ലോണ്‍ അടവ് മുടങ്ങി; എച്ച്.ഡി.എഫ്.സി ബാങ്ക് വീട് ജപ്തിചെയ്തു; ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉള്‍പ്പെടെ കുടുംബം പെരുവഴിയില്‍
കണ്ണൂര്‍: എച്ച്.ഡി.എഫ്.സി ബാങ്ക് കിടപ്പാടം ജപ്തി ചെയതോടെ പെരുവഴിയിലായി ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉള്‍പ്പെടെയുള്ള കുടുംബം. തളിപ്പറമ്പ് ചൊറുക്കള അതിരിയാട്ടെ അബ്ദുല്ല അങ്ങേത്തിന്റെ 10 സെന്റ് സ്ഥലവും വീടുമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ജപ്തി ചെയ്തത.
വീടും സ്ഥലവും ഈട് വച്ച് എച്ച്.ഡി.എഫ്.സി ബാങ്ക് കണ്ണൂര്‍ മെയിന്‍ ബ്രാഞ്ചില്‍ നിന്നും 2017ല്‍ 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സൗദിയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു അബ്ദുല്ല. മുപ്പതിനായിരം രൂപയോളമാണ് പ്രതിമാസ തിരിച്ചടവ് ഉണ്ടായിരുന്നത്. 2 വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം രൂപയോളം ഈ രീതിയില്‍ തിരിച്ചടച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരേണ്ടി വന്നതോടെ ലോണ്‍ തിരിച്ചടവ് മുടങ്ങി.
ഇപ്പോള്‍ ഇരുപത്തിയാറ് ലക്ഷത്തി നാല്‍പ്പതിനായിരത്തി അറുന്നൂറ്റിയെട്ട് രൂപയും ജപ്തി നടപടി ക്രമങ്ങളുടെ ചെലവുമുള്‍പ്പെടെ 32 ലക്ഷത്തോളം തിരിച്ചടക്കാനുണ്ട്.
ഭാര്യയും 4 പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം. ഞരമ്പ്‌സംബന്ധമായ അസുഖം മൂലം ഭാര്യക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. 27 വയസുള്ള മുത്ത മകള്‍ പോളിയോ ബാധിച്ച് അരക്കു താഴെ തളര്‍ന്നിരിക്കുകയാണ്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. മറ്റൊരു മകള്‍ പ്ലസ് ടു കഴിഞ്ഞു. മറ്റൊരാള്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു.
ഭാര്യയുടെ ചികിത്സാ ചെലവിനായും മകളുടെ വിവാഹത്തിനു വേണ്ടിയുമാണ് ലോണ്‍ എടുത്തതെന്ന് കുടുംബം പറയുന്നു.
ഇന്നലെ ഉച്ചയോടെ എത്തിയ ബാങ്ക് ഉദ്യോര്‍ഗസ്ഥര്‍ ഒരു പേപ്പറില്‍ ഒപ്പിടിവിച്ചു. പിന്നാലെ എത്തിയ പൊലിസും മറ്റ് അധികാരികളും വീട്ടിലുള്ളവരെ പുറത്തിറക്കി നോട്ടീസ് പതിപ്പിച്ച് വീട് സീല്‍ ചെയ്യുകയായിരുന്നു.
മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ചോദിച്ചെങ്കിലും ഒരു മണിക്കൂര്‍ പോലും അനുവദിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും കുടുംബം ആരോപിക്കുന്നു. സ്‌കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്താനുള്ള സാവകാശം പോലും നല്‍കിയില്ല.
കുടിശിക തീര്‍ക്കാന്‍ അവസാനമായി അനുവദിച്ച 3 മാസത്തെ കാലാവധി അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെയാണ് ബാങ്കിന്റെ നടപടി.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ രാത്രിയോടെ കുടുംബത്തെ സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."