ആളില്ലാത്ത വീടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
നെടുമ്പാശ്ശേരി: ആളില്ലാത്ത വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി 40 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേയ്ക്കാട് മള്ളുശ്ശേരിയിലാണ് വന്‍ മോഷണം അരങ്ങേറിയത്. നെടുമ്പാശ്ശേരി മധുരപ്പുറം പാലത്തിന് വടക്ക് വശം കണ്ണമ്പുഴ വീട്ടില്‍ കെ.വി പോളിന്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ തീര്‍ഥാടത്തിന് പോയ സമയത്താണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ മടങ്ങിയത്തെിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
പോളിന്റെ ഭാര്യ മേഴ്‌സിയുടെ ആഭരണങ്ങളാണ് നഷ്ടമായത്. എട്ട് പവനോളം തൂക്കംവരുന്ന വലിയ മാല, നാല് നെക്ലസുകള്‍, മൂന്ന് വളകള്‍, മകളുടേതടക്കം 10 ജോഡി കമ്മലുകള്‍ എന്നിവയാണ് മോഷണം പോയത്. വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പ്മുറിയിലെ അലമാരയില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്.
അലമാരക്കകത്തുള്ള മേശ വലിപ്പ് പൂട്ടിയ ശേഷം താക്കോല്‍ അലമാരയുടെ മുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ താക്കോല്‍ കണ്ടെത്തിയാണ് അലമാര തുറന്നിരിക്കുന്നത്. കവര്‍ച്ചക്ക് ശേഷം മോഷണ സംഘം താക്കോല്‍ യഥാസ്ഥാനത്ത് വെച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10 നായിരുന്നു പോളും, മേഴ്‌സിയും വേളാങ്കണിയില്‍ തീര്‍ഥാടനത്തിന് പോയത്. .ബുധനാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തകര്‍ത്ത് ചാരിവച്ച നിലയിലും കണ്ടെത്തുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് ഹാളിലും, മുറികളിലും മോഷണം നടന്ന ലക്ഷണങ്ങള്‍ കണ്ടത്.
അലമാരകളും, സ്യൂട്ട്‌കെയ്‌സുകളും, മേശവലിപ്പുകളുമെല്ലാം കുത്തിത്തുറന്ന് വസ്ത്രങ്ങളും, രേഖകളുമെല്ലാം വാരിവിതറിയ നിലയിലായിരുന്നു. രണ്ടാം നിലയിലെ മുറികളിലെ അലമാരകളും, മേശകളും തകര്‍ത്ത നിലയിലായിരുന്നു.
ഒന്നിലധികം ആളുകള്‍ മോഷണത്തിന് ഉണ്ടായതായാണ് സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നത്. ചെങ്ങമനാട് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ.കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പൊലിസ് സംഘം മേല്‍നടപടികള്‍ സ്വീകരികുകയായിരുന്നു. വിരലടയാള വിദഗ്ധരും പൊലിസ് നായയും പരിശോധനക്കെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."