വിദേശ പഠനം; കാനഡയോ അതോ ആസ്‌ട്രേലിയയോ; ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യം ഇതാണ്
വിദേശ പഠനം; കാനഡയോ അതോ ആസ്‌ട്രേലിയയോ; ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യം ഇതാണ്
ബിരുദം കഴിഞ്ഞ് ഉപരിപഠനത്തിനായി വിദേശത്തേക്ക് കുടിയേറുന്ന മലയാളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിദേശത്ത് പഠിക്കുകയെന്നത് യുവാക്കള്‍ക്കിടയിലൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ഉയര്‍ന്ന ജോലി സാധ്യതകളുമാണ് പലരെയും നാടുവിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇവരില്‍ പലരും പഠനം പൂര്‍ത്തിയാക്കി അവിടെ തന്നെ സ്ഥിരതാമസമാക്കുകയാണ് പതിവ്.അമേരിക്കയും കാനഡയും യു.കെയുമടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ വിസ നിയമങ്ങള്‍ ലഘൂകരിച്ചതും കുടിയേറ്റം വ്യാപകമാവുന്നതിന് കാരണമായിട്ടുണ്ട്.
എന്നാല്‍ വിദേശത്തേക്ക് കടക്കുന്ന പല വിദ്യാര്‍ഥികളും നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് സാമ്പത്തികം. വിദ്യാഭ്യാസ യോഗ്യതയൊക്കെ ഉണ്ടെങ്കിലും കയ്യില്‍ ആവശ്യത്തിന് കാശില്ലെങ്കില്‍ നിങ്ങളുടെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കും. വിസ ചെലവുകള്‍, താമസച്ചെലവ്, ടിക്കറ്റ് ചാര്‍ജ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഭക്ഷണം, കോഴ്‌സ് ഫീസ് എന്നിവക്കായി നല്ലൊരു തുക തന്നെ നിങ്ങള്‍ കയ്യില്‍ കരുതേണ്ടിവരും.
വിദേശ പഠനത്തിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന രണ്ട് രാജ്യങ്ങളാണ് ആസ്‌ട്രേലിയയും കാനഡയും. ലോകോത്തര യൂണിവേഴ്‌സിറ്റികളുടെയും ജോലി സാധ്യതകളുടെയും കാര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളും ഏകദേശം സമാനമായ സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ പല കാര്യങ്ങളിലും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടുതാനും. അതുകൊണ്ട് തന്നെ കാനഡയും ആസ്‌ട്രേലിയയും തമ്മിലുള്ള താരതമ്യമാണ് ചുവടെ. ഇതിനായി ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസ നിലവാരത്തെയും ജീവിതച്ചെലവിനെയും ജോലി സാധ്യതകളെയുമാണ് അവലോകനം ചെയ്തിട്ടുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ലോകോത്തര യൂണിവേഴ്‌സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാര്യത്തില്‍ മുന്‍പന്തിയിലാണ് ആസ്‌ട്രേലിയയും കാനഡയും. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, ദി യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, ദി യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ് ലാന്റ്, മൊണാഷ് യൂണിവേഴ്‌സിറ്റി, ദി യൂണിവേഴ്‌സിറ്റി ഓഫ് അഡ്‌ലെയ്ഡ് എന്നിവയാണ് ആസ്‌ട്രേലിയയില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍. 2024ലെ ക്യൂ എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് അനുസരിച്ച് ആസ്‌ട്രേലിയയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ആഗോളതലത്തില്‍ 34ാം സ്ഥാനത്താണ്.
യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ, ദി യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂ, യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാവ, മക്ഗില്‍ യൂണിവേഴ്‌സിറ്റി എന്നിവയാണ് കാനഡയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍. യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ മക്ഗില്‍ യൂണിവേഴ്‌സിറ്റി കാനഡയില്‍ ഒന്നാമതും ആഗോള തലത്തില്‍ 30ാം സ്ഥാനത്തുമാണ്.
ചെലവ്
വിദേശ പഠനത്തിലെ പ്രധാന പ്രതിസന്ധിയാണ് സാമ്പത്തികം. വിദ്യാഭ്യാസ ചെലവ്, പാര്‍പ്പിടം, ഭക്ഷണം, വിനോദ ചെലവുകള്‍ എന്നിവക്കായി വലിയം തുക നമുക്ക് ആവശ്യമായി വന്നേക്കാം. താമസിക്കുന്ന രാജ്യത്തേക്കുള്ള യാത്രാ ഫീസ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, വിദ്യാഭ്യാസ സാമഗ്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവക്ക് പുറമെയാണിത്.
കാനഡയില്‍ 7,965 ഡോളര്‍ മുതല്‍ 9,558 ഡോളര്‍ വരെയും ഓസ്ട്രേലിയയില്‍ 14146 ഡോളര്‍ മുതല്‍ 14890 ഡോളര്‍ വരെയുമാണ് ജീവിതച്ചെലവിനായി നമ്മള്‍ കയ്യില്‍ കരുതേണ്ടിവരും. ഇരു രാജ്യങ്ങളേയും താരതമ്യപ്പെടുത്തുമ്പോള്‍, കാനഡയുടെ ശരാശരി ജീവിതച്ചെലവ് ഓസ്ട്രേലിയയേക്കാള്‍ 50% കുറവാണെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്റ്റഡി പെര്‍മിറ്റ്
കാനഡയിലെ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനെടുക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്‌സ് കാലാവധി പൂര്‍ത്തിയാക്കുന്നതിനായി ഒരു സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. മുഴുവന്‍ പഠന കാലയളവിനും കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള അധിക 90 ദിവസത്തിനും സ്റ്റഡി പെര്‍മിറ്റ് നല്ലതാണ്. ഓസ്ട്രേലിയയില്‍ ഒരു മുഴുവന്‍ സമയ പ്രോഗ്രാമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സബ്ക്ലാസ് 500 വിസയ്ക്ക് അപേക്ഷിക്കണം.
ഓസ്ട്രേലിയയിലേക്കുള്ള ഈ വിദ്യാര്‍ത്ഥി വിസയ്ക്ക് പരമാവധി അഞ്ച് വര്‍ഷത്തേക്ക് സാധുതയുണ്ട്. ഓസ്ട്രേലിയയിലോ കാനഡയിലോ ഉള്ള ഏതെങ്കിലും പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ IELTS, TOEFL അല്ലെങ്കില്‍ PTE പോലുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ക്കൊപ്പം SAT, GMAT, GRE മുതലായ ബാധകമായ യോഗ്യതാ പരീക്ഷകളും വിജയിച്ചിരിക്കണം.
ജോലി
പഠനകാലയളവില്‍ തന്നെ സമ്പാദിക്കാനുള്ള അവസരം ഈ രണ്ട് രാജ്യങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. പാര്‍ട്ട് തൊഴില്‍ പ്രോഗ്രാമുകളുടെ ഭാഗമായാണിത്.
കാനഡയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റുഡന്റ് വിസ കൈവശം വച്ചുകൊണ്ട് ജോലി ചെയ്യാം. കോഴ്സ് സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് അല്ലെങ്കില്‍ ഓഫ് ക്യാമ്പസ് സ്ഥാനങ്ങളില്‍ ആഴ്ചയില്‍ 20 മണിക്കൂറാണ് ജോലി ചെയ്യാന്‍ സാധിക്കുക. അവധിക്കാലത്ത് മുഴുവന്‍ സമയവും ജോലി ചെയ്യാനും സാധിച്ചേക്കാം. കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടിയ ശേഷം, പോസ്റ്റ്-സ്റ്റഡി ജോലിയിലേക്ക് വരുമ്പോള്‍, ഒരു വിദേശ വിദ്യാര്‍ത്ഥിക്ക് മൂന്ന് വര്‍ഷം വരെ അവിടെ ജോലി ചെയ്യാം. ബിരുദം ലഭിച്ച് 180 ദിവസത്തിനകം വിദ്യാര്‍ത്ഥികള്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും വേണം.
എന്നാല്‍ ആസ്‌ട്രേലിയയില്‍ അന്തര്‍ ദേശീയ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുള്ള സമയത്ത് രണ്ടാഴ്ച്ചയിലൊരിക്കല്‍ ആകെ 48 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യാന്‍ അനുമതിയുള്ളത്. എങ്കിലും വെക്കേഷന്‍ സമയത്ത് അവര്‍ക്ക് ഇഷ്ടമുള്ള അത്രയും സമയം ജോലി ചെയ്യാന്‍ സാധിക്കും. ബിരുദാനന്തര ബിരുദമോ ഡോക്ടറല്‍ ബിരുദമോ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി സമയത്തിന് പരിമിതികളൊന്നും ബാധകമല്ല. പഠനം പൂര്‍ത്തിയാക്കിയ ശേഷം, വിദ്യാര്‍ത്ഥികള്‍ക്ക് 7 വര്‍ഷം വരെയാണ് തൊഴില്‍ വിസയ്ക്ക് അര്‍ഹതയുള്ളത്.
പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. പഠനത്തിന് ശേഷവും കാനഡയില്‍ തുടരണമെങ്കില്‍ നിങ്ങളൊരു വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. പ്രോഗ്രാമിന്റെ കാലാവധിക്കനുസരിച്ചാണ് പെര്‍മിറ്റിന്റെ കാലയളവ് നിശ്ചയിക്കപ്പെടുന്നത്. സാധാരണ ഗതിയില്‍ അത് എട്ട് മാസം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് ലഭിക്കുന്നത്. ഈ കാലയളവില്‍ നല്ലൊരു ജോലി തരപ്പെടുത്തി പിന്നീട് കാനഡയില്‍ തന്നെ സ്ഥിര താമസം നേടാനും നിങ്ങള്‍ക്ക് സാധിക്കും. തൊഴില്‍ വൈദഗ്ദ്യമുള്ള മേഖലകളിലും, ആരോഗ്യം, ടെക് മുതലായ മേഖലകളിലുമാണ് പ്രധാനമായും കാനഡ വിദേശികള്‍ക്ക് അവസരമൊരുക്കുന്നത.്
കാനഡയിലേതു പോലെ സമാനമായ ജോലി സാഹചര്യമാണ് ആസ്‌ട്രേലിയയിലുമുള്ളത്. ആസ്‌ട്രേലിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ പദ്ധതിയാണ് വിസ 485 ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീം. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ പൂര്‍ത്തിയാക്കിയ പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ തൊഴില്‍ പരിചയത്തിനായി മൂന്ന് വര്‍ഷത്തേക്കാണ് അനുമതിയുള്ളത്. ഇതിനായി സ്‌കില്‍ഡ് ഗ്രാജ്വേറ്റ് ടെമ്പററി വിസ പ്രോഗ്രാം നിലവിലുണ്ട്. ആവശ്യമായ പോയിന്റുകള്‍ നേടിയ ശേഷം പിന്നീട് സ്ഥിര താമസത്തിനും പൗരത്വത്തിനും നിങ്ങള്‍ക്ക് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."