വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നു മാനസിക വെല്ലുവിളിയുള്ള കുട്ടികളുടെ പെൻഷൻ മുടങ്ങും; രക്ഷിതാക്കൾ ആശങ്കയിൽ
ഐ.പി.അബു പുതുപ്പള്ളി
തിരൂർ • സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കേറ്റ് നിർബന്ധമക്കുന്നതോടെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പെൻഷൻ മുടങ്ങുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. വികലാംഗ പെൻഷനുൾപ്പെടെ ലഭിക്കുന്നവർ തുടർന്ന് പെൻഷൻ ലഭിക്കാൻ 2023 ഫെബ്രുവരി 28ന് മുമ്പ് വരുമാന സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന സർക്കാർ നിർദേശമാണ് ഇവർക്ക് വിനയാകുന്നത്. സെറിബ്രൽ പാഴ്സി,ഓട്ടിസം,മെന്റൽ റിട്ടാഡേഷൻ,ഡൗൺ സിൻഡ്രം,മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ മാനസിക വെല്ലുവിളി നേരിടുന്നവർ എത്ര പ്രായമായാലും അവർക്ക് പരസഹായം അത്യാവശ്യമാണ്. ആയതിനാൽ ഇവർക്ക് ജോലിക്ക് പോകാനോ മറ്റു വരുമാന മാർഗങ്ങളോ ഉണ്ടാവില്ല. ഏതുകാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതിനാൽ ഇവരുൾപ്പെടുന്ന കുടുംബങ്ങൾക്ക് മറ്റു മാനദണ്ഡങ്ങൾ ഒന്നും പരിഗണിക്കാതെ തന്നെ റേഷൻ കാർഡുകൾ ബി.പി.എൽ കാറ്റഗറിയിലേക്ക് മാറ്റണമെന്നും പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കേറ്റ് ബാധകമാക്കരുതെന്നുമാണ് ഇവരുടെ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. 18 വയസ്സ് തികഞ്ഞാൽ പോലും മാതാപിതാക്കളിൽ നിന്ന് പോലും ലഭിക്കുന്ന സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പോലും ഇവർക്ക് കഴിയില്ല. നാഷണൽ ട്രസ്റ്റ് ആക്ടിൽ ഉൾപ്പെടുന്ന ഈ അഞ്ച് വിഭാങ്ങളുടെ രക്ഷിതാക്കൾക്ക് ഗാർഡിയൻ സർട്ടിഫിക്കേറ്റ് ലഭിക്കാൻ ചികിത്സ ഉൾപ്പടെ ഇവരുടെ എല്ലാ കാര്യങ്ങൾക്കും വേണ്ടിയുള്ള സൗകര്യവും ഒരുക്കി കൊടുക്കണം. എല്ലാ മാസങ്ങളിലും മരുന്നിന് മാത്രം 5000 മുതൻ 25000 രൂപ വരെ ചിലവ് വരുന്ന ഇത്തരത്തിലുള്ള കുട്ടികൾക്കും പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്നത് 1600 രൂപ മാത്രമാണ്. ആയതിനാൽ മാതാപിതാക്കൾക്ക് ലഭിക്കുന്ന വരുമാനം ഏറിയ പങ്കും ഇവരുടെ മരുന്നിനും ചികിത്സക്കുമായി മാറ്റിവയ്ക്കണം. മാതാപിതാക്കളുടെ വരുമാനം കൂടി ഇവർക്ക് പെൻഷൻ ലഭിക്കാൻ ബാധമാകുന്നതോടെ ഇവർക്ക് ലഭിക്കുന്ന തുച്ചമായ പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."