അധ്യയനം തുടങ്ങിയിട്ടും കൊവിഡ് ഡ്യൂട്ടി അധ്യാപകര്‍ക്കിത് സമ്മര്‍ദകാലം
മുഹമ്മദ് ലദീദ്
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തോടെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്ന വാക്ക് പാലിക്കാതെ സര്‍ക്കാര്‍. രാവിലെ മുതല്‍ വൈകിട്ടുവരെ കൊവിഡ് ഡ്യൂട്ടിക്കിടെ കുട്ടികളെ പഠിപ്പിക്കാന്‍ സമയം കിട്ടാതെ വലയുകയാണ് സ്‌കൂള്‍ അധ്യാപകര്‍. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചപ്പോഴാണ് അധ്യാപകരെ തദ്ദേശസ്ഥാപനങ്ങളില്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. രോഗികളുടെ കണക്കെടുക്കുക, കൃത്യമായ ഇടവേളകളില്‍ അവരുടെ ക്ഷേമവും ആവശ്യങ്ങളും ചോദിക്കുക, കൗണ്‍സലിങ് നല്‍കുക, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും ആവശ്യമായ സേവനങ്ങള്‍ ചെയ്യുക, ശേഖരിച്ച വിവരങ്ങള്‍ ഗൂഗിള്‍ ഫോമില്‍ തയാറാക്കി സമര്‍പ്പിക്കുക തുടങ്ങിയ ജോലികളാണ് ചെയ്യേണ്ടത്.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ജോലി. ചിലര്‍ക്ക് വീടുകളില്‍ നിന്ന് വളരെ ദൂരെയുള്ള സെന്ററുകളിലാണ് ജോലി. ഇതിനിടെ വിദ്യാര്‍ഥികളെ പഠിപ്പിക്കണം. വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ കണ്ട്, അതിന്റെ തുടര്‍ച്ചയാണ് കുട്ടികളിലേക്കെത്തിക്കേണ്ടത്. ഈ ക്ലാസുകള്‍ കാണാനുള്ള സമയം പോലും ഇവര്‍ക്ക് കിട്ടുന്നില്ല. കൊവിഡ് ഡ്യൂട്ടി ഇല്ലാത്ത ശനി, ഞായര്‍ ദിവസങ്ങളിലാണ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതെന്നും അപ്പോള്‍ വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു. കൊവിഡ് ഡ്യൂട്ടി ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇടയ്ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ആവശ്യമെങ്കില്‍ തിരികെ വിളിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇത് റദ്ദാക്കി. ജി സ്യൂട്ട് പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."