകളുടെ കൂടെ പണിക്കുപോകുമ്പോഴും അവര്‍ പാര്‍ട്ടിയുമായുള്ള ബന്ധം സജീവമായി തന്നെ നിലനിര്‍ത്തും. ഏറെ റിസ്‌കുള്ള ഈ പണിക്ക് രാഷ്ട്രീയ പിന്‍ബലം ആവശ്യമാണ്. ഗുണ്ടകള്‍ പുറത്തു പണിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന കേസുകളിലും സഹായത്തിന് പാര്‍ട്ടി നേതാക്കളെത്തും. അവര്‍ പാര്‍ട്ടിക്കു ചെയ്യുന്ന സേവനങ്ങള്‍ പരിഗണിച്ചും പിണങ്ങിയാല്‍ ചില രഹസ്യങ്ങള്‍ പുറത്തുവരുന്നത് തടയാനുമൊക്കെ വേണ്ടിയാണത്. പാലമിടുന്നത് അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ വേണ്ടിയാണെന്ന് അറിയാത്തവരല്ലല്ലോ നേതാക്കളും ഗുണ്ടകളും.
ഇരിപ്പുവശം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പാര്‍ട്ടിയും ഗുണ്ടാബന്ധം പരസ്യമായി സമ്മതിക്കാറില്ല. മാത്രമല്ല നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി അവരെ നേരിടാനെന്ന പേരില്‍ ഗുണ്ടാ ആക്ട് പോലുള്ള നിയമങ്ങള്‍ ഉണ്ടാക്കിവച്ചിട്ടുമുണ്ട്. നിയമം നടപ്പാക്കുന്നത് ഈ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ തന്നെയായതിനാല്‍ അതൊന്നും ഗുണ്ടകളുടെ തൊഴിലിന് കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കാറില്ലെന്നത് വേറെ കാര്യം.
ഇങ്ങനെ നാടു നന്നാക്കാന്‍ അഹോരാത്രം പാടുപെടുന്ന രാഷ്ട്രീയകക്ഷികള്‍ക്ക് വിലപ്പെട്ട സേവനങ്ങള്‍ ചെയ്യുന്ന ഈ തൊഴിലാളിവര്‍ഗത്തെ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ പോലും അംഗീകരിക്കുന്നില്ല എന്നൊരു സത്യമുണ്ട്. അക്കാര്യത്തില്‍ ലൈംഗികത്തൊഴിലാളികളുടെ അവസ്ഥ തന്നെയാണിവര്‍ക്കും. ലൈംഗികത്തൊഴിലാളികള്‍ക്കു പോലും കൊല്‍ക്കത്തയിലും മുംബൈയിലുമൊക്കെ സംഘടനകളുണ്ട്. അവയില്‍ ചിലത് രാഷ്ട്രീയകക്ഷികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. എന്നിട്ടും ഗുണ്ടാപ്പണിക്കാരെ സംഘടിപ്പിക്കാന്‍ ഒരു നേതാവും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഭാവിയില്‍ അതും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
ആ ഭീഷണിക്കത്തിലൂടെ
പുറത്തുവന്നത്
ഒരിക്കല്‍ ഒരു കളിത്തോക്കുമായി ഒരാളെ പിണറായി വിജയന്റെ വീടിനടുത്തുനിന്ന് പിടികൂടിയിരുന്നു. പിണറായിയെ കൊല്ലാന്‍ വന്നതാണെന്നാണ് അന്ന് ആ മനുഷ്യന്‍ പറഞ്ഞത്. അങ്ങനെ ഒരു കളിത്തോക്കുകൊണ്ടൊന്നും കൊല്ലാവുന്നയാളല്ല ഊരിപ്പിടിച്ച കത്തികള്‍ക്കു നടുവിലൂടെ നടന്നു ശീലിച്ച പിണറായിയെന്ന് അറിയാവുന്നതുകൊണ്ടുതന്നെ പൊലിസ് അയാളെക്കുറിച്ച് നന്നായൊന്ന് അന്വേഷിച്ചു. മനോനില തെറ്റിയ ആളാണെന്നായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍.
ഇങ്ങനെ കേരളത്തിലെ പല നേതാക്കള്‍ക്കും കത്തു വഴിയും ഫോണ്‍ വഴിയുമായി ഇടയ്‌ക്കൊക്കെ വധഭീഷണി ഉണ്ടാകാറുണ്ട്. അന്വേഷിച്ചു പോകുമ്പോള്‍ അതിനൊക്കെ പിന്നില്‍ തലയ്ക്കു വെളിവില്ലാത്ത ആരെങ്കിലുമായിരിക്കും. അല്ലാതെ ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നവര്‍ അതു വെളിപ്പെടുത്തില്ല. അഴീക്കോടന്‍ രാഘവനെയും കുഞ്ഞാലിയെയും ടി.പി ചന്ദ്രശേഖരനെയുമൊക്കെ കൊന്നത് കത്തയച്ചു വിളിച്ചുവരുത്തിയിട്ടല്ലല്ലോ.
അതുപോലെ ആരെങ്കിലുമായിരിക്കണം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കുടുംബത്തെയും കൊല്ലുമെന്ന ഭീഷണിയുമായി ഊമക്കത്തയച്ചത്. കത്തിലെ ഉള്ളടക്കം നിറയെ പച്ചത്തെറിയായതിനാല്‍ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധപ്പെടുത്താന്‍ പ്രയാസമുള്ളതുകൊണ്ട് അതിലെന്താണ് എഴുതിയതെന്ന് അധികമാരും കൃത്യമായി അറിഞ്ഞിട്ടില്ല. എന്നാലും തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഏതോ കേസില്‍ കുടുങ്ങിയ ആരോ അതിലുള്ള പക മൂലം എഴുതിയതാണതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
അതാരോ ആവട്ടെ. അതിലൊന്നുമല്ല കാര്യം. ഏതു കേസിലാണ് അയാള്‍ കുടുങ്ങിയത് എന്നൊന്നും പറഞ്ഞിട്ടില്ലെങ്കിലും സി.പി.എമ്മുമായി ഒത്തുകളിച്ച് തിരുവഞ്ചൂര്‍ തന്നെ കേസില്‍ കുടുക്കി ജീവിതം തകര്‍ത്തു എന്ന് വായിച്ച ഉടന്‍ തന്നെ അത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസായിരിക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഈ കേസില്‍ ഇങ്ങനെ ഒരു ഒത്തുകളിയുണ്ടായി എന്ന ആരോപണം അക്കാലത്തു തന്നെ ഉയര്‍ന്നിരുന്നെങ്കിലും അതു നിഷേധിക്കുകയായിരുന്നു അന്നത്തെ ഭരണപക്ഷവും സി.പി.എം നേതാക്കളും.
ആ ആരോപണത്തില്‍ എന്തോ ശരിയുണ്ടെന്ന സൂചനയാണ് തിരുവഞ്ചൂരിന്റെ നാവില്‍നിന്ന് പുറത്തുവന്നതെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അങ്ങനെയൊരു പ്രയോജനം ആ കത്തുകൊണ്ടുണ്ടായി എന്നും വേണമെങ്കില്‍ കരുതാം. നാവ് കള്ളം പറയില്ലെന്നൊരു ചൊല്ലുണ്ടല്ലോ. അങ്ങനെയാണല്ലോ വണ്‍, ടു, ത്രീ കൊലകള്‍ മണിയാശാനില്‍നിന്ന് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."