ഇർഫാൻ ഹബീബ് ചരിത്ര പ്രതിരോധകൻ
ഡോ. സനന്ദ് സദാനന്ദൻ
2019 ഡിസംബറിൽ കണ്ണൂർ യൂനിവേഴ്‌സിറ്റിയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ എൺപതാം സമ്മേളനമാണ് ഇപ്പോൾ കേരളത്തിലെ പ്രധാന വിഷയം. ഇതിന്റെ ഉദ്ഘാടനത്തിനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അക്രമിക്കാൻ ശ്രമിച്ചെന്നും അതിന് പിറകിൽ വലിയ ഗൂഢാലോചനയുണ്ടെന്നും തടയാൻ അധികാരികൾ ശ്രമിച്ചില്ലെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിൽ മുഖ്യപ്രതിസ്ഥാനത്തു നിർത്തുന്നത് പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബിനെയാണ്. അയാളൊരു ഗുണ്ടയാണ് എന്നാണ് ഗവർണർ പത്രസമ്മേളനത്തിൽ പരാമർശിച്ചത്. വാസ്തവത്തിൽ ആരാണ് ഇർഫാൻ ഹബീബ്? നിരവധി ചരിത്രകാരന്മാർ അവിടെ ഗവർണർക്കെതിരേ പ്രതിഷേധിച്ചെങ്കിലും എന്തുകൊണ്ടാണ് ഇർഫാൻ ഹബീബിനെ തന്നെ ആരിഫ് മുഹമ്മദ് ഖാൻ ഉന്നംവയ്ക്കുന്നത്?
ചരിത്രകാരനായിരുന്ന മുഹമ്മദ് ഹബീബിന്റെ മകനായി 1931ൽ ആണ് ഇർഫാൻ ഹബീബിൻ്റെ ജനനം. ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിൽ അധ്യാപനം ആരംഭിച്ചു. നിലവിൽ അവിടെത്തന്നെ ചരിത്രവിഭാഗം എമിരറ്റസ് പ്രൊഫസർ, ഇന്ത്യാ ചരിത്രത്തെ ആഴത്തിൽ പഠിച്ച, ജീവിച്ചിരിക്കുന്ന ചരിത്രകാരന്മാരിൽ പ്രമുഖൻ, മധ്യകാല ഇന്ത്യാ ചരിത്രം പ്രത്യേകിച്ച് മുഗളന്മാരെ കുറിച്ചുള്ള പഠനങ്ങൾ, മധ്യകാല സാമ്പത്തിക ചരിത്രം, പീപ്പിൾസ് ഹിസ്റ്ററി തുടങ്ങി നിരവധി മേഖലയിൽ തന്റെ മാർക്‌സിസ്റ്റ് രചനാ രീതിയുമായി പിൽക്കാല ചരിത്ര ഗവേഷകർക്ക് വഴികാട്ടി, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മുൻ ചെയർമാൻ, 2005ൽ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ചരിത്രകാരന്മാർക്കിടയിൽ അദ്ദേഹം ശ്രദ്ധേയമാകുന്നത് ആധികാരിക ചരിത്ര ഗവേഷണപാതകൾ സൃഷ്ടിച്ചതിലൂടെ മാത്രമല്ല, സ്വതന്ത്രമായ നിലപാടുകൾ കൊണ്ടുകൂടിയാണ്. 1954-55കാലഘട്ടത്തിൽ ഓക്‌സ്‌ഫോർഡിലേക്ക് പോകാനായി പാസ്‌പോർട്ട് അനുവദിക്കാൻ തടസം നേരിട്ടപ്പോൾ അദ്ദേഹം നെഹ്‌റുവിന് നേരിട്ട് കത്തെഴുതി. നെഹ്‌റു ഇർഫാൻ ഹബീബിനോട് ഡൽഹിയിലേക്ക് വരാൻ പറഞ്ഞു. അവിടെവച്ചു നെഹ്‌റുവിനോട് അദ്ദേഹം തന്റെ കമ്യൂണിസ്റ്റ് നിലപാടുകൾ തുറന്നുപറയുന്നു. കമ്യൂണിസ്റ്റുകൾ ഭരണഘടനാ ഭരണത്തിന് എതിരാണെന്ന് പറഞ്ഞ് നെഹ്‌റു അദ്ദേഹവുമായി തർക്കിച്ചു. പക്ഷേ ഇർഫാൻ ഹബീബ് ഇന്നും അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് ബന്ധം ഉറക്കെപ്പറയുന്നു. ഈ നിലപാടുറപ്പുകൾ തന്നെയാണ് അദ്ദേഹം മോദിയോടും കാട്ടുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെ ചരിത്രത്തിലുള്ള ഇടപെടലുകളെ രൂക്ഷമായി വിമശിച്ചുവരുന്നു. ചരിത്ര വസ്തുതകളെ അണിനിരത്തി അദ്ദേഹം സ്ഥാപിച്ചെടുക്കുന്നു, എങ്ങനെയാണ് നാസികൾ ജർമനിയിൽ ഉപയാഗിച്ച ആര്യൻ മേൽക്കോയ്മ വാദം ഇന്ത്യയിൽ ഹിന്ദുത്വവാദികൾ പകർത്തുന്നതെന്ന്. ഭരണകൂടം സൃഷ്ടിക്കുന്ന വ്യാജ ചരിത്രത്തെ ഉപമിക്കുന്നത് രാജ്യത്തെ ബാധിച്ച മാരക അസുഖത്തോടാണ്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ വെബ്‌സൈറ്റിൽനിന്ന് മുഗൾ സാമ്രാജ്യ ചരിത്രത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ, 1921ലെ മലബാർ കലാപത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷി പട്ടികയിൽ നിന്ന് മതവാദികൾ എന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോൾ, ടിപ്പുസുൽത്താനെ വർഗീയവാദിയായ മുസ്‌ലിം രാജാവാക്കി പാഠപുസ്തകങ്ങൾ മാറ്റിയെഴുതപ്പെടുമ്പോഴൊക്കെ ഇർഫാൻ ഹബീബിന്റെ ശബ്ദം ഉയർന്നു. പ്രത്യേകിച്ച് കേന്ദ്ര ഗവൺമെന്റ് വിദ്യാഭ്യാസരംഗത്ത് സമൂലമാറ്റം വരുത്തുന്നതിനായി കൊണ്ടുവന്ന ന്യൂ എജുക്കേഷൻ പോളിസി വഴി ചരിത്രത്തെ എങ്ങനെയാണ് തീവ്ര ദേശീയവാദികൾ ആയുധമാക്കാൻ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടൊക്കെത്തന്നെ ഹിന്ദുത്വശക്തികളുടെ കണ്ണിലെ ഒരു പ്രധാന കരടാണ് ഇദ്ദേഹം.
ആർ.എസ്.എസ് മുഖപത്രം ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര തുടങ്ങിയ ശ്രേണിയിൽപ്പെടുന്ന ചരിത്രകാരന്മാരെ ഒരിക്കൽ വിശേഷിപ്പിച്ചത് മാർക്‌സിന്റെയും മക്കാളെയുടെയും മദ്‌റസയുടെയും മക്കളാണ് ഇവരൊക്കെ എന്നാണ്. മുൻ കേന്ദ്രമന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി ഈ ചരിത്രകാരന്മാരെ വിളിച്ചത് ബൗദ്ധിക തീവ്രവാദികൾ എന്നാണ്. ഇവരാണത്രേ അതിർത്തിയിലെ തീവ്രവാദികളേക്കാൾ അപകടകരം. ഇവരിൽ ഇനിയും നിലക്കാത്ത രണ്ടു നാവുകൾ ഒന്ന് റൊമില ഥാപ്പറിന്റെയും മറ്റൊന്ന് ഇർഫാൻ ഹബീബിന്റെയുമാണ്.
തന്റെ സെക്കുലർ നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല. ജീവിതത്തിൽ ആദ്യമായി ഒരു മാർച്ചിൽ പങ്കെടുത്തത് 1948ൽ ഗാന്ധി വധത്തിൽ പ്രതിഷേധിച്ച് കൊണ്ട് അലിഗഡിൽ നടന്ന റാലിയിലാണ്. അത് കോൺഗ്രസുകാരും കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റുകളും ഉൾപ്പെട്ട റാലിയായിരുന്നു. ഇതേ നിലപാട് തന്നെ തീവ്രമതശക്തികൾക്കെതിരേ അദ്ദേഹം ഇന്നും തുടർന്നുപോരുന്നു.
മതമൗലികവാദികളെ അതിശക്തിയായി എതിർത്തുവരുന്ന ഇന്ത്യയെ സെക്കുലറിസം എന്താണെന്ന് പഠിപ്പിച്ചത് ഗാന്ധിജിയാണ്. ആധുനിക ഭാരതത്തിനുള്ള ഗാന്ധിയുടെ സംഭാവന എന്താണെന്ന് മനസിലാക്കണമെങ്കിൽ ഗാന്ധി വധത്തിന് നാല് ആഴ്ച മുൻപ് നടന്ന സംഭവങ്ങളെ വിലയിരുത്തിയാൽ മതി. ഗാന്ധി നിരാഹാരം അനുഷ്ഠിച്ചത് വർഗീയ കലാപങ്ങൾക്കെതിരേ മാത്രമല്ല, പാകിസ്താന് കൊടുക്കാൻ ബാക്കിയുണ്ടായിരുന്ന ഓഹരിയെച്ചൊല്ലികൂടിയായിരുന്നു. ഈ നിലപാടുകളാണ് പിന്നീട് ഇന്ത്യക്ക് മാതൃകയായത് എന്ന് ഇർഫാൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഖിലാഫത്ത് സമരവുമായി ഗാന്ധി സമരസപ്പെട്ടതിനെപ്പറ്റി അദ്ദേഹം അഭിപ്രായപ്പെടുന്നത് സാഹചര്യത്തിന്റെ ആവശ്യമായാണ്. ഗാന്ധി ജാതിവ്യവസ്ഥയെ തള്ളിക്കളഞ്ഞില്ല എന്ന വിമർശനത്തെ ഇദ്ദേഹം നോക്കിക്കാണുന്നത് മതം, ജാതി, ഭാഷ വ്യത്യാസങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ അണിനിരത്തുകയെന്ന വിശാല ലക്ഷ്യത്തിനിടക്ക് സമൂലമായ ഒരു മാറ്റം എളുപ്പമുള്ളതല്ല എന്നതാണ്.
ഇർഫാൻ ഹബീബ് അറിയപ്പെടുന്നത് കമ്യൂണിസ്റ്റ് ചരിത്രകാരനായാണ്. കഴിഞ്ഞ ദിവസവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പക്ഷേ, ചരിത്രകാരൻ എന്ന നിലയിൽ പല അഭിമുഖങ്ങളിലും അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇന്ത്യയിൽ സംഭവിച്ച തെറ്റുകളെ വിലയിരുത്താറുമുണ്ട്.
കേരളത്തിലെ വിവാദത്തിലേക്ക് വന്നാൽ, ആരിഫ് മുഹമ്മദ് ഖാൻ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചും മഹാത്മാഗാന്ധി, മൗലാനാ അബുൽ കലാം ആസാദ് എന്നിവരെ യോജിക്കാത്ത വിധത്തിൽ പരാമർശിച്ചും വർഗീയ നടപടികളെ പിന്തുണച്ചും സംസാരിച്ചത് കൊണ്ടാണ് പ്രതിഷേധങ്ങൾ ഉയർന്നത്. ചരിത്ര കോൺഗ്രസിൽ ഇന്ത്യയുടെ വിവിധ പ്രദേശത്തു നിന്നുള്ള സ്ത്രീ-പുരുഷ പ്രതിനിധികൾ ഉണ്ടായിരുന്നു. നിങ്ങൾ ഗാന്ധിജിയെ ഇല്ലാതാക്കിയ ഗോഡ്സെയെയാണ് ആസാദിനെയല്ല പരാമർശിക്കേണ്ടത് എന്ന് ഇർഫാൻ വേദിയിൽ വിളിച്ചു പറഞ്ഞതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുമപ്പുറമുള്ള ഗവർണറുടെ ആരോപണങ്ങൾക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തതിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. വർഗീയ പ്രൊപഗണ്ടകളെയും അഭിനവ മിത്തുകളെയും ചെറുക്കാൻ ചരിത്രത്തെ ആയുധമാക്കിയ ഈ ജ്ഞാനവൃദ്ധന്റെ സ്വരവും എഴുത്തും ഇന്നും പലരെയും അലോസരപ്പെടുത്തുന്നു എന്നു സാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."